വിൻഡീസ്-ബംഗ്ലാദേശ് ടി20ക്കിടെ റണ്ണൗട്ടായി ഡ്രസ്സിംഗ് റൂമിലെത്തിയ ബാറ്ററെ ഔട്ടല്ലെന്ന് കണ്ട് തിരിച്ചു വിളിച്ചു

By Web Team  |  First Published Dec 20, 2024, 5:18 PM IST

41 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്ന ജേക്കര്‍ അലി മൂന്ന് ഫോറും ആറു സിക്സും പറത്തി.


കിംഗ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസ്-ബംഗ്ലാദേശ് മൂന്നാം ടി20ക്കിടെ ഗ്രൗണ്ടില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ്  20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തപ്പോൾ 41 പന്തില്‍ 72 റണ്‍സെടുത്ത ജേക്കര്‍ അലിയാണ് ബംഗ്ലാദേശിനായി ടോപ് സ്കോററായത്. പതിനഞ്ചാം ഓവറില്‍ ജേക്കര്‍ അലി 16 പന്തില്‍ 17 റണ്‍സെടുത്തു നില്‍ക്കെ റോസ്റ്റണ്‍ ചേസിന്‍റെ പന്ത് സ്ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് സിംഗിളിനായി ഓടി.

വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ പന്തെടുക്കാനായി ഓടുന്നതിനിടെ ജേക്കര്‍ അലി രണ്ടാം റണ്ണിനായി തിരിച്ചോടിയെങ്കിലും സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ഷമീം ഹൊസൈന്‍ തുടക്കമിട്ടശേഷം ക്രീസിലേക്ക് തിരിച്ചോടി. ഇതിനിടെ ജേക്കര്‍ അലി സ്ട്രൈക്കിംഗ് എന്‍ഡിലെത്തിയിരുന്നു. രണ്ട് ബാറ്റര്‍മാരും ഒരുവശത്ത് നില്‍ക്കെ നിക്കോളാസ് പുരാന്‍ പന്തെടുത്ത് ബൗളിംഗ് എന്‍ഡിലുണ്ടായിരുന്ന റോസ്റ്റണ്‍ ചേസിന് നല്‍കി. റോസ്റ്റണ്‍ ചേസ് ജേക്കര്‍ അലിയെ റണ്ണൗട്ടാക്കുകയും ചെയ്തു.

Latest Videos

undefined

ബോക്സിംഗ് ഡേ ടെസ്റ്റിൽ കളിക്കുന്നതിന്‍റെ ആവേശം പങ്കുവെച്ചു, പിന്നാലെ ടീമിൽ നിന്ന് പുറത്ത്, മക്സ്വീനിക്ക് ട്രോൾ

ഇതോടെ ക്രീസ് വിട്ട ജേക്കര്‍ അലി ഡ്രസ്സിംഗ് റൂമിലെത്തിയപ്പോഴാണ് റീപ്ലേകളില്‍ ജേക്കര്‍ അലി ക്രീസിലെത്തുമ്പോള്‍ ഷമീം ഹൊസൈന്‍റെ ബാറ്റ് വായുവിലാണെന്ന് ടിവി അമ്പയര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഷമീം ഹൊസൈനെ(2) ഔട്ട് വിളിച്ച് അമ്പയര്‍ ജേക്കര്‍ അലിയെ ക്രീസിലേക്ക് തിരിച്ചുവിളിച്ചു. ജീവന്‍കിട്ടിയ ജേക്കര്‍ അലി പിന്നീട് തകര്‍ത്തടിച്ച് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 41 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്ന ജേക്കര്‍ അലി മൂന്ന് ഫോറും ആറു സിക്സും പറത്തി. ബംഗ്ലാദേശ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 16.4 ഓവറില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ബംഗ്ലാദേശ് 3-0ന് തൂത്തുവാരുകയും ചെയ്തു.

😵‍💫A comedy of errors leads to a run out 🏏 | pic.twitter.com/8pWJXaTRG2

— Windies Cricket (@windiescricket)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!