മുംബൈക്കെതിരെ ഒരിക്കലും കളിക്കില്ല,ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പൊള്ളാര്‍ഡ്; ഇനി പുതിയ റോളില്‍

By Gopala krishnan  |  First Published Nov 15, 2022, 2:14 PM IST

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശതാരമായാണ് പൊള്ളാര്‍ഡ് ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുന്നത് . 189 മത്സരങ്ങളാണ് ഐപിഎല്ലില്‍ പൊള്ളാര്‍ഡ് കളിച്ചത്. കഴിഞ്ഞ 13 വര്‍ഷവും മുംബൈ മധ്യനിരയുടെ നെടുന്തൂണായും മീഡിയം പേസറായും പൊള്ളാര്‍‍ഡുണ്ടായിരുന്നു.


മുംബൈ: ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ് താരമായ കെയ്റോണ്‍ പൊള്ളാര്‍ഡ്. ഐപിഎല്‍ പതിനാറാം സീസണായുള്ള മിനി താരലേലത്തിന് മുമ്പ് പൊള്ളാര്‍ഡിനെ മുംബൈ നിലനിര്‍ത്തിയേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊള്ളാര്‍ഡിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. മുംബൈ ഇന്ത്യന്‍സിന് തലമുറമാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നുവെന്നും മുംബൈ കുപ്പായത്തില്‍ കളിക്കാനായില്ലെങ്കില്‍ അവര്‍ക്കെതിരെ ഒരിക്കലും കളിക്കാന്‍ തനിക്ക് കഴിയില്ല എന്നതിനാലാണ് ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതെന്നും പൊള്ളാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കില്ലെങ്കിലും അടുത്ത സീസണില്‍ അവരുടെ ബാറ്റിംഗ് പരിശീലകനായി താനുണ്ടാവുമെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശതാരമായാണ് പൊള്ളാര്‍ഡ് 13 വര്‍ഷം നീണ്ട ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുന്നത് . 189 മത്സരങ്ങളാണ് ഐപിഎല്ലില്‍ പൊള്ളാര്‍ഡ് കളിച്ചത്. കഴിഞ്ഞ 13 വര്‍ഷവും മുംബൈ മധ്യനിരയുടെ നെടുന്തൂണായും നിര്‍ണായക ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന മീഡിയം പേസറായും പൊള്ളാര്‍‍ഡുണ്ടായിരുന്നു.

Latest Videos

മുംബൈ താരങ്ങളായിരുന്ന ക്രുനാല്‍ പാണ്ഡ്യയെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും മെന്‍റര്‍ ചെയ്തത് പൊള്ളാര്‍ഡായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പൊള്ളാര്‍ഡിന് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ കുപ്പായത്തില്‍ തിളങ്ങാനായിരുന്നില്ല. 11 മത്സരങ്ങളില്‍ മുബൈക്കായി കളിച്ച പൊള്ളാര്‍ഡിന് 134 പന്തില്‍ 144 റണ്‍സെ നേടാനായുള്ളു. 25 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍.

💙 pic.twitter.com/4mDVKT3eu6

— Kieron Pollard (@KieronPollard55)

2009ലെ ചാമ്പ്യന്‍സ് ലീഗ് ടി20യിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ 2010ലാണ് പൊള്ളാര്‍ഡ് ഐപിഎല്ലിന്‍റെ ഭാഗമാകുന്നത്. നാലു ടീമുകള്‍ പൊള്ളാര്‍ഡിനായി ശക്തമായി മത്സരരംഗത്തുവന്നതോടെ ടൈ ബ്രേക്കറിലൂടെയാണ് പൊള്ളാര്‍ഡിനെ മുംബൈ ലേലത്തില്‍ പിടിച്ചത്. പിന്നീട് ഒരിക്കലും മുബൈക്കല്ലാതെ മറ്റൊരു ടീമിനായും പൊള്ളാര്‍ഡ് കളിച്ചിട്ടില്ല.

ഐസിസി ട്രോഫികള്‍ കിട്ടാക്കനി! എം എസ് ധോണിയെ തിരിച്ചെത്തിക്കാന്‍ ബിസിസിഐ; ദ്രാവിഡ് പുറത്തേക്ക്?

മുംബൈ കുപ്പായത്തില്‍ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയ പൊള്ളാര്‍ഡ് 189 മത്സരങ്ങളില്‍ 147.32 പ്രഹരശേഷിയില്‍ 3412 റണ്‍സും 69 വിക്കറ്റും നേടി. കഴിഞ്ഞ രണ്ട് സീസണുകളില്‍ രോഹിത് ശര്‍മക്ക് കളിക്കാന്‍ കഴിയാത്ത മത്സരങ്ങളില്‍ മുംബൈയെ നയിച്ചത് പൊള്ളാര്‍ഡായിരുന്നു.

ഐപിഎല്‍ ലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരുടെയും ഒഴിവാക്കുന്ന കളിക്കാരുടെയും പട്ടിക നല്‍കാനുള്ള അവസാന തീയതി ഇന്നാണ്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുള്ള ഒരേയൊരു ടീമായ മുംബൈ കഴിഞ്ഞ സീസണില്‍ പോയന്‍റ് പട്ടികയില്‍ പത്താമതായാണ് ഫിനിഷ് ചെയ്തത്.

click me!