സഞ്ജുവിന് കൂടുതല്‍ അവസരം ലഭിച്ചില്ല! തുറന്നുസമ്മതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍

By Web Team  |  First Published Dec 22, 2023, 1:32 PM IST

ഏകദിനത്തില്‍ സഞ്ജുവിന്റെ പതിനാറാം ഇന്നിംഗ്‌സായിരുന്നു ഇന്നലത്തേത്. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നെങ്കിലും ഇതുവരെ ചുരുക്കം ഏകദിനങ്ങള്‍ മാത്രമാണ് സഞ്ജു കളിച്ചത്.


പാള്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മത്സരത്തിലെ താരമായി സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായിട്ടും 108 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതാണ് സഞ്ജുവിന് ഗുണമായത്. ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ സെഞ്ചുറി (108) കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയിരുന്നു. മുന്‍നിര തകര്‍ന്നപ്പോഴും മൂന്നാമനായി ബാറ്റിംഗിനെത്തിയ സഞ്ജു ഉത്തരവാദിത്തത്തോടെ ബാറ്റ് വീശി. രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

ഏകദിനത്തില്‍ സഞ്ജുവിന്റെ പതിനാറാം ഇന്നിംഗ്‌സായിരുന്നു ഇന്നലത്തേത്. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നെങ്കിലും ഇതുവരെ ചുരുക്കം ഏകദിനങ്ങള്‍ മാത്രമാണ് സഞ്ജു കളിച്ചത്. അതിനെ കുറിച്ച് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പറയുകയും ചെയ്തു. ക്യാപ്റ്റന്റെ വാക്കുകള്‍... ''ഐപിഎല്ലില്‍ സഞ്ജു ഒരു മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാറുണ്ട്. എന്നാല്‍ ദേശീയ ടീമിലെത്തുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ പല കാരണങ്ങളാല്‍ ടോപ് ഓര്‍ഡറില്‍ സ്ഥാനം ലഭിക്കാറില്ല. ധാരാളം അവസരങ്ങളും ലഭിച്ചില്ല, പക്ഷേ ഇന്ന് അവന്‍ നന്നായി കളിച്ചത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്.'' രാഹുല്‍ പറഞ്ഞു. 

Latest Videos

ഇന്ത്യന്‍ ടീമിനെ കുറിച്ചും രാഹുല്‍ സംസാരിച്ചു. ''ഇന്ത്യന്‍ നിരയില്‍ മികച്ച താരങ്ങളുണ്ട്. പക്ഷേ അവരില്‍ കുറച്ചുപേര്‍ അന്താരാഷ്ട്ര തലത്തില്‍ കളിച്ചിട്ടില്ല, അതിനാല്‍ അവര്‍ക്ക് പൊരുത്തപ്പെടാന്‍ കുറച്ച് സമയം നല്‍കണം. അവരെല്ലാം അവരുടെ 100% നല്‍കി. അതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല. നിരാശാജനകമായ ലോകകപ്പിന് ശേഷം ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തിയതില്‍ സന്തോഷം. ടീമിലെ താരങ്ങള്‍ക്കൊപ്പം ഐപിഎല്‍ കളിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇറങ്ങി അവരോടൊപ്പം കളിക്കുന്നതില്‍ സന്തോഷമുണ്ട്. സാധാരണയായി ഞാന്‍ കൊടുക്കുന്ന നിര്‍ദേശം എപ്പോഴും ഗെയിം ആസ്വദിക്കുക എന്നുള്ളതാണ്. നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കുക, ബാക്കിയുള്ളവയെക്കുറിച്ച് വിഷമിക്കേണ്ടതില്ല.'' രാഹുല്‍ വ്യക്തമാക്കി.

മസിലുരട്ടി സഞ്ജു സാംസണ്‍! സ്‌പെഷ്യല്‍ സെഞ്ചുറി ആഘോഷം; സൂപ്പര്‍ മാനെന്ന് സോഷ്യല്‍ മീഡിയ - വീഡിയോ

click me!