IPL Final 2022: പാണ്ഡ്യ എറിഞ്ഞിട്ടു, കിരീടപ്പോരില്‍ രാജസ്ഥാനെതിരെ ഗുജറാത്തിന് 131റണ്‍സ് വിജയലക്ഷ്യം

By Gopalakrishnan C  |  First Published May 29, 2022, 9:59 PM IST

വണ്‍ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സ‍ഞ്ജു സാംസണ്‍ ലോക്കി ഫെര്‍ഗൂസനെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. ബട്‌ലറും സഞ്ജുവും കൂടി രാജസ്ഥാനെ പവര്‍പ്ലേയില്‍ 44 റണ്‍സിലെത്തിച്ചു. ഫെര്‍ഗൂസനെറിഞ്ഞ ഏഴാം ഓവറില്‍ 10 റണ്‍സടിച്ച് രാജസ്ഥാന്‍ 50 കടന്നു. എന്നാല്‍ മധ്യ ഓവറുകളില്‍ റാഷിദ് ഖാന്‍ രാജസ്ഥാനെ വരിഞ്ഞു മുറുക്കിയതോടെ സഞ്ജുവും ബട്‌ലറും സമ്മര്‍ദ്ദത്തിലായി.


അഹമ്മദാബാദ്: ഐപിഎല്‍ കിരീടപ്പോരാട്ടത്തില്‍(IPL Final 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans vs Rajasthan Royals) 131 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. 35 പന്തില്‍ 39 റണ്‍സെടുത്ത ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 11 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. ഗുജറാത്തിനായി ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ രണ്ടും റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കം മിന്നി, പിന്നെ മങ്ങി

Latest Videos

മുഹമ്മദ് ഷമിയുടെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത രാജസ്ഥാന്‍ യാഷ് ദയാലിന്‍റെ രണ്ടാം ഓവറില്‍ അഞ്ച് റണ്‍സടിച്ചു. ഷമി എറിഞ്ഞ മൂന്നാം ഓവറില്‍ 14 റണ്‍സടിച്ച യശസ്വി ജയ്‌സ്വാള്‍ രാജസ്ഥാനെ ടോപ് ഗിയറിലാക്കിയെങ്കിലും നാലാം ഓവറില്‍ യാഷ് ദയാലിനെതിരെ സിക്സടിച്ചതിന് പിന്നാലെ ജയ്‌സ്വാള്‍(16 പന്തില്‍ 22) വീണു.

വണ്‍ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സ‍ഞ്ജു സാംസണ്‍ ലോക്കി ഫെര്‍ഗൂസനെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. ബട്‌ലറും സഞ്ജുവും കൂടി രാജസ്ഥാനെ പവര്‍പ്ലേയില്‍ 44 റണ്‍സിലെത്തിച്ചു. ഫെര്‍ഗൂസനെറിഞ്ഞ ഏഴാം ഓവറില്‍ 10 റണ്‍സടിച്ച് രാജസ്ഥാന്‍ 50 കടന്നു. എന്നാല്‍ മധ്യ ഓവറുകളില്‍ റാഷിദ് ഖാന്‍ രാജസ്ഥാനെ വരിഞ്ഞു മുറുക്കിയതോടെ സഞ്ജുവും ബട്‌ലറും സമ്മര്‍ദ്ദത്തിലായി.

നടുവൊടിച്ച് പാണ്ഡ്യ

തന്‍റെ ആദ്യ ഓവറില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ(11 പന്തില്‍ 14) സായ് കിഷോറിന്‍റെ കൈകളിലെത്തിച്ചാണ് ഹാര്‍ദ്ദിക് പാണ്ഡ്യ രാജസ്ഥാന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ദേവ്‌ദത്ത് പടിക്കല്‍ ആദ്യ റണ്ണെടുക്കാന്‍ ഏഴ് പന്തുകള്‍ നേരിട്ടു. ഇതോടെ ബട്‌ലര്‍ക്കും സമ്മര്‍ദ്ദമായി. മുഹ്ഹമദ് ഷമിക്കെതിരെ രണ്ട് ബൗണ്ടറിയടിച്ച് ബട്‌ലര്‍ രാജസ്ഥാനെ മുന്നോട്ട് നയിച്ചെങ്കിലും ദേവ്ദത്ത് പടിക്കലിനെ((10 പന്തില്‍ 2)റാഷിദ് ഖാന്‍ വീണ്ടും രാജസ്ഥാനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.

The captain led from the front, scalping 3⃣ wickets, & was our top performer from the first innings of the 2022 Final. 👏 👏

A summary of his performance 🔽 pic.twitter.com/tAgwUmp72s

— IndianPremierLeague (@IPL)

ബട്‌ലര്‍ വീണു, രാജസ്ഥാനും

ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോളും മറുവശത്ത് ജോസ് ബട്‌ലര്‍ ഉള്ള ആത്മവിശ്വാസത്തിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ പതിമൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബട്‌ലറെ(35 പന്തില്‍ 39) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകകളിലെത്തിച്ച് പാണ്ഡ്യ രാജസ്ഥാന്‍റെ പ്രതീക്ഷകള്‍ എറിഞ്ഞിട്ടു. ബട്‌ലര്‍ മടങ്ങിയശേഷം എത്തിയ അശ്വിനും ഹെറ്റ്മെയറും ചേര്‍ന്ന് രാജസ്ഥാനെ കരകയറ്റാന്‍ ശ്രമിച്ചു. ഹാര്‍ദ്ദിക്കിനെതിരെ രണ്ട് ബൗണ്ടറിയടിച്ച് ഹെറ്റ്മെയര്‍ പ്രതീക്ഷ നല്‍കിയെങ്കിലും തന്‍റെ സ്പെല്ലിലെ അവസാന പന്തില്‍ ഹെറ്റ്മെയറെയും(12 പന്തില്‍ 11) മടക്കി ഹാര്‍ദ്ദിക്ക് രാജസ്ഥാന്‍റെ പ്രതീക്ഷ തകര്‍ത്തു.

ഹെറ്റ്മെയര്‍ക്ക് പിന്നാലെ സായ് കിഷോറിനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ അശ്വിനും(9 പന്തില്‍ 6) മടങ്ങിയതോടെ 100 കടക്കും മുമ്പെ രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞു. ഏഴാം ഓവറില്‍ 50 കടന്ന രാജസ്ഥാന്‍ 16.2 ഓവറിലാണ് 100 കടന്നത്. സായ് കിഷോറിനെതിരെ സിക്സടിച്ച ബോള്‍ട്ട്(6 പന്തില്‍ 11) അടുത്ത പന്തില്‍ മടങ്ങി. അവസാനം റിയാന്‍ പരാഗ്(15 പന്തില്‍ 15) നടത്തിയ പോരാട്ടം രാജസ്ഥാനെ 130ല്‍ എത്തിച്ചു. ഗുജറാത്തിനായി ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ രണ്ടോവറില്‍ 20 റണ്‍സിന് രണ്ടും ങാഷിദ് ഖാന്‍ നാലോവറില്‍ 18 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ(RCB) രണ്ടാം ക്വാളിഫയര്‍ കളിച്ച ടീമില്‍  മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങയത്. അതേസമയം, ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച ടീമില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസന്‍ ഗുജറാത്തിന്‍റെ അന്തിമ ഇലവനിലെത്തി.

click me!