പരിക്കുണ്ടെങ്കിലും ജസ്പ്രീത് ബുമ്രയെ ചാമ്പ്യൻസ് ട്രോഫി ടീമിലുൾപ്പെടുത്തും, പക്ഷെ കളിക്കുന്ന കാര്യം സംശയത്തില്‍

By Web Desk  |  First Published Jan 7, 2025, 4:08 PM IST

പരിക്കുമൂലം പല പ്രധാന ടൂര്‍ണമെന്‍റുകളും നഷ്ടമായ ചരിത്രമുള്ള ബുമ്രക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ കൂടി നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനായാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പൂര്‍ണ വിശ്രമം അനുവദിക്കുന്നത്.


മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീം പ്രഖ്യാപനം അടുത്തിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായി പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ബുമ്രക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ പൂര്‍ണ വിശ്രമം നല്‍കിയാലും അടുത്ത മാസം തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാനാകുമോ എന്ന കാര്യം സംശയത്തിലാണെന്ന് റേവ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.

ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനിടെ പുറം വേദനയെത്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സില്‍ ബൗളിംഗിന് ഇറങ്ങാതിരുന്ന ബുമ്രയുടെ പരിക്ക് വിചാരിച്ചതിനെക്കാള്‍ ഗൗരവമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുമ്രയെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലുള്‍പ്പെടുത്തുമെങ്കിലും കളിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

Latest Videos

നിതീഷ് കുമാര്‍ റെഡ്ഡിയില്ല, 5 ഇന്ത്യൻ താരങ്ങള്‍ ടീമില്‍, ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത ഇലവനെ തെരഞ്ഞെടുത്ത് വോണ്‍

പരിക്കുമൂലം പല പ്രധാന ടൂര്‍ണമെന്‍റുകളും നഷ്ടമായ ചരിത്രമുള്ള ബുമ്രക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ കൂടി നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനായാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പൂര്‍ണ വിശ്രമം അനുവദിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ കളിച്ചില്ലെങ്കിലും ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാനാവില്ലെന്നും ഉപാധികളോടെയാവും ബുമ്രയെ ചാമ്പ്യൻസ് ട്രോഫി ടീമിലുള്‍പ്പെടുത്തകയെന്നും റേവ് സ്പോര്‍ട്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുന്നതിന് മുമ്പ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ വിദഗ്ധരുടെ കൂടെ റിപ്പോര്‍ട്ട് ടീം മാനേജ്മെന്‍റ് തേടുമെന്നും റിപ്പോര്‍ട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 32 വിക്കറ്റുമായി തിളങ്ങിയ ബുമ്രയാണ് പരമ്പരയിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായത്. ചാമ്പ്യൻസ് ട്രോഫിയില്‍ ബുമ്രക്ക് കളിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയാവും. മുഹമ്മദ് സിറാജ് ഫോമിലല്ലാത്തതും മുഹമ്മദ് ഷമി മാച്ച് ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ലാത്തതും ഇന്ത്യൻ ബൗളിഗിനെ ദുര്‍ബലമാക്കുമെന്നാണ് കരുതുന്നത്. അടുത്ത മാസം 19നാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുന്നത്. അതിന് മുമ്പ് ഈ മാസം 22 മുതല്‍ ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളിലും ഇന്ത്യ കളിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!