മുഷ്താഖ് അലി ട്രോഫി: സഞ്ജു സാംസണ് വീണ്ടും നിരാശ, ആന്ധ്രക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

By Web Team  |  First Published Dec 3, 2024, 11:42 AM IST

നേരത്തെ കേരളത്തിനെതിരെ ടോസ് നേടിയ ആന്ധ്ര ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു.


ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്രക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോൾ എട്ടോവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെന്ന നിലയിലാണ്. 24 റണ്‍സുമായി ജലജ് സക്സേനയും ഒരു റണ്ണുമായി വിഷ്ണു വിനോദും ക്രീസില്‍.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും ചേര്‍ന്നാണ് കേരളത്തിന്‍റെ ഇന്നിംഗ്സ് തുടങ്ങിയത്. ആന്ധ്ര പേസര്‍ സ്റ്റീഫന്‍റെ ആദ്യ ഓവറില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്ന സഞ്ജു പിന്നീട് ഒരു ബൗണ്ടറി നേടി പ്രതീക്ഷ നല്‍കി.

Latest Videos

undefined

അണ്ട‍ർ 19 ഏഷ്യാ കപ്പ്: ആവേശം അൽപ്പം കൂടിപ്പോയി, വിക്കറ്റ് ആഘോഷത്തിനിടെ നേപ്പാൾ താരത്തിന് പരിക്ക്

നാലാം ഓവറിലെ രണ്ടാം പന്തില്‍ രോഹന്‍ കുന്നുമല്ലിനെ(9) നഷ്ടമാകുമ്പോള്‍ കേരളം 17 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു.  മൂന്നാം നമ്പറിലിറങ്ങിയ ജലജ് സക്സേന തകര്‍ത്തടിച്ചെങ്കിലും പവര്‍ പ്ലേയിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവിനെയും(12 പന്തില്‍ 7), രണ്ടാം പന്തില്‍ മുഹമ്മദ് അസറുദ്ദീനെയും(0) മടക്കിയ ശശികാന്ത് കേരളത്തിന് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ കേരളം തകര്‍ച്ചയിലായി. സല്‍മാന്‍ നിസാറും ജലജ് സക്സേനയും തമ്മിലുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും മൂന്ന് റണ്ണെടുത്ത സല്‍മാന്‍ നിസാറിനെ വീഴ്ത്തി സുദര്‍ശന്‍ കേരളത്തെ ബാക്ക് ഫൂട്ടിലാക്കി.

നേരത്തെ കേരളത്തിനെതിരെ ടോസ് നേടിയ ആന്ധ്ര ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഗോവക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇന്നിറങ്ങുന്നത്. പേസര്‍ ബേസില്‍ തമ്പിക്ക് പകരം വിനോദ്കുമാര്‍ സിവി കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

ഇന്ന് ആന്ധ്രയെ വീഴ്ത്തിയാല്‍ ഗ്രൂപ്പില്‍ കേരളത്തിന് ഒന്നാം സ്ഥാനത്തെത്താനാവും. ഇതുവരെ കളിച്ച നാലു കളികളും ജയിച്ചാണ് കേരളവും മുംബൈയും അടങ്ങുന്ന ഗ്രൂപ്പ് ഇയില്‍ ആന്ധ്ര ഒന്നാം സ്ഥാനത്ത് എത്തിയത്. 16 പോയന്‍റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് ആന്ധ്ര കേരളത്തെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

കേരളത്തിന്‍റെ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസണ്‍, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്, ജലജ് സക്സേന, മിഥുന്‍ എസ്, വിനോദ് കുമാര്‍ സിവി, ഷറഫുദ്ദീന്‍, എം ഡി നിധീഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!