ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ജസ്പ്രീത് ബുമ്രയില്ല, രോഹിത്തും കോലിയും ശ്രേയസും ടീമിലെത്തും

By Web Desk  |  First Published Jan 6, 2025, 1:16 PM IST

ബുമ്രക്ക് വിശ്രമം അനുവദിക്കുമെങ്കിലും വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കും.


മുംബൈ: അടുത്തമാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റിന് മുന്നോടിയായി ഈ മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല. ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിനിടെ പുറം വേദന അനുഭവപ്പെട്ട ബുമ്രക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചാമ്പ്യൻസ് ട്രോഫി ടീമില്‍ ബുമ്രയെ വൈസ് ക്യാപ്റ്റനാക്കുമെന്നും സൂചനയുണ്ട്.

ബുമ്രക്ക് വിശ്രമം അനുവദിക്കുമെങ്കിലും വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കും. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ രോഹിത്തും കോലിയും ഏകദിന പരമ്പരയില്‍ മാത്രമാകും കളിക്കുക. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്താന്‍ ഇരുവര്‍ക്കും ലഭിക്കുന്ന അവസാന അവസരമാകും ഇത്.

Latest Videos

പാകിസ്ഥാനെ തോൽപ്പിച്ചാൽ മാത്രം മികച്ച ടീമാവില്ല, ഓസ്ട്രേലിയക്കെതിരായ തോൽവിയിൽ തുറന്നടിച്ച് മുഹമ്മദ് കൈഫ്

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ശ്രേയസ് അയ്യരും ഏകദിന ടീമില്‍ തിരിച്ചെത്തും. കെ എല്‍ രാഹുല്‍ ഏകദിനങ്ങളില്‍ വിക്കറ്റ് കീപ്പറായാല്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. റിഷഭ് പന്തിനും ഏകദിന ടീമില്‍ ഇടം കിട്ടുമോ എന്ന് സംശയമാണ്. ടി20 ടീമില്‍ സഞ്ജുവിനെ ഓപ്പണറായി നിലനിര്‍ത്തും.

പേസര്‍ മുഹമ്മദ് ഷമിയെയും ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ സീരീസിന് ടീമിലേക്ക് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കില്‍ നിന്ന് മുക്തനായി മുഷ്താഖ് അലി ടി20 ട്രോഫിയിലും രഞ്ജി ട്രോഫിയിലും കളിച്ചെങ്കിലും പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാത്തതിനാല്‍ ഷമിയെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുള്‍പ്പെടുത്തിയിരുന്നില്ല.

ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കാനിരിക്കെ വിജയ് ഹസാരെ ട്രോഫി റണ്‍വേട്ടയില്‍ രണ്ടാമതെത്തി മലയാളി താരം

ഈ മാസം 12ന് മുമ്പാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെയും സെലക്ടര്‍മാര്‍ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 22നാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പ തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഇതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും  നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!