55 റണ്‍സെടുത്ത രോഹൻ കുന്നുമ്മലിന്റെയും ബാബാ അപരാജിതിന്റെയും വിക്കറ്റുകളാണ് കേരളത്തിന് ആദ്യദിനം നഷ്ടമായത്.
ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട്. 51 റണ്‍സോടെ അക്ഷയ് ചന്ദ്രനും 24 റണ്‍സുമായി ക്യാപ്റ്റൻ സച്ചിന് ബേബിയും ക്രീസില്‍. 55 റണ്‍സെടുത്ത രോഹൻ കുന്നുമ്മലിന്റെയും ബാബാ അപരാജിതിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കനത്ത മൂടല്‍ മഞ്ഞ് മൂലം കാഴ്ച പരിധി കുറഞ്ഞതിനാല്‍ ആദ്യ സെഷനില്‍ മത്സരം പൂര്‍ണമായും തടസപ്പെട്ടിരുന്നു.
ഹരിയായുടെ ഹോം ഗ്രൗണ്ടായ ലാഹ്ലി, ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരത്തിന് ബാബ അപരാജിതിന്റെ വിക്കറ്റാണ് ആദ്യം (0) നഷ്ടമായത്. അന്‍ഷൂല്‍ കാംബോജിന്റെ പന്തില്‍ കപില്‍ ഹൂഡയ്ക്ക് ക്യാച്ച് നല്‍കിയാണ് അപരാജിത് മടങ്ങിയത്. പിന്നാലെ അക്ഷയ് ചന്ദ്രനും രോഹന് കുന്നുമ്മലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ കേരളത്തെ 91 റണ്‍സിലെത്തിച്ചു. 102 പന്തില്‍ 55 റണ്‍സെടുത്ത രോഹന് കുന്നുമ്മലിനെ അന്‍ഷുല്‍ കാംബോജ് തന്നെ പുറത്താക്കി. പിന്നീടെത്തിയ ക്യാപ്റ്റന്‍ സച്ചിന് ബേബി അക്ഷയ് ചന്ദ്രന് മികച്ച കൂട്ടായതോടെ കേരളം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ ദിനം 138ല്‍ എത്തി. മൂന്നാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രന്-സച്ചിന് ബേബി സഖ്യം ഇതുവരെ 47 റണ്‍സെടുത്തിട്ടുണ്ട്.
undefined
ഉത്തര്‍ പ്രദേശിനെ വീഴ്ത്തിയ ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് കേരളം ഇന്നിറങ്ങിയത്. വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വാതെ, കെ എം ആസിഫ് എന്നിവര്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ എന്‍ പി ബേസില്‍, ഷോണ്‍ റോജര്‍, നിതീഷ് എംഡി എന്നിവര്‍ ടീമിലെത്തി.ഗ്രൂപ്പ് സിയില്‍ ഹരിയാന ഒന്നാമതും കേരളം രണ്ടാം സ്ഥാനത്തുമാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹരിയാനയ്ക്ക് 19 പോയന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 15 പോയിന്റുമായിട്ടാണ് കേരളം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ട് ജയവും രണ്ട് സമനിലകളുമാണ് ഇരു ടീമുകളുടേയും അക്കൗണ്ടില്‍. ഈ മത്സരം ജയിക്കാനായാല്‍ പിന്നീട് കേരളത്തിന് നേരിടാനുള്ളത് മധ്യ പ്രേദേശിനേയും ബിഹാറിനേയുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക