രഞ്ജി ട്രോഫി: കൂറ്റന്‍ ജയം നേടിയിട്ടും കേരളത്തിന് ഒന്നാം സ്ഥാനമില്ല! തിരിച്ചടിയായത് പഞ്ചാബിന്‍റെ തോല്‍വി

By Web Team  |  First Published Nov 9, 2024, 6:00 PM IST

നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി മധ്യപ്രദേശ് മൂന്നാം സ്ഥാനത്തുണ്ട്.


തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ് സിയില്‍ ഉത്തര്‍ പ്രദേശിനെതിരെ കൂറ്റന്‍ ജയം നേടിയിട്ടും കേരളം രണ്ടാം സ്ഥാനത്ത് തന്നെ. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്സിനും 117 റണ്‍സിനുമാണ് കേരളം ജയിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ യുപിയുടെ 162 റണ്‍സിനെതിരെ കേരളം 233 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. സല്‍മാന്‍ നിസാറാണ് (93), സച്ചിന്‍ ബേബി (83) എന്നിവരുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ കേരളം 365 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച യുപി 116ന് എല്ലാവരും പുറത്തായി. രണ്ട് ഇന്നിംഗ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനാണ് കേരളത്തിന് ജയമൊരുക്കിയത്.

എന്നിട്ടും കേരളത്തിന് ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ സാധിച്ചില്ല. നാല് മത്സരം പൂര്‍ത്തിയാക്കിയ കേരളത്തിന് 15 പോയിന്റാണുള്ളത്. രണ്ട് ജയവും രണ്ട് സമനിലകളും അക്കൗണ്ടില്‍. ഹരിയാനയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. പഞ്ചാബിനെതിരെ 37 റണ്‍സിന് അപ്രതീക്ഷിത ജയം നേടിയതോടെ ഹരിയാന പോയിന്റ് പട്ടികയില്‍ 19 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഹരിയാനയെ 114 റണ്‍സിന് എറിഞ്ഞിട്ട പഞ്ചാബ് ബൗളര്‍മാര്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്‌സ് 141 റണ്‍സില്‍ അവസാനിപ്പിച്ച ഹരിയാന തിരിച്ചടിച്ചു. കൂറ്റന്‍ ലീഡ് വഴങ്ങാതിരുന്ന ഹരിയാന രണ്ടാം ഇന്നിംഗ്‌സില്‍ 243 റണ്‍സടിച്ചപ്പോള്‍ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് 179 റണ്‍സിന് ഓള്‍ ഔട്ടായി 37 റണ്‍സിന്റെ തോല്‍വി വഴങ്ങി.

Latest Videos

നാളെ രണ്ടാം ടി20! ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമെങ്കിലും ഉറപ്പ്; യുവ പേസര്‍ അരങ്ങേറിയേക്കും, സഞ്ജു തുടരും

നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി മധ്യപ്രദേശ് മൂന്നാം സ്ഥാനത്തുണ്ട്. ഇത്രയും തന്നെ പോയിന്റുള്ള കര്‍ണാടക നാലാം സ്ഥാനത്തും. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാക നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നാല് മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ബംഗാള്‍ അഞ്ചാം സ്ഥാനത്താണ്. ഉത്തര്‍ പ്രദേശ് (5), പഞ്ചാബ് (4), ബിഹാര്‍ (1) എന്നിവര്‍ അവസാന മൂന്ന് സ്ഥാനങ്ങളില്‍. കേരളത്തിന് ഇനി ഒന്നാം സ്ഥാനക്കാരായ ഹരിയാനക്കെതിരെ മത്സരം ബാക്കിയുണ്ട്. ഈമാസം 13നാണ് മത്സരം. ജനുവരി 23നാണ് കേരളത്തിന്റെ അടുത്ത മത്സരം. അന്ന് കേരളം, മധ്യപ്രദേശിനെ നേരിടും. ജനുവരി 30ന് ബിഹാറിനേയും കേരളം നേരിടും.

click me!