രോഹിത് ശർമ്മ മാറി ഹാർദിക് പാണ്ഡ്യ ഇന്ത്യന്‍ ടി20 ക്യാപ്റ്റനാകുമെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു
മുംബൈ: ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യക്കേറ്റ തോല്‍വിയെ ചൊല്ലിയുള്ള ചർച്ചകള്‍ അവസാനിക്കുന്നില്ല. രോഹിത് ശർമ്മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇതിനിടെ ഇന്ത്യയുടെ തോല്‍വിയില്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ഇർഫാന്‍ പത്താന്‍. ഓസ്ട്രേലിയ വേദിയായ ടി20 ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റായിരുന്നു ഇന്ത്യന്‍ ടീം പുറത്തായത്. 2021ല്‍ യുഎഇയില്‍ നടന്ന ലോകകപ്പിലും ഇന്ത്യക്ക് തോല്‍വിയായിരുന്നു ഫലം.
ഏറെ മാറ്റങ്ങള്‍ നിർദേശിച്ച് പത്താന്‍
ക്യാപ്റ്റന്‍സി മാറ്റം മത്സരം ഫലത്തില്‍ മാറ്റം കൊണ്ടുവരും എന്ന് ചിന്തിക്കരുത്. ടീമിന്‍റെ സമീപനമാണ് മാറേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് മുന്നോട്ടുപോകണം, ഓപ്പണർമാർ സ്വതന്ത്രമായി കളിക്കണം(ഒരാളെങ്കിലും). വിക്കറ്റെടുക്കുന്ന റിസ്റ്റ് സ്പിന്നർ ടീമില്‍ വേണം, പേസർമാരിലും മാറ്റം വേണമെന്നും ഇർഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു.
Indian cricket going forward 1) Openers playing freely, At least one of them. 2) Wrist spinner (wicket taker ) is must. 3) Tear away fast bowler. 4) please don’t think changing captaincy will give us changed result. It’s the approach what needs to change.
— Irfan Pathan (@IrfanPathan)
രോഹിത് ശർമ്മ മാറി ഹാർദിക് പാണ്ഡ്യ ഇന്ത്യന്‍ ടി20 ക്യാപ്റ്റനാകുമെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ക്യാപ്റ്റനായി പാണ്ഡ്യയെ മാത്രം പരിഗണിക്കരുത് എന്നാണ് പത്താന്‍റെ നിലപാട്. 'ഹാർദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറാണ്. അദേഹത്തിന് പരിക്ക് പ്രശ്നങ്ങളുമുണ്ട്. ലോകകപ്പിന് തൊട്ടുമുമ്പ് ക്യാപ്റ്റന് പരിക്കേറ്റാല്‍ എന്ത് ചെയ്യും. ക്യാപ്റ്റന്‍ സ്ഥാനത്ത് മറ്റൊരു താരത്തെ കൂടി തയ്യാറാക്കി നിർത്തിയില്ലെങ്കില്‍ ടീം പ്രതിസന്ധിയിലാവും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഹാർദിക് മികച്ച ക്യാപ്റ്റന്‍സ് കാഴ്ചവെച്ചിരുന്നു. ഐപിഎല്‍ കിരീടം നേടി. മുന്നോട്ട് ടീമിനെ നയിക്കാന്‍ രണ്ട് പേർ വേണം. ഓപ്പണർമാരുടെ കാര്യത്തില്‍ പറയുന്ന പോലെ ഒരു കൂട്ടം നേതാക്കളും ടീമിലുണ്ടാവണം' എന്നും ഇർഫാന്‍ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.