IPL 2022 : ഡി കോക്കും ഹൂഡയും തിളങ്ങി; കൊല്‍ക്കത്തയ്‌ക്കെതിരെ ലഖ്‌നൗവിന് മാന്യമായ സ്‌കോര്‍

By Web Team  |  First Published May 7, 2022, 9:18 PM IST

അമ്പരിപ്പിക്കുന്ന തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. മികച്ച ഫോമിലുള്ള ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ ആദ്യ പന്ത് നേരിടുന്നതിന് മുമ്പ് പവലിയനിലെത്തിക്കാന്‍ കൊല്‍ക്കത്തയ്ക്കായി. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു രാഹുല്‍.


പൂനെ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ (LSG) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് (KKR) 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്നൗവിന് ക്വിന്റണ്‍ ഡി കോക്ക് (29 പന്തില്‍ 50), ദീപക് ഹൂഡ (27 പന്തില്‍ 41) എന്നിവരുടെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോര്‍ നല്‍കിയത്. ആന്ദ്രേ റസ്സില്‍ കൊല്‍ക്കത്തക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, കൊല്‍ക്കത്ത ഒരു മാറ്റം വരുത്തിയാണ് ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് ഉമേഷ് യാദവ് പുറത്തായി. ഹര്‍ഷിത് റാണ ടീമിലെത്തി. ലഖ്‌നൗ ഒരു മാറ്റം വരുത്തി. കൃഷ്ണപ്പ ഗൗതമിന് പകരം ആവേഷ് ഖാന്‍ ടീമിലെത്തി. 

അമ്പരിപ്പിക്കുന്ന തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. മികച്ച ഫോമിലുള്ള ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ ആദ്യ പന്ത് നേരിടുന്നതിന് മുമ്പ് പവലിയനിലെത്തിക്കാന്‍ കൊല്‍ക്കത്തയ്ക്കായി. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു രാഹുല്‍. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡി കോക്ക്- ഹൂഡ സഖ്യം 71 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഡി കോക്ക് മടങ്ങിയതോടെ റണ്‍നിരക്ക് കുറഞ്ഞു. സുനില്‍ നരെയ്‌ന്റെ പന്തില്‍ ലോങ് ഓഫി ശിവം മാവിക്ക് ക്യാച്ച്. 

Latest Videos

വൈകാതെ ഹൂഡ പവലിയനില്‍ തിരിച്ചെത്തി. റസ്സലിന്റെ പന്തില്‍ ശ്രേയസിന് ക്യാച്ച്. ക്രുനാല്‍ പാണ്ഡ്യയേയും (25) മടക്കി റസ്സല്‍ തന്റെ രണ്ടാം വിക്കറ്റ് നേടി. 14 പന്തില്‍ 28 റണ്‍സ് നേടിയ മാര്‍കസ് സ്റ്റോയിനിസ് വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. അവസാന ഓവറില്‍ ജേസണ്‍ ഹോള്‍ഡറുടെ (നാല് പന്തില്‍ 13) രണ്ട് സിക്‌സ് കൂടിയായപ്പോള്‍ സ്‌കോര്‍ 175 കടന്നു. ആയുഷ് ബദോനി (17 പന്തില്‍ 15) പുറത്താവാതെ നിന്നു. അവസാന പന്തില്‍ ദുഷ്മന്ത് ചമീര (0) റണ്ണൗട്ടായി. 

ഇന്ന് ജയിച്ചാല്‍ ലഖ്‌നൗവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരമുണ്ട്. നിലവില്‍ 10 മത്സരങ്ങളില്‍ 14 പോയിന്റുള്ള ലഖ്‌നൗ രണ്ടാമതാണ്. കൊല്‍ക്കത്ത എട്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ഇന്ന് ജയിക്കാനായില്ലെങ്കില്‍ കൊല്‍ക്കത്തയുടെ പ്ലേഓഫ് സാധ്യധകള്‍ക്ക് മങ്ങലേല്‍ക്കും.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, ആവേഷ് ഖാന്‍, മുഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ബാബ ഇന്ദ്രജിത്ത്, ആരോണ്‍ ഫിഞ്ച്, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, സുനില്‍ നരെയ്ന്‍, അനുകൂല്‍ റോയ്, ആന്ദ്രേ റസ്സല്‍, ഉമേഷ് യാദവ്, ടിം സൗത്തി, ശിവം മാവി.

click me!