വീണ്ടുമൊരു മികച്ച സ്കോറിലേക്ക് മാത്രമല്ല, ഏറെ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് കൂടിയാണ് സഞ്ജു സീസണില്‍ അടുത്ത ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഇറങ്ങുക
അഹമ്മദാബാദ്: സമ്മിശ്രമായ ഒരു ഐപിഎല്‍ സീസണ്‍ തുടക്കം, ഐപിഎല്‍ പതിനെട്ടാം എഡിഷനിന്‍റെ ആരംഭം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് ഇങ്ങനെയാണ്. സീസണില്‍ റോയല്‍സിന്‍റെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 37 പന്തില്‍ 66 റണ്‍സുമായി സഞ്ജു ത്രസിപ്പിക്കുന്ന തുടക്കം നേടിയിരുന്നു. എന്നാല്‍ ഇതിന് ശേഷം മലയാളി ബാറ്റര്‍ക്ക് ബിഗ് സ്കോറിലേക്ക് എത്താനായില്ല. സീസണിലെ അഞ്ചാം മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെ.
വീണ്ടുമൊരു മികച്ച സ്കോറിലേക്ക് മാത്രമല്ല, ഏറെ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് കൂടിയാണ് സഞ്ജു സീസണില്‍ അടുത്ത ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഇറങ്ങുക. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങുന്നതോടെ സഞ്ജു സാംസണ്‍ കരിയറില്‍ 300 ടി20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ടി20യില്‍ 350 സിക്‌സുകള്‍ എന്ന നാഴികക്കല്ലിലേക്ക് സഞ്ജുവിന് എട്ട് ബിഗ് ഷോട്ടുകളുടെ അകലം മാത്രം. 121 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 4000 റണ്‍സ് തികയ്ക്കാമെന്നതും പ്രത്യേകത. അങ്ങനെ നേട്ടങ്ങള്‍ വാരിക്കൂട്ടാനാണ് സഞ്ജു ക്രീസിലെത്തുന്നത്. ഒപ്പം ഏറെ വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മൈതാനത്ത് മറുപടി നല്‍കേണ്ടതുണ്ടും.
ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഇതുവരെ നാല് മത്സരങ്ങളാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് കളിച്ചത്. ആദ്യ രണ്ട് കളികളും റോയല്‍സ് തോറ്റപ്പോള്‍ അടുത്ത രണ്ടിലും ജയം സ്വന്തമായി. ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് സഞ്ജുപ്പട ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളത്തിലെത്തുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സഞ്ജു മടങ്ങിയെത്തിയതോടെ ടീം ഉണര്‍വ്വിലായിക്കഴിഞ്ഞു.
സഞ്ജുവിന് ഗുജറാത്തിനെതിരായ മത്സരം ഏറെ നിര്‍ണായകമാണ്. നേരത്തെ സൂചിപ്പിച്ചുവല്ലോ, മികച്ച അര്‍ധസെഞ്ചുറിയുമായാണ് സഞ്ജു ഐപിഎല്‍ 2025 തുടങ്ങിയത്. പിന്നീടങ്ങോട്ട് കാലിടറി. പ്രശ്‌നം, പതിവ് ഷോട്ട് സെലക്ഷന്‍ തന്നെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 11 പന്തില്‍ 13 റണ്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 16 പന്തില്‍ 20, പഞ്ചാബ് കിംഗ്സിനെതിരെ 26 പന്തില്‍ 28 എന്നിങ്ങനെയായിരുന്നു മറ്റ് മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന്‍റെ സ്കോറുകള്‍. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിന്‍റെ അതിവേഗക്കാരന്‍ ലോക്കി ഫെര്‍ഗൂസണിന്‍റെ പന്തില്‍ മിഡ് ഓഫിലേക്ക് കളിക്കാന്‍ ശ്രമിച്ചായിരുന്നു സഞ്ജുവിന്‍റെ പുറത്താകല്‍. അന്നും ഷോട്ട് സെലക്ഷനിലെ പ്രശ്നത്തിനും അമിതാവേശത്തിനും സഞ്ജു ഏറെപ്പേരില്‍ നിന്ന് പഴി കേട്ടു. ബാറ്റ് വായുവിലേക്ക് കറക്കിയെറിഞ്ഞാണ് സഞ്ജു തന്‍റെ നിരാശ പ്രകടിപ്പിച്ചത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് പോയിന്‍റ് പട്ടികയില്‍ ടോപ് ഫോറിലെത്താം. അതേസമയം ടൈറ്റന്‍സിന്‍റെ ലക്ഷ്യം ഒന്നാം സ്ഥാനമാണ്. മികച്ച ബാറ്റിംഗ് ടീമായ പഞ്ചാബിനെതിരെ 50 റൺസ് ജയം നേടിയതും, ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും പേസര്‍ ജോഫ്ര ആര്‍ച്ചറും ഫോമിലെത്തിയതും റോയല്‍സിന് ആശ്വാസമാണ്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് ചില്ലറക്കാരല്ല. ഐപിഎല്‍ 2025ലെ ആദ്യ മത്സരം തോറ്റ ശേഷം വിജയവഴിയിലൂടെയാണ് ടൈറ്റന്‍സ് വരുന്നത്.
Read more: പ്രിയാന്‍ഷ് ആര്യ, യുദ്ധഭൂമിയില്‍ പുതിയൊരു ഭടന്‍! ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയിട്ടുള്ള താരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം