മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

By Web TeamFirst Published Oct 4, 2024, 10:44 PM IST
Highlights

ക്രിക്കറ്റിനോടുള്ള താല്‍പര്യം കാരണം പ്രവാസജീവിതം അവസാനിപ്പിച്ചാണ് ഇനാന്റെ കുടുംബം നാട്ടിലേക്ക് തിരിക്കുന്നത്.

ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍, മിന്നു മണി, സജന സജീവന്‍... എന്നിങ്ങനെ നീളുന്നു അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച മലയാളി താരങ്ങളുടെ നിര. അക്കൂട്ടത്തിലേക്ക് ഒരു കൗമാരതാരം കൂടി നടന്നുചെല്ലുകയാണ്. തൃശൂര്‍ക്കാരന്‍ മുഹമ്മദ് ഇനാന്‍. ഓസ്ട്രേലിയക്കെതിരായ അണ്ടര്‍ 19 ക്രിക്കറ്റ് പരമ്പരയില്‍ മികച്ച പ്രകടനവുമായിട്ടാണ് ഇനാന്‍ വരവറിയിച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് പതിനഞ്ച് വിക്കറ്റാണ് ലെഗ് സ്പിന്നര്‍ സ്വന്തമാക്കിയത്. ചെന്നൈ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഇനാന്‍ രണ്ട് ഏകദിനങ്ങളില്‍ ആറ് വിക്കറ്റും സ്വന്തമാക്കി.

ക്രിക്കറ്റിനോടുള്ള താല്‍പര്യം കാരണം പ്രവാസജീവിതം അവസാനിപ്പിച്ചാണ് ഇനാന്റെ കുടുംബം നാട്ടിലേക്ക് തിരിക്കുന്നത്. പിതാവ് ഷാനവാസ് മൊയ്തൂട്ടി ചെറുപ്രായത്തില്‍ തന്നെ ഇനാനെ ഷാര്‍ജയില്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ത്തിരുന്നു. പന്ത്രണ്ടാം വയസ്സില്‍ ഇനാന്റെ ബൗളിംഗ് മികവ് ആദ്യം തിരിച്ചറിഞ്ഞത് പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ സഖ്ലൈന്‍ മുഷ്താഖ്. പരിശീലന ക്യാംപില്‍ സഖ്ലൈന്‍ നല്‍കിയത് ഒറ്റഉപദേശം മാത്രം. സ്വാഭാവികമായ ബൗളിംഗ് ആക്ഷനില്‍ ഒരിക്കലും മാറ്റം വരുത്തരുത്. 

Latest Videos

പരിശീലനം തുടങ്ങിയ കാലത്ത് പ്രതിഭ തിരിച്ചറിഞ്ഞ പരിശീലകന്‍ പരഞ്ജിത്താണ് ഇനാന്റെ ജീവിതം മാറ്റിമറിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള പരിശീലനം ലഭിച്ചാല്‍ കരിയറില്‍ നേട്ടമുണ്ടാകുമെന്ന് പരഞ്ജിത്, ഇനാന്റെ പിതാവിനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. ഇതോടെ പ്രവാസജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക്. പിന്നാലെ അണ്ടര്‍ 14 കേരള ടീമില്‍ അംഗമായി. കൂച്ച് ബിഹാര്‍ ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറന്നു. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ കേരളത്തിനായി 24 വിക്കറ്റ് വീഴ്ത്തിയ മികവ്. രാജസ്ഥാനെതിരെ 32 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ ഇനാന്‍ പുറത്താവാതെ 83 റണ്‍സുമെടുത്തു. 

കേരള വര്‍മ്മ കോളേജിലെ ഒന്നാംവര്‍ഷ ബി കോം വിദ്യാര്‍ഥിയായ ഇനാന്‍ ആത്രേയ ക്രിക്കറ്റ് അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം ബ്ലൂ ടൈഗേഴ്സിനായും പന്തെറിഞ്ഞു. അണ്ടര്‍ 19 ടീമില്‍ ഇടം നേടുകയെന്നത് സ്വപ്നമായിരുന്നുവെങ്കിലും ടീമിലിടം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇനാന്‍ നേരത്തെ പറഞ്ഞിരുന്നു. ഓള്‍റൗണ്ടറായ ഇനാന്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാനും മിടുക്കനാണ്. രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ തിളങ്ങാനാവുമെന്നാണ് യുവതാരത്തിന്റെ പ്രതീക്ഷ.

click me!