ഐപിഎല്‍ ലേലം: കൊല്‍ക്കത്തക്ക് വലിയ നഷ്ടം, ഓസീസ് ക്യാപ്റ്റന്‍ ഐപിഎല്ലിനില്ല

By Gopala krishnan  |  First Published Nov 15, 2022, 11:38 AM IST

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനില്ലെന്ന കഠിനമായ ആ തീരുമാനം ഞാന്‍ എടുക്കുന്നു എന്നായിരുന്നു കമിന്‍സിന്‍റെ ട്വീറ്റ്. അടുത്ത 12 മാസത്തെ രാജ്യാന്തര മത്സര ഷെഡ്യൂള്‍ തിരക്കേറിയതാണെന്നും അതുകൊണ്ട് ലോകകപ്പിനും ആഷസിനും മുമ്പ് വിശ്രമം എടുക്കുന്നതിനായാണ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറുന്നതെന്നും കമിന്‍സ് ട്വീറ്റില്‍ വ്യക്തമാക്കി.


കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണ് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ തിരിച്ചടി. ഓസ്ട്രേലിയന്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ പേസര്‍ പാറ്റ് കമിന്‍സ് ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ നിന്ന് പിന്‍മാറി. തിരക്കേറിയ രാജ്യാന്തര മത്സര ഷെഡ്യൂള്‍ ചൂണ്ടിക്കാട്ടിയാണ് കമിന്‍സിന്‍റെ പിന്‍മാറ്റം. കഴിഞ്ഞ മൂന്ന് സീസണിലും കൊല്‍ക്കത്തക്കായി കളിച്ച കമിന്‍സിന് കഴിഞ്ഞ സീസണില്‍ ഇടുപ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന് സീസണിലെ പകുതി മത്സരങ്ങള്‍ നഷ്ടമായിരുന്നു.

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനില്ലെന്ന കഠിനമായ ആ തീരുമാനം ഞാന്‍ എടുക്കുന്നു എന്നായിരുന്നു കമിന്‍സിന്‍റെ ട്വീറ്റ്. അടുത്ത 12 മാസത്തെ രാജ്യാന്തര മത്സര ഷെഡ്യൂള്‍ തിരക്കേറിയതാണെന്നും അതുകൊണ്ട് ലോകകപ്പിനും ആഷസിനും മുമ്പ് വിശ്രമം എടുക്കുന്നതിനായാണ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറുന്നതെന്നും കമിന്‍സ് ട്വീറ്റില്‍ വ്യക്തമാക്കി.

I’ve made the difficult decision to miss next years IPL. The international schedule is packed with Tests and ODI’s for the next 12 months, so will take some rest ahead of an Ashes series and World Cup. pic.twitter.com/Iu0dF73zOW

— Pat Cummins (@patcummins30)

Latest Videos

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്ത് തന്‍റെ സാഹചര്യം മനസിലാക്കുമെന്നും  കൊല്‍ക്കത്തയെപ്പോലെ മികച്ചൊരു ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനുമൊപ്പം വൈകാതെ വീണ്ടും ഒത്തുചേരാനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും കമിന്‍സ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച അവസാനിച്ച ടി20 ലോകകപ്പില്‍ കമിന്‍സ് നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് വിക്കറ്റ് മാത്രമാണ് കമിന്‍സിന് നേടാനായത്.

ഇന്ത്യക്കെതിരായ ടി20- ഏകദിന പരമ്പര; ന്യൂസിലന്‍ഡിനെ വില്യംസണ്‍ നയിക്കും, സൂപ്പര്‍ താരങ്ങള്‍ പുറത്ത്

നേരത്തെ ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സാം ബില്ലിംഗ്സും ഈ സീസണില്‍ നിന്ന് കൊല്‍ക്കത്ത ടീമില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ കമിന്‍സിന്‍റെ പിന്‍മാറ്റം കൊല്‍ക്കത്തയെ വലിയ രീതിയില്‍ ബാധിക്കില്ലെന്നാണ് കരുതുന്നത്. 2020ലെ ഐപിഎല്‍ താരലേലത്തില്‍ 15.5 കോടി രൂപ മുടക്കിയാണ് കൊല്‍ക്കത്ത കമിന്‍സിനെ ടീമിലെടുത്തത്. ടെസ്റ്റിലും ഏകദിനത്തിലും മികവു കാട്ടുന്ന കമിന്‍സിന് പക്ഷെ ടി20 ക്രിക്കറ്റില്‍ ഇതുവരെ ആ മികവ് പുറത്തെടുക്കാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 14 പന്തില്‍ 50 റണ്‍സടിച്ച് ബാറ്റിംഗില്‍ തിളങ്ങിയത് മാത്രമാണ് കമിന്‍സിന്‍റെ ശ്രദ്ധേയ സംഭാവന. ഐപിഎല്ലിലെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡിനൊപ്പമെത്താനും ഇതിലൂടെ കമിന്‍സിനായി.

ടെസ്റ്റ് നായകനായിരുന്ന കമിന്‍സിനെ ആരോണ്‍ ഫിഞ്ചിന് പകരം ഏകദിന നായകനായും ഓസ്ട്രേലിയ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കമിന്‍സാവും ഓസീസിനെ നയിക്കുക. ഏകദിന ലോകകപ്പിനുശേഷം ജൂണ്‍ 16 മുതല്‍ ജൂലൈ 31വരെ ഇംഗ്ലണ്ടുമായി അഞ്ച് മത്സര ആഷസ് പരമ്പരയിലും ഓസ്ട്രേലിയ കളിക്കുന്നുണ്ട്.

click me!