പാകിസ്ഥാനെതിരെ പരമദയനീയം, ബിഗ് മാച്ചുകളില്‍ സ്ഥിരം തോല്‍വി; കെ എല്‍ രാഹുലിന് വിമര്‍ശനം

By Jomit Jose  |  First Published Oct 24, 2022, 8:27 AM IST

ലോകകപ്പായാലും ഏഷ്യാ കപ്പായാലും ഐപിഎല്ലിലായാലും പ്രധാന മത്സരങ്ങളെത്തുമ്പോൾ കെ എൽ രാഹുൽ അതിവേഗം പവലിയനിലെത്തുന്നതാണ് സമീപകാല കാഴ്‌ച


മെല്‍ബണ്‍: വലിയ മത്സരങ്ങളിൽ കെ എൽ രാഹുൽ പരാജയപ്പെടുന്നത് തുടർക്കഥയാവുകയാണ്. ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ എട്ട് പന്ത് നേരിട്ട് നാല് റൺസ് മാത്രമെടുത്ത് ഓപ്പണറായ രാഹുൽ മടങ്ങുകയായിരുന്നു. പാകിസ്ഥാനെതിരെ ഒരിക്കൽ കൂടി പരാജയപ്പെട്ടതോടെ സാമൂഹികമാധ്യമങ്ങളിലെങ്ങും കെ എൽ രാഹുലിന് രൂക്ഷവിമർശനമാണ്.

ലോകകപ്പായാലും ഏഷ്യാ കപ്പായാലും ഐപിഎല്ലിലായാലും പ്രധാന മത്സരങ്ങളെത്തുമ്പോൾ കെ എൽ രാഹുൽ അതിവേഗം പവലിയനിലെത്തുന്നതാണ് സമീപകാല കാഴ്‌ച. കഴിഞ്ഞ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ രാഹുൽ സൂപ്പർ ഓവറിൽ 28ന് തിരിച്ചുകയറി. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പിൽ പാകിസ്ഥാനെ നേരിട്ടപ്പോൾ മൂന്ന് റൺസായിരുന്നു രാഹുലിന്‍റെ സമ്പാദ്യം. പാകിസ്ഥാനെതിരെ 6 മത്സരങ്ങളിൽ വെറും 63 റൺസാണ് കെ എൽ രാഹുൽ ഇതുവരെ നേടിയിട്ടുള്ളത്. കഴിഞ്ഞ ഏകദിന ലോകകപ്പിന്‍റെ സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ ഒരു റൺസിന് രാഹുൽ കൂടാരംകയറി. ഐപിഎല്ലിലെ പ്ലേഓഫിലും ഫൈനലിലുമടക്കം ഒരു അർധ സെഞ്ചുറി നേടിയതൊഴിച്ചാൽ പ്രധാനമത്സരങ്ങളിൽ മോശം റെക്കോർഡാണ് രാഹുലിനുള്ളത്.  

Latest Videos

undefined

ഇക്കുറി ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍-12 ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ വിരാട് കോലിയുടെ കരുത്തിൽ പാകിസ്ഥാനെ മറികടന്നെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രകടനത്തിൽ തിരുത്തലുകൾ വേണ്ടിവരുമെന്നാണ് ഉയരുന്ന വിമർശനം. കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ഓപ്പണിംഗില്‍ വരും മത്സരങ്ങളില്‍ മികവിലേക്കെത്തേണ്ടതുണ്ട്. 

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ടി20 ലോകകപ്പ് പോരാട്ടത്തില്‍ നാല് വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ പാകിസ്ഥാനെ മറികടന്നത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി ടീം ഇന്ത്യ നേടി. മൂന്നാമനായി ക്രീസിലെത്തിയ കോലി 53 പന്തില്‍ 82 റണ്‍സെടുത്ത് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. അവസാന പന്തില്‍ രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ വിജയറണ്‍ നേടിയത്. 37 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും നിര്‍ണായകമായി. മൂന്ന് വീതം വിക്കറ്റുമായി അര്‍ഷ്‌ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും ബൗളിംഗിലും തിളങ്ങി. 

ടീം ഇന്ത്യ പടിക്ക് പുറത്ത്; ട്വന്‍റി 20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് റോബിൻ ഉത്തപ്പ

click me!