സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഇന്ന് കിരീടപ്പോര്! എതിര്‍വശത്ത് ബംഗാള്‍, മത്സരം കാണാന്‍ ഈ വഴികള്‍

By Web Desk  |  First Published Dec 31, 2024, 2:43 PM IST

എട്ടുഗോള്‍ വീതം നേടിയ നസീബ് റഹ്മാന്റെയും മുഹമ്മദ് അജ്‌സലിന്റെയും അഞ്ച് ഗോള്‍ നേടിയ ഇ സജീഷിന്റെയും സ്‌കോറിംഗ് മികവില്‍ ആണ് കേരളത്തിന്റെ മുന്നേറ്റം.


ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ഇന്ന് കിരീടപ്പോരാട്ടം. കേരളം ഫൈനലില്‍ ബംഗാളിനെ നേരിടും. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് ഫൈനല്‍ തുടങ്ങുക. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ജി സഞ്ജുവും സംഘവും ഇറങ്ങുന്നത്. 32 തവണ ചാംപ്യന്‍മാരായ ബംഗാളിന് എതിരെയാണ് മത്സരം. ഡിഡി സ്‌പോര്‍ട്‌സില്‍ മത്സരം ലൈവായി കാണാം. കേരളവും ബംഗാളും കിരീപ്പോരില്‍ മുഖാമുഖം അണിനിരക്കുന്നത് യോഗ്യതാ റൗണ്ടില്‍ ഉള്‍പ്പടെ ഒറ്റക്കളിയും തോല്‍ക്കാതെ. പത്ത് മത്സരങ്ങളില്‍ ഒന്‍പതിലും ജയം, ഒരു സമനില. മുപ്പത്തിയഞ്ച് ഗോള്‍ അടിച്ചുകൂട്ടിയാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശം. ബംഗാള്‍ നേടിയത് ഇരുപത്തിയേഴ് ഗോള്‍. 11 ഗോളുമായി ടോപ് സ്‌കോറായ ബംഗാളിന്റെ റോബി ഹാന്‍സ്ഡയെ പിടിച്ചുകെട്ടുകയാവും കേരളത്തിന്റെ വെല്ലുവിളി.

എട്ടുഗോള്‍ വീതം നേടിയ നസീബ് റഹ്മാന്റെയും മുഹമ്മദ് അജ്‌സലിന്റെയും അഞ്ച് ഗോള്‍ നേടിയ ഇ സജീഷിന്റെയും സ്‌കോറിംഗ് മികവില്‍ ആണ് കേരളത്തിന്റെ മുന്നേറ്റം. പകരക്കാരനായി ഇറങ്ങി സെമിയില്‍ ഹാട്രിക് നേടിയ മുഹമ്മദ് റോഷലും കേരളത്തിന്റെ പ്രതീക്ഷ. സെമിയില്‍ കേരളം ഒന്നിനെതിരെ അഞ്ച് ഗോളിന് മണിപ്പൂരിനെ തകര്‍ത്തപ്പോള്‍ ബംഗാള്‍, നിലവിലെ ചാംപ്യന്‍മാരായ സര്‍വീസസിനെ മറികടന്നത് രണ്ടിനെതിരെ നാല് ഗോളിന്. നാല്‍പ്പത്തിയേഴാം ഫൈനലിനിറങ്ങുന്ന ബംഗാളും പതിനാറാം ഫൈനലിനിറങ്ങുന്ന കേരളവും സന്തോഷ് ട്രോഫിയില്‍ നേര്‍ക്കുനേര്‍ വരുന്ന മുപ്പത്തിരണ്ടാം മത്സരമാണിത്. കേരളം ഒന്‍പത് മത്സരങ്ങളിലും ബംഗാള്‍ പതിനഞ്ച് മത്സരങ്ങളിലും ജയിച്ചു. എട്ട് മത്സരം സമനിലയില്‍. 2018ലും 2022ലും കേരളം ചാപ്യന്‍മാരായത് ഫൈനലില്‍ ബംഗാളിനെ തോല്‍പിച്ച്.
 
കേരളം ഒരുങ്ങിയെന്ന് ക്യാപ്റ്റന്‍ സഞ്ജു

Latest Videos

സന്തോഷ് ട്രോഫി ഫൈനലിന് കേരളം ഒരുങ്ങി കഴിഞ്ഞുവെന്ന് ക്യാപ്റ്റന്‍ ജി സഞ്ജു. ഈയൊരു മത്സരത്തിനു വേണ്ടിയാണ് ടീം ആദ്യം മുതല്‍ ആഗ്രഹിച്ചതെന്നും സന്തോഷ് ട്രോഫി നേടി മലയാളികള്‍ക്ക് ന്യൂ ഇയര്‍ സമ്മാനം നല്‍കാമെന്ന് പ്രതീക്ഷയുണ്ടെന്നും ജി സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാ മത്സരങ്ങളിലും ഗോള്‍ നേടാന്‍ കഴിയുന്നത് ആത്മവിശ്വാസം കൂട്ടുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

click me!