സെഞ്ചുറിപ്പൂരമായി 2021; ഇംഗ്ലീഷ് നായകരിലെ രാജാവായി ജോ റൂട്ട്! റെക്കോർഡ്

By Web Team  |  First Published Aug 14, 2021, 7:17 PM IST

ഒരുപിടി നേട്ടങ്ങളോടെയാണ് ലോർഡ്സിലെ റൂട്ടിന്‍റെ ഒടുവിലത്തെ ശതകം എന്നതാണ് പ്രത്യേകത


ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്വപ്ന ഫോമിലാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. തുടർച്ചയായ രണ്ടാം മത്സരത്തിലും റൂട്ട് സെഞ്ചുറി തികച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ 200 പന്തില്‍ താരം 100 തികച്ചു. റൂട്ടിന്‍റെ ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ചുറി കൂടിയാണിത്. ലോർഡ്സിലെ റൂട്ടിന്‍റെ ശതകത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. 

ഒരു കലണ്ടർ വർഷം കൂടുതല്‍ ടെസ്റ്റ് ശതകങ്ങള്‍ നേടുന്ന ഇംഗ്ലണ്ട് നായകനെന്ന നേട്ടത്തിലെത്തി ഇതോടെ റൂട്ട്. 2021ലെ റൂട്ടിന്‍റെ അഞ്ചാം മൂന്നക്കമാണ് ഇന്ന് പിറന്നത്. 1990ല്‍ ഗ്രഹാം ഗൂച്ചും 1994ല്‍ മൈക്കല്‍ അതേർട്ടനും 2009ല്‍ ആന്‍ഡ്രൂ സ്ട്രോസും നാല് വീതം സെഞ്ചുറികള്‍ നേടിയതായിരുന്നു മുന്‍ റെക്കോർഡ്. 

Latest Videos

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായാണ് റൂട്ട് തുടർച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ മൂന്നക്കം കാണുന്നത്. ട്രെന്‍ഡ് ബ്രിഡ്‍ജില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ റൂട്ട് 109 റണ്‍സ് നേടിയിരുന്നു. ടെസ്റ്റില്‍ 2013 ആഷസിലെ ഇയാന്‍ ബെല്ലിന് ശേഷം ഒരു ഇംഗ്ലീഷ് താരം തുടർച്ചയായ ഇന്നിംഗ്സുകളില്‍ സെഞ്ചുറി തികയ്ക്കുന്നതും ഇതാദ്യം. 

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താനും ലോർഡ്സ് ഇന്നിംഗ്സിലൂടെ ജോ റൂട്ടിനായി. 33 ശതകങ്ങളുമായി അലിസ്റ്റർ കുക്കും 23 എണ്ണവുമായി കെവിന്‍ പീറ്റേഴ്സണുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 22 സെഞ്ചുറികളുമായി വാലി ഹാമോണ്ടിനും കോളിന്‍ കൗഡ്രിക്കും ജെഫ് ബോയ്ക്കോട്ടിനും ഇയാന്‍ ബെല്ലിനും ഒപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ് റൂട്ട്. 

വീണ്ടും ക്ലാസിക് റൂട്ട്, ഇംഗ്ലീഷ് നായകന് സെഞ്ചുറി; ടീം ഇന്ത്യ സമ്മർദത്തില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!