രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിൽ ബാറ്റിംഗിനിടെ ഗെയ്ക്വാദിന് പരിക്കേറ്റിരുന്നു.
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് ഒരുപോലെ സന്തോഷവും നിരാശയും സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ മികച്ച ഫോമിലുള്ള നായകൻ റിതുരാജ് ഗെയ്ക്വാജ് കളിച്ചേക്കില്ല. എന്നാൽ, ഗെയ്ക്വാദിന്‍റെ അഭാവത്തിൽ നായക സ്ഥാനം വീണ്ടും മഹേന്ദ്ര സിംഗ് ധോണി ഏറ്റെടുക്കുമെന്നാണ് വിവരം.
ധോണി വീണ്ടും നായകനാകുന്നതിൽ ആരാധകര്‍ക്ക് സന്തോഷമുണ്ടെങ്കിലും ഗെയ്ക്വാദിന്‍റെ അഭാവം ബാറ്റിംഗ് നിരയെ ബാധിക്കുമെന്നതാണ് ആശങ്കയാകുന്നത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ധോണി നായകനായാൽ വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകര്‍ക്ക് ചിന്തിക്കാൻ പോലുമാകില്ല. ഒരുപക്ഷേ, 43കാരനായ ധോണി ചെന്നൈയെ അവസാനമായി നയിക്കാൻ പോകുന്ന മത്സരവും ഇത് തന്നെയാകാൻ സാധ്യത കൂടുതലാണ്.
ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെ നടന്ന അവസാന മത്സരത്തിൽ കൈമുട്ടിനേറ്റ പരിക്കിൽ നിന്ന് റിതുരാജ് ഗെയ്‌ക്‌വാദ് പൂർണ്ണമായും സുഖം പ്രാപിച്ചിട്ടില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ധോണി ക്യാപ്റ്റനായി ചുമതലയേൽക്കുമെന്നാണ് റിപ്പോര്‍ട്ട്. മത്സര ദിനമായ ശനിയാഴ്ച മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകുകയുള്ളൂ. പരിശീലന സെഷനിൽ ഗെയ്‌ക്‌വാദിന്റെ ഫിറ്റ്‌നസ് വിലയിരുത്തുമെന്ന് ചെന്നൈയുടെ ബാറ്റിംഗ് പരിശീലകൻ മൈക്കൽ ഹസി അറിയിച്ചിട്ടുണ്ട്. ടീം ഒരു താൽക്കാലിക ക്യാപ്റ്റനെ പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിന് "സ്റ്റമ്പിന് പിന്നിലെ ഒരു ചെറുപ്പക്കാരൻ" നായകനാകാൻ സാധ്യതയുണ്ടെന്ന് ഹസി സൂചന നൽകിയതോടെയാണ് ധോണിയുടെ നായകത്വം സംബന്ധിച്ച ചര്‍ച്ചകൾക്ക് ചൂട് പിടിച്ചിരിക്കുന്നത്.
അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാറ്റ് ചെയ്യുന്നതിനിടെയാണ് റിതുരാജിന് കൈമുട്ടിന് പരിക്കേറ്റത്. ഒരാഴ്ച നീണ്ട ഇടവേള ഉണ്ടായിരുന്നിട്ടും ഗെയ്ക്വാദ് പൂര്‍ണമായി പരിക്കിൽ നിന്ന് മോചിതനായിട്ടില്ല. തോൽവിയറിയാതെ കുതിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെ പിടിച്ചുകെട്ടാൻ ചെന്നൈ ടീമിൽ ഗെയ്ക്വാദിന്‍റെ സാന്നിധ്യം ഏറെ പ്രധാനമാണെന്നതിൽ സംശയമില്ല. 2023 ൽ കിരീടം നേടിയ സീസണിലാണ് എം എസ് ധോണി അവസാനമായി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ചത്.
READ MORE: കുതിച്ചുപാഞ്ഞ മാര്‍ഷിനെ പുറത്താക്കി മലയാളി പയ്യന്‍റെ ഗൂഗ്ലി! വീണ്ടും താരമായി വിഘ്നേഷ് പുത്തൂര്‍