നിധീഷിന് അഞ്ച് വിക്കറ്റ്! രഞ്ജിയില്‍ ജമ്മു കശ്മീരിനെ വിനെ വിറപ്പിച്ച് കേരളം

ജമ്മുവിന് ഓപ്പണര്‍മാരായ ശുഭം ഖജൂരിയയും യാവര്‍ ഹസനും ചേര്‍ന്ന് മോശം തുടക്കമാണ് നല്‍കിയത്.


പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്‌കോറിലേക്ക്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ജമ്മു ഒന്നാം ദിനം അവസാനിക്കുമ്പോള്‍ എട്ടിന് 228 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് നേടിയ എം ഡി നിധീഷാണ് ജമ്മുവിനെ തകര്‍ത്തത്. ഒരാള്‍ക്ക് പോലും അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചില്ല. കനയ്യ വധാവന്‍ (48), നാസിര്‍ മുസഫര്‍ (44) എന്നിവര്‍ മാത്രമാണ് ജമ്മു നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. യുധ്‌വിര്‍ സിംഗ് (17), നബി ദാര്‍ (5) എന്നിവരാണ് ക്രീസില്‍.  

ജമ്മുവിന് ഓപ്പണര്‍മാരായ ശുഭം ഖജൂരിയയും യാവര്‍ ഹസനും ചേര്‍ന്ന് മോശം തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 24 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. ഏഴാം ഓവറിലെ മൂന്നാം പന്തില്‍ ഖജൂരിയയെ (14) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ച നിധീഷ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. മൂന്നാം നമ്പറിലിറങ്ങിയ വിവ്രാന്ത് ശര്‍മക്കും ക്രീസില്‍ അധികം പിടിച്ചു നില്‍ക്കാനായില്ല. ടീം സ്‌കോര്‍ 41ല്‍ നില്‍ക്കെ വിവ്രാന്തിനെ(8) നിധീഷ് വിക്കറ്റിന് പിന്നില്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലേക്ക് വിട്ടു. 

Latest Videos

'കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നു, രോഹിത്...'; ഇന്ത്യന്‍ നായകന്റെ പ്രകടനത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

ക്യാപ്റ്റന്‍ പരസ് ദോഗ്രയും യാവര്‍ ഹസനും ചേര്‍ന്ന് ജമ്മു കശ്മീരിനെ 50 കടത്തിയെങ്കിലും നിലയുറപ്പിച്ചെന്ന് കരുതിയ യാവര്‍ ഹസനെ (24) നിധീഷ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ജമ്മു പതറി. പിന്നാലെ പരസ് ദോഗ്ര (14) കൂടി മടക്കിയതോടെ നാലിന് 67 എന്ന നിലയിലായി ജമ്മു. പിന്നീട് കനയ്യ - സഹില്‍ ലോത്ര (35) സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്തു. ജമ്മുവിന്റെ ഇന്നിംഗ്‌സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതുതന്നെ. എന്നാല്‍ കനയ്യയെ നിധീഷ് മടക്കി. തുടര്‍ന്ന് ലോത്ര - മുസാഫര്‍ സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു.

ലോത്രയമെ ആദിത്യ സര്‍വാതെ ബൗള്‍ഡാക്കിയപ്പോള്‍ മുഫാറിനെ മടക്കി നിധീഷാണ് കളി വീണ്ടും കേരളത്തിന് അനുകൂലമാക്കിയത്. തുടര്‍ന്ന് ആബിദ് മുഷ്താഖിനെ (19) ബേസില്‍ തമ്പിയും തിരിച്ചയച്ചു. കേരളത്തിന് വേണ്ടി ബേസില്‍ തമ്പി, എന്‍ പി ബേസില്‍, ആദിത്യ സര്‍വാതെ എന്നിവര്‍  ഓരോ വിക്കറ്റ് വീഴ്ത്തി.

click me!