ഓരോവറില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കുകയും ആ ഓവര്‍ മെയ്ഡനാക്കുകയും ചെയ്ത താരങ്ങളുടെ സവിശേഷ പട്ടികയില്‍ ബുമ്രയും ഇടം കണ്ടെത്തി. നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഐപിഎല്‍ താരമാണ് ബുമ്ര.
മുംബൈ: ഐപിഎല്‍ (IPL 2022) കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രിത് ബുമ്ര കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പുറത്തെടുത്തത്. നാല് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബുമ്ര (Jasprit Bumrah) അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഐപിഎല്ലില്‍ ബുമ്രയുടെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നിത്. അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ മൂന്നും വീഴ്ത്തിയത് ഒരോവറിലായിരുന്നു. നിതീഷ് റാണ, ആന്ദ്രെ റസ്സല്‍, ഷെല്‍ഡണ്‍ ജാക്സണ്‍ എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്. 18-ാം ഓവറിലായിരുന്നു ഇത്. പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍ എന്നിവുടെ വിക്കറ്റുകളും ബുമ്ര സ്വന്തമാക്കിയിരുന്നു.
ഓരോവറില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കുകയും ആ ഓവര്‍ മെയ്ഡനാക്കുകയും ചെയ്ത താരങ്ങളുടെ സവിശേഷ പട്ടികയില്‍ ബുമ്രയും ഇടം കണ്ടെത്തി. നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഐപിഎല്‍ താരമാണ് ബുമ്ര. മുംബൈയുടെ മറ്റൊരു താരം കൂടി നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയുടെ ലസിത് മലിംഗയാണ് ആദ്യം നേട്ടം സ്വന്തമാക്കിയത്. 2015ല്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരേയായിരുന്നു നേട്ടം. 19-ാം ഓവറിലാണ് സംഭവം. 2017ല്‍ ആര്‍സിബി താരം സാമുവല്‍ ബദ്രി നേട്ടം സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്നാം ഓവറില്‍ തന്നെ ബദ്രി നേട്ടമാഘോഷിച്ചു. അതേവര്‍ഷം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ജയ്‌ദേവ് ഉനദ്ഖടും പട്ടികയിലെത്തി.
ഹൈദരാബാദിനെതിരെ 20ാം ഓവറിലാണ് ഉനദ്ഖട് മൂന്നാമനായത്. ഈ സീസണില്‍ ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്ക് പട്ടികയിലെ നാലാമനായിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലായിരുന്നത്. ഒരു ഇന്നിംഗ്‌സില്‍ ഡെത്ത് ഓവറില്‍ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ ബൗളറായും ബുമ്ര മാറി. 11 ഡോട്ട് ബോളുകളാണ് അദ്ദേഹം ഡെത്ത് ഓവറിലെറിഞ്ഞത്. ഇക്കാര്യത്തില്‍ രവീന്ദ്ര ജഡേജയെ പിന്തള്ളാനും ബുമ്രയ്ക്കായി. ഡെത്ത് ഓവറുകളില്‍ 10 ഡോട്ട് ബോളുകളുമായി റെക്കോര്‍ഡിട്ടത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിക്കുമ്പോള്‍ ജഡേജ പത്ത് ഡോട്ട് ബോളുകള്‍ എറിഞ്ഞിരുന്നു.
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ചാമത്തെ ബൗളിങ് പ്രകടനം കൂടിയാണ് ബുമ്രയുടേത്. 2019ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന്റെ അല്‍സാരി ജോസഫ് 12 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഐപിഎല്ലിലെ മികച്ച പ്രകടനം.