പ്ലേഓഫ് ഉറപ്പിക്കല്‍ അടുത്ത മത്സരത്തിലേക്ക് രാജസ്ഥാന്‍ റോയല്‍സ് മാറ്റിവക്കില്ല എന്ന് ഇര്‍ഫാന്‍ പത്താന്‍
മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് (Rajasthan Royals vs Delhi Capitals) മത്സരത്തിന് മുമ്പ് സീസണിലെ മികച്ച ബാറ്ററെയും ബൗളറേയും തെരഞ്ഞെടുത്ത് മുന്‍താരവും കമന്‍റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍ (Irfan Pathan). ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പ്ലേഓഫിലെത്തുമെന്നും പത്താന്‍ പറഞ്ഞു.
'ഡല്‍ഹിക്കെതിരെ വിജയിച്ച് രാജസ്ഥാന്‍ പ്ലേഓഫ് ബര്‍ത്ത് ഉറപ്പാക്കും. പ്ലേഓഫ് ഉറപ്പിക്കല്‍ അടുത്ത മത്സരത്തിലേക്ക് രാജസ്ഥാന്‍ റോയല്‍സ് മാറ്റിവക്കില്ല. രാജസ്ഥാന് സീസണിലെ മികച്ച ബൗളറായ യുസ്‌വേന്ദ്ര ചാഹലും സീസണിലെ മികച്ച ബാറ്ററായ ജോസ് ബട്‌ലറുമുണ്ട്. ചാഹല്‍ പര്‍പ്പിള്‍ ക്യാപ്പും ബട്‌ലര്‍ ഓറഞ്ച് ക്യാപ്പും തലയില്‍ വെച്ചിരിക്കുന്ന താരങ്ങളാണ്. രണ്ട് താരങ്ങളുടേയും ഫോം കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മികച്ച റണ്‍റേറ്റില്‍ 14 പോയിന്‍റ് ടീമിനുണ്ട്. അടുത്ത രണ്ട് മത്സരങ്ങള്‍ തോറ്റാലും അവര്‍ ആദ്യ നാലിലുണ്ടാകും. അതിനാല്‍ ഡല്‍ഹിക്കെതിരെ മികച്ച പ്രകടനമായിരിക്കും രാജസ്ഥാന്‍ ടീമിന്‍റെ ലക്ഷ്യം' എന്നും ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഷോയില്‍ പറഞ്ഞു.
രാത്രി ഏഴരയ്‌ക്ക് മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണെങ്കില്‍ 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാമതാണ്. സഞ്ജു സാംസണിന്‍റെ മുന്‍ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 15 റണ്‍സിന് ഡല്‍ഹിയെ തോല്‍പിച്ചിരുന്നു. ജോസ് ബട്‌ലര്‍ 65 പന്തില്‍ 116 റണ്‍സുമായി മത്സരത്തിലെ താരമായപ്പോള്‍ സഞ്ജു സാംസണ്‍ 19 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ പുറത്താകാതെ 46 റണ്‍സ് നേടിയിരുന്നു.
ഐപിഎല്ലില്‍ ഇതുവരെ ഡല്‍ഹിയും രാജസ്ഥാനും 25 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രാജസ്ഥാന്‍ 13 കളിയിലും ഡല്‍ഹി 12 കളിയിലും ജയിച്ചു. രണ്ട് വിക്കറ്റിന് 222 റണ്‍സെടുത്തതാണ് രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍.
IPL 2022 : ആളിക്കത്താന്‍ സഞ്ജു സാംസണ്‍; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുന്‍ റെക്കോര്‍ഡുകള്‍ ഇങ്ങനെ