ആരാധകര്‍ അലറിവിളിക്കുകയാണ്. അത് നിങ്ങളുടെ ചെവിയില്‍ മുഴങ്ങുന്നത് കേള്‍ക്കാനാവും. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കില്ല.
മുംബൈ: ഐപിഎല്ലില്‍ രോഹിത് ശര്‍മക്ക് പകരം മുംബൈ ഇന്ത്യൻസ് നായകനായി ഇറങ്ങിയ ആദ്യ സീസണിൽ ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈയിലെ ആരാധകര്‍ കൂവിയതിനെക്കുറിച്ച് പ്രതികരിച്ച് സഹതാരം ജസ്പ്രീത് ബുമ്ര. വികാരപരമായി പ്രതികരിക്കുന്ന ആരാധകരുള്ള ഒരു രാജ്യത്ത് ഇത്തരം സംഭവങ്ങളുണ്ടാകുക സ്വാഭാവികമാണെന്നും അത് നേരിടുകയെ വഴിയുള്ളൂവെന്നും ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ബുമ്ര വ്യക്തമാക്കി.
വികാരപരമായി പെരുമാറുന്ന ആരാധകരുള്ള ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. കളിക്കാരും ആരാധകരുമെല്ലാം പലപ്പോഴും വികാരത്തിന് അടിപ്പെടുന്നവരാണെന്ന് നമ്മള്‍ക്കറിയാം. ഒരു ഇന്ത്യന്‍ താരമെന്ന നിലയില്‍ ആരാധകരുടെ ഇത്തരത്തിലുള്ള വികാരപ്രകടനങ്ങള്‍ നമ്മളെ ബാധിക്കുമെന്നുറപ്പാണ്. ഇന്ത്യയില്‍ കളിക്കുമ്പോള്‍ സ്വന്തം രാജ്യത്തെ ആരാധകര്‍ തന്നെ നമുക്കെതിരെ തിരിയുന്നത് സ്വാഭാവികമായും കളിക്കാരെയും ബാധിക്കും. അതിനെ നേരിടുക എന്നത് മാത്രമാണ് മാര്‍ഗമുള്ളത്. അല്ലാതെ ആരാധകരുടെ കൂവല്‍ എങ്ങനെയാണ് തടയാനാകുക. നമ്മുടെ പ്രകടനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കാണികളുടെ കൂവല്‍ കേട്ടില്ലെന്ന് നടിക്കുക എന്നതാണ് മുന്നിലുള്ള വഴി.
പറയുന്നതുപോലെ അതത്ര എളുപ്പമല്ലെന്ന് എനിക്കറിയാം. കാരണം, ആരാധകര്‍ അലറിവിളിക്കുകയാണ്. അത് നിങ്ങളുടെ ചെവിയില്‍ മുഴങ്ങുന്നത് കേള്‍ക്കാനാവും. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കില്ല. അത് അനാവശ്യണാണെന്ന നിലപാട് തന്നെയാണ് ഞങ്ങള്‍ ടീം അംഗങ്ങള്‍ക്കുമുള്ളത്. ടീം എന്ന നിലയില്‍ ഞങ്ങളെല്ലാം ഹാര്‍ദ്ദിക്കിനോട് സംസാരിക്കാറുണ്ട്. പിന്തുണ ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാനും ഞങ്ങള്‍ തയാറാണ്. അദ്ദേഹത്തിന്‍റെ കുടുംബവും പിന്തുണയുമായി എപ്പോഴും ഉണ്ട്. പക്ഷെ ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ലെന്നും സംഭവിച്ചത് സംഭവിച്ചുവെന്നും ബുമ്ര പറഞ്ഞു.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചതോടെ ഹാര്‍ദ്ദിക്കിനെതിരായ കാണികളുടെ നിലപാടില്‍ മാറ്റം വന്നുവെന്നും ബുമ്ര പറഞ്ഞു. ലോകകപ്പ് നേട്ടത്തിനുശേഷം കൂവിയ ആരാധകര്‍ തന്നെ വാംഖഡെയില്‍ ഹാര്‍ദ്ദിക്കിന് വേണ്ടി കൈയടിക്കുന്നത് നമ്മള്‍ കണ്ടു. പക്ഷെ അതോടെ എല്ലാം അവസാനിച്ചുവെന്നൊന്നും ഞാന്‍ കരുതുന്നില്ല. ചിലപ്പോള്‍ ഞങ്ങള്‍ അടുത്ത മത്സരം തോറ്റാല്‍ ഇപ്പോള്‍ കൈയടിച്ചവര്‍ തന്നെ വീണ്ടും കൂവാനും സാധ്യതയുണ്ട്. എല്ലാ കായിക താരവും കരിയറില്‍ ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടാവും.
ഫുട്ബോളില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെപ്പോലും ആരാധകര്‍ കൂവുന്നത് നമ്മള്‍ കാണാറില്ലെ. അതെല്ലാം ഒരു കായിക താരത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. പലപ്പോഴും അത് അതിരുവിടാറുണ്ടെങ്കിലും അതിനെ ന്യായീകരിക്കാനാവില്ലെങ്കിലും അത് അങ്ങനെയാണെന്ന് അംഗീകരിക്കുക മാത്രമെ വഴിയുള്ളൂവെന്നും ജസ്പ്രീത് ബുമ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക