'ജസ്‌പ്രീത് ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിട്ടില്ല'; ആശ്വാസ സൂചനകളുമായി സൗരവ് ഗാംഗുലി

By Jomit Jose  |  First Published Oct 1, 2022, 7:24 AM IST

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തിരുവനന്തപുരത്ത് നടന്ന ടി20ക്ക് മുമ്പ് പരിക്കേറ്റ ബുമ്രക്ക് ലോകകപ്പ് നഷ്ടമാകും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു


കൊല്‍ക്കത്ത: പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ടി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായെന്ന് പറയാറായിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. തീരുമാനം കാത്തിരുന്ന് അറിയാം. ബുമ്ര ലോകകപ്പില്‍ നിന്ന് ഇതുവരെ പുറത്തായിട്ടില്ല. വരുന്ന രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമറിയാം. അതുവരെ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കരുത് എന്നും ഗാംഗുലി കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തിരുവനന്തപുരത്ത് നടന്ന ടി20ക്ക് മുമ്പ് പരിക്കേറ്റ ബുമ്രക്ക് ലോകകപ്പ് നഷ്ടമാകും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ട്വന്‍റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് ആശ്വാസവാർത്തയാണ് പുറത്തുവരുന്നത്. ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഭയപ്പെട്ടയത്ര ഗുരുതരമല്ലെന്നാണ് പുതിയ റിപ്പോർട്ട്. ബുമ്രയെ വെള്ളിയാഴ്‌ച സ്കാനിംഗിന് വിധേയനാക്കി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഇതിന്‍റെ ഫലം പരിശോധിച്ചുവരികയാണ്. കരുതിയയത്ര ഗുരുതരമല്ല പരിക്ക് എന്നാണ് പ്രാഥമിക നിരീക്ഷണം. ബുമ്ര ലോകകപ്പില്‍ കളിക്കുമോ എന്ന് വ്യക്തമായിട്ടില്ലെങ്കിലും താരത്തിന്‍റെ കാര്യത്തില്‍ നേരിയ പ്രതീക്ഷ ഇപ്പോഴും അവശേഷിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

Latest Videos

undefined

കാര്യവട്ടം ട്വന്‍റി 20ക്ക് മുൻപുളള പരിശീലനത്തിനിടെയാണ് ജസ്പ്രീത് ബുമ്രയ്ക്ക് പരിക്കേറ്റത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന ബുമ്ര പരമ്പരയിലെ ശേഷിച്ച മത്സരങ്ങളിലും കളിക്കുന്നില്ല. ബുമ്രയ്ക്ക് പകരം പേസര്‍ മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുറത്തിനേറ്റ പരിക്കുകാരണം ബുമ്ര ഏഷ്യാ കപ്പിൽ കളിച്ചിരുന്നില്ല. വീണ്ടും പരിക്കേറ്റതോടെ ബുമ്രയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും ബുമ്ര ലോകകപ്പ് ടീമിലുണ്ടാവുമെന്നുമാണ് സൂചന. ഗ്രൂപ്പ് ഘട്ടമത്സരങ്ങൾ തീരുംമുൻപ് ബുമ്രയ്ക്ക് പന്തെറിയാനാവുമെന്നാണ് പ്രതീക്ഷ. എന്നാലിത് പരിക്ക് മാറുന്നതിനെ ആശ്രയിച്ചായിരിക്കും.

ഒക്ടോബർ പതിനാറിനാണ് ഓസ്ട്രേലിയയിൽ ലോകകപ്പിന് തുടക്കമാവുക. 23ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പില്‍ ടീം ഇന്ത്യയുടെ പ്രകടനം ജസ്പ്രീത് ബുമ്രയുടെ സാന്നിധ്യവും ഫോമും അനുസരിച്ചിരിക്കും എന്നുറപ്പ്. 

ആശ്വാസവാര്‍ത്ത, ഇന്ത്യന്‍ ടീമിനൊപ്പം ബുമ്രയും ഓസ്ട്രേലിയയിലേക്കെന്ന് റിപ്പോര്‍ട്ട്

click me!