ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച താരത്തിനും മികച്ച ടെസ്റ്റ് താരത്തിനുമുള്ള ചുരുക്കപ്പട്ടികയില്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഇടം നേടി
ദുബായ്: ഐസിസിയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ-വനിതാ ക്രിക്കറ്ററെയും ടെസ്റ്റ് ക്രിക്കറ്ററെയും ഏകദിന ക്രിക്കറ്ററെയും ടി20 ക്രിക്കറ്ററെയും തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച താരത്തിനും മികച്ച ടെസ്റ്റ് താരത്തിനുമുള്ള ചുരുക്കപ്പട്ടികയില്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഇടം നേടിയപ്പോള്‍ ടി20 ക്രിക്കറ്റര്‍ക്കുള്ള പട്ടികയില്‍ അര്‍ഷ്ദീപ് സിംഗും വനിതാ ഏകദിന താരത്തിനുള്ള പട്ടികയില്‍ സ്മൃതി മന്ദാനയും ഇടം നേടി.
ഈ വര്‍ഷത്തെ മികച്ച ഐസിസി താരത്തിനുള്ള സര് ഗാരിഫീല്‍ഡ് സോബേഴ്സ് ട്രോഫിക്കായി ബുമ്രക്കൊപ്പം മത്സരിക്കുന്നത് ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ടും ഹാരി ബ്രൂക്കും ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡുമാണ്. ഹാരി ബ്രൂക്ക് ഈ വര്‍ഷം 12 ടെസ്റ്റില്‍ നിന്ന് 1100 റണ്‍സടിച്ചപ്പോൾ 17 ടെസ്റ്റില്‍ നിന്ന് 1556 റണ്‍സടിച്ച ജോ റൂട്ടാണ് ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം. ട്രാവിസ് ഹെഡ് ആകട്ടെ ഒമ്പത് ടെസ്റ്റില്‍ നിന്ന് 608 റണ്‍സും15 ടി20 മത്സരങ്ങളില്‍ നിന്ന് 539 റണ്‍സും നേടിയാണ് ഐസിസിയുടെ മികച്ച താരമാവാനുള്ള പട്ടികയില്‍ ഇടം നേടിയത്.
ജസപ്രീത് ബുമ്ര 13 ടെസ്റ്റില്‍ നിന്ന് 14.92 ശരാശരിയില്‍ 71 വിക്കറ്റും എട്ട് ടി20 മത്സരങ്ങളില്‍ നിന്ന് 4.17 ഇക്കോണമിയില്‍ 15 വിക്കറ്റും വീഴ്ത്തിയാണ് മികച്ച താരത്തിനുള്ള പട്ടികയില്‍ ഇടം പിടിച്ചത്. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരപ്പട്ടികയില്‍ ഹാരി ബ്രൂക്കിനും ജോ റൂട്ടിനും ജസ്പ്രീത് ബുമ്രക്കുമൊപ്പം ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസും ഇടം നേടിയട്ടുണ്ട്. മികച്ച ഏകദിന താരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യയില്‍ നിന്നാരുമില്ല. ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, കുശാല്‍ മെന്‍ഡിസ്, അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമര്‍സായി, വെസ്റ്റ് ഇന്‍ഡീസിന്റെ ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവരാണ് മികച്ച ഏകദിന താരത്തിനുള്ള ചുരുക്കപ്പട്ടികയിലുള്ളത്.
മികച്ച ടി20 താരത്തിനുള്ള പട്ടികയില്‍ പാകിസ്ഥാന്റെ ബാബര്‍ അസം, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, സിംബാബ്വെയുടെ സിക്കന്ദര്‍ റാസ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ അര്‍ഷ്ദീപ് സിംഗും ഇടം നേടി.
വനിതകളില്‍ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള പട്ടികയില്‍ ശ്രീലങ്കയുടെ ചമരി അത്തപത്തു, ന്യൂസിലന്‍ഡിന്റെ അമേലിയ കെര്‍, ഓസ്ട്രേലിയയുടെ അനാബെല്‍ സതര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്കയുടെ ലൗറ വോള്‍വാര്‍ഡ് എന്നിവരാണുള്ളത്. മികച്ച ഏകദിന താരത്തിനുള്ള പട്ടികയില്‍ ശ്രീലങ്കയുടെ ചമരി അത്തപത്തു, ഓസ്ട്രേലിയയുടെ അനാബെല്‍ സതര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്കയുടെ ലൗറ വോള്‍വാര്‍ഡ് എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ സ്മൃതി മന്ദാനയുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക