ഹിറ്റ്മാനും റിക്കൽട്ടണും വീണു; പവര്‍ പ്ലേയിൽ മുംബൈയെ പിടിച്ചുനിര്‍ത്തി ആര്‍സിബി

Published : Apr 07, 2025, 10:06 PM IST
ഹിറ്റ്മാനും റിക്കൽട്ടണും വീണു; പവര്‍ പ്ലേയിൽ മുംബൈയെ പിടിച്ചുനിര്‍ത്തി ആര്‍സിബി

Synopsis

രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് കാണാനെത്തിയ ആരാധകര്‍ ഇന്നും നിരാശരായി. 

മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 222 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യൻസിന് തുടക്കത്തിൽ തന്നെ തിരിച്ചടി. പവര്‍ പ്ലേ അവസാനിക്കുമ്പോൾ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും (17) റിയാൻ റിക്കൽട്ടന്റെയും (17) വിക്കറ്റുകൾ മുംബൈയ്ക്ക് നഷ്ടമായി. 14 റൺസുമായി വിൽ ജാക്സും 6 റൺസുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസിൽ. 6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ മുംബൈ 54ന് 2 എന്ന നിലയിൽ. 

പതിവുപോലെ തുടക്കത്തിൽ ഫോമിലാണെന്ന് തോന്നിപ്പിച്ച രോഹിത് വൈകാതെ തന്നെ മടങ്ങി. ആദ്യ ഓവറിന്‍റെ നാലാം പന്തിൽ ഭുവനേശ്വര്‍ കുമാറിനെ ബൗണ്ടറിയ്ക്ക് പുറത്തേയ്ക്ക് അടിച്ച് രോഹിത് മുംബൈയ്ക്ക് ആഗ്രഹിച്ച തുടക്കം നൽകി. അവസാന പന്തിൽ റിയാൻ റിക്കൽട്ടൺ ബൗണ്ടറി കൂടി നേടിയതോടെ ആദ്യ ഓവറിൽ തന്നെ 13 റൺസ് പിറന്നു. രണ്ടാം ഓവറിൽ യാഷ് ദയാലിനെതിരെ തുടര്‍ച്ചയായി 2 ബൗണ്ടറികൾ നേടിയ രോഹിതിനെ മൂന്നാം പന്തിൽ പുറത്താക്കി ദയാൽ ആര്‍സിബിയ്ക്ക് മേൽക്കൈ നൽകി. 9 പന്തിൽ 17 റൺസ് നേടിയ രോഹിത് താൻ ഫോമിലല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. 2 ഓവര്‍ പിന്നിട്ടപ്പോൾ മുംബൈയുടെ സ്കോര്‍ 25/1.

മൂന്നാം ഓവറിൽ ഭുവനേശ്വര്‍ കുമാറിനെതിരെ തുടര്‍ച്ചയായി 2 ബൗണ്ടറികൾ പായിച്ച് റിയാൻ റിക്കൽട്ടൺ വാങ്കഡെയെ ഇളക്കി മറിച്ചു. തൊട്ടടുത്ത ഓവറിൽ ജോഷ് ഹേസൽവുഡിനെ പന്തേൽപ്പിച്ച നായകൻ രജത് പാട്ടീദാറിന്‍റെ തന്ത്രം ഫലിച്ചു. മൂന്നാം പന്തിൽ റിക്കൽട്ടൺ ബൗണ്ടറി നേടി. എന്നാൽ, അഞ്ചാം പന്തിൽ റിക്കൽട്ടണെ വിക്കറ്റിന് മുന്നിൽ കുരുക്കി ഹേസൽവുഡ് വീണ്ടും ആര്‍സിബിയെ മുന്നിലെത്തിച്ചു. അഞ്ചാം ഓവറിൽ ഒരു സിക്സറും ഒരു ബൗണ്ടറിയും സഹിതം യാഷ് ദയാൽ 14 റൺസ് വിട്ടുകൊടുത്തതോടെ മുംബൈയുടെ സ്കോര്‍ 50 കടന്നു. പവര്‍ പ്ലേയുടെ അവസാന ഓവറിൽ വെറും 2 റൺസ് മാത്രം വിട്ടുകൊടുത്ത ജോഷ് ഹേസൽവുഡ് ആര്‍സിബി നേടിയ മുൻതൂക്കം നിലനിര്‍ത്തി. 

READ MORE: മുംബൈയ്ക്ക് മുന്നിൽ റൺമല തീര്‍ത്ത് ആര്‍സിബി; തകര്‍ത്തടിച്ച് പാട്ടീദാറും കോലിയും, വിജയലക്ഷ്യം 222 റൺസ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്