'ശമ്പളം ഇനിയും നല്‍കിയിട്ടില്ല, ബോണസും'; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ നിയമനടപടിക്ക് ഗില്ലസ്‌പി

Published : Apr 22, 2025, 10:10 PM IST
'ശമ്പളം ഇനിയും നല്‍കിയിട്ടില്ല, ബോണസും'; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ നിയമനടപടിക്ക് ഗില്ലസ്‌പി

Synopsis

കഴിഞ്ഞ ഡിസംബറിലായിരുന്നു ഗില്ലസ്‌പി പാകിസ്ഥാന്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാജിവെച്ചത്

ശമ്പളം നല്‍കാത്തതില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെതിരെ (പിസിബി) കോടതിയെ സമീപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ ജേസണ്‍ ഗില്ലസ്‌പി. കഴിഞ്ഞ ഡിസംബറിലായിരുന്നു ഗില്ലസ്‌പി മുഖ്യപരിശീലക സ്ഥാനം രാജിവെച്ചത്. ശമ്പളം മാത്രമല്ല ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിജയത്തിനും ഓസ്ട്രേലിയയെ ഏകദിനത്തില്‍ പരാജയപ്പെടുത്തിയതിന്റെ ബോണസും ലഭിക്കാനുണ്ടെന്നാണ് ഗില്ലസ്‌പിയുടെ വാദം. കരാ‍ര്‍ പാലിക്കാൻ പിസിബി തയാറായില്ലെന്നും ഗില്ലസ്‌പി പറയുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോ‍ര്‍ട്ട് ചെയ്തു.

സംഭവം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ശ്രദ്ധയിലും ഗില്ലസ്‌പി കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, വിഷയത്തില്‍ ഇടപെടാൻ ഐസിസിക്ക് സാധിക്കുമോയെന്നതില്‍ വ്യക്തതയില്ല.

ഗില്ലസ്‌പിയുടെ അവകാശവാദത്തിന് പിന്നാലെ പിസിബി പ്രതികരിക്കുകയും ചെയ്തു. പിസിബി ശമ്പളം പൂർണമായും തന്നിട്ടില്ലെന്ന് പാകിസ്ഥാൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗില്ലസ്‌പി പറഞ്ഞത്. ഇത് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായും താരം പോസ്റ്റ് ചെയ്തു. രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു ഗില്ലസ്‌പിയെ 2024 ഏപ്രിലില്‍ പിസിബി നിയമിച്ചത്. 

ഗില്ലസ്‌പിയുടെ വരവിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റില്‍ പുതുയുഗം പിറക്കുന്നുവെന്നായിരുന്നു പിസിബിയുടെ അവകാശവാദം. എന്നാല്‍, ആറ് മാസത്തിനുള്ളില്‍ ഗില്ലസ്‌പിക്ക് പടിയിറങ്ങേണ്ടി വന്നു. ടീമിന് മുകളില്‍ അധികാരം പൂര്‍ണമായി പിസിബി നല്‍കാൻ തയാറായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗില്ലസ്‌പിക്കൊപ്പം ഗ്യാരി കേസ്റ്റണേയും നിയമിച്ചിരുന്നു. ഗ്യാരിക്കും എനിക്കും ഒരു സ്വപ്ന ടീമുണ്ടാക്കുക എന്ന ഉത്തരവാദിത്തമായിരുന്നു ഉണ്ടായിരുന്നത്. ഒരു മത്സരം തോറ്റതിന് പിന്നാലെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നെന്നും ഗില്ലസ്‌പി പറഞ്ഞു. 

ഗില്ലസ്‌പിയുടെ വാദങ്ങളെയെല്ലാം പിസിബി തള്ളിക്കളഞ്ഞു. നാല് മാസത്തെ നോട്ടീസ് പീരിയഡ് പോലും പാലിക്കാതെയാണ് ഗില്ല‌സ്‌പി രാജിവെച്ചുപോയതെന്നും പിസിബി ആരോപിച്ചു. കരാറിന്റെ ലംഘനമാണ് ഗില്ലസ്‌പി നടത്തിയത്. കരാറില്‍ നോട്ടീസ് പീരിയഡിന്റെ കാര്യം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിനും ഇതില്‍ വ്യക്തതയുണ്ടെന്നും പിസിബി വക്താവ് കൂട്ടിച്ചേ‍ര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്