വിഗ്നേഷ് പുത്തൂരിന് എന്തുകൊണ്ട് ഒരോവര്‍ മാത്രം? മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചത് ഹാര്‍ദിക് പാണ്ഡ്യ!

വിമര്‍ശകരുടെ വായടപ്പിച്ച് തിലക് വര്‍മ്മ, പക്ഷേ മിച്ചല്‍ സാന്‍റ്നര്‍ ഇപ്പോഴും ടീമിലെന്തിന്? ട്രെന്‍ഡ് ബോള്‍ട്ട് 57 റണ്‍സ് വഴങ്ങി, വിഗ്നേഷ് പുത്തൂരിന് ഒരോവര്‍ മാത്രവും, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ചില തീരുമാനങ്ങള്‍

ipl 2025 captain hardik pandya bizarre tactics is the big reason for mumbai indians lose against rcb at Wankhede Stadium

മുംബൈ: 430 റണ്‍സ്, ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഒരു ഇടവേളയ്ക്ക് ശേഷം കണ്ട റണ്‍ഫെസ്റ്റ്. പക്ഷേ സ്വന്തം മൈതാനത്ത് മുംബൈ ഇന്ത്യന്‍സിന് 12 റണ്‍സിന്‍റെ തോല്‍വി. മറുവശത്ത് ആര്‍സിബി വാംഖഡെയില്‍ നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജയിച്ചുകയറി. ആദ്യം ബാറ്റ് ചെയ്ത് പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന്‍റെ നിയന്ത്രണം തുടക്കത്തിലെ കൈക്കലാക്കി. പലപ്പോഴും പാളിയ തന്ത്രങ്ങള്‍ കൊണ്ട് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മത്സരം കൈവിട്ടു. അതേസമയം ബാറ്റിംഗില്‍ മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക്കും തിലക് വര്‍മ്മയും പ്രായ്ശ്ചിത്തം ചെയ്തു. എന്തൊക്കെയാണ് വാംഖഡെയിലെ മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തില്‍ വഴിത്തിരിവായത്. 

ആര്‍സിബി പടനയിച്ച് പാടിദാര്‍

Latest Videos

നാല് റണ്‍സില്‍ നില്‍ക്കേ ബെംഗളൂരു ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്‍റെ ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിളക്കിയതൊന്നും ആര്‍സിബിയെ ബാധിച്ചില്ല. അര്‍ധ സെഞ്ചുറികളുമായി സഹ ഓപ്പണര്‍ വിരാട് കോലിയും ക്യാപ്റ്റന്‍ രജത് പാടിദാറും ആര്‍സിബിയെ കൈപിടിച്ചുനടത്തി. കോലി വക 42 പന്തില്‍ 67, പാടിദാറിന് 32 പന്തില്‍ 64. ഇടയ്ക്ക് 22 പന്തില്‍ 37 റണ്‍സുമായി ദേവ്‌ദത്ത് പടിക്കലിന്‍റെ രക്ഷാപ്രവര്‍ത്തനം. അവസാന ഓവറുകളില്‍ ആര്‍സിബിയെ അനായാസം 221ലെത്തിച്ച് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയുടെ കാമിയോ. ജിതേഷ് 19 പന്തില്‍ പുറത്താവാതെ 40*. 

ബോള്‍ട്ടിന് എന്തിന് ഡെത്ത് ഓവര്‍?

എന്തുകൊണ്ട് തുടക്കം പതറിയിട്ടും ആര്‍സിബി 5 വിക്കറ്റിന് 221 എന്ന പടുകൂറ്റന്‍ സ്കോറിലെത്തി? മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ചില കണക്കുകൂട്ടലുകള്‍ പിഴച്ചു എന്നതാണ് യാഥാര്‍ഥ്യം. മികച്ച തുടക്കം നേടിയിട്ടും പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ ഡെത്ത് ഓവറിലേക്ക് കാത്തുവച്ചത് തിരിച്ചടിച്ചത് ഒന്നാമത്തെ പ്രശ്നം. മുമ്പും ബോള്‍ട്ട് ഡെത്ത് ഓവറില്‍ മികച്ച റെക്കോര്‍ഡിന് ഉടമയല്ല. മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് ബോള്‍ട്ടിനെ ഡെത്ത് ഓവറിലേക്ക് നീട്ടിവയ്ക്കാറില്ലായിരുന്നു. ആ ബോള്‍ട്ടിനെതിരെ നാലോവറില്‍ ബെംഗളൂരു 57 റണ്‍സടിച്ചു. അങ്ങനെ ഐപിഎല്‍ കരിയറില്‍ ആദ്യമായി ബോള്‍ട്ട് ഒരിന്നിംഗ്സില്‍ 50 റണ്‍സിലധികം വഴങ്ങി. ബോള്‍ട്ട് എറിഞ്ഞ 16-ാം ഓവറില്‍ 18 ഉം, 19-ാം ഓവറില്‍ 15 ഉം റണ്‍സ് പിറന്നു. തന്‍റെ ആദ്യ രണ്ടോവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത ബോള്‍ട്ടിന് അവസാന രണ്ടോവറില്‍ കിട്ടി 33.

വിഗ്നേഷിന് ഒരോവര്‍, സാന്‍റ്‌നര്‍ക്ക് നാല്! എന്നിട്ടോ?  

ഈ സീസണില്‍ ഇതുവരെ ഇംപാക്ട് സൃഷ്ടിക്കാത്ത സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നര്‍ക്ക് നാലോവര്‍ നല്‍കിയത് ഹാര്‍ദിക് പാണ്ഡ്യയുടെ മറ്റൊരു പിഴവ്. സാന്‍റ്‌നര്‍ 40 റണ്‍സ് വിട്ടുകൊടുത്തു. മത്സരത്തിലെ വിക്കറ്റ് ടേക്കിംഗ് ബൗളറായ വിഗ്നേഷ് പുത്തൂരിന് അതേസമയം നല്‍കിയത് ഒരൊറ്റ ഓവര്‍. സ്‌പിന്നിനെ നന്നായി കൈകാര്യം ചെയ്യുന്ന ആര്‍സിബി നായകന്‍ രജത് പാടിദാറിന് മുന്നിലേക്ക് വിക്കിയെ ഇട്ടുകൊടുക്കാതിരുന്നത് പാണ്ഡ്യയുടെ മിടുക്കായി കരുതാം. എങ്കിലും ഒരോവറിന് വേണ്ടിയായിരുന്നോ വിഗ്നേഷിനെ കളിപ്പിച്ചത് എന്ന ചോദ്യം അവശേഷിക്കുന്നു. 2 ഓവറില്‍ 29 വഴങ്ങിയെങ്കിലും മീഡിയം പേസര്‍ ദീപക് ചാഹറിനും വീണ്ടും അവസരം നല്‍കാമായിരുന്നു. ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാടിദാറിനെ പൂട്ടാന്‍ യാതൊരു തന്ത്രവും പാണ്ഡ്യയുടെ പക്കലില്ലാതെപോയതും നിര്‍ണായകമായി. പാണ്ഡ്യ സ്വയം പന്തെടുത്ത 17-ാം ഓവറില്‍ പാടിദാര്‍- ജിതേഷ് സഖ്യം 23 റണ്‍സാണടിച്ചത്. 

അണയുന്ന ഹിറ്റ്‌മാനിസം

മറുപടി ബാറ്റിംഗില്‍ മുംബൈ ഇന്ത്യന്‍സ് പോരാടി എന്ന് സമ്മതിക്കാതെവയ്യ. ഇംപാക്ട് സബ് രോഹിത് ശര്‍മ്മ വീണ്ടും പരാജയമായി. ഹിറ്റ്‌മാനിസം കാണാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണം എന്ന് ആരാധകര്‍ ചോദിച്ചുപോകുന്നു. മുംബൈക്ക് ഐപിഎല്‍ 2025ല്‍ ഇതുവരെ ഓപ്പണര്‍മാര്‍ സെറ്റായിട്ടില്ലെന്ന് ഈ മത്സരവും തെളിയിച്ചു. മറ്റൊരു ഓപ്പണര്‍ റയാന്‍ റിക്കെള്‍ട്ടണും നിരാശ. വണ്‍ഡൗണായി ക്രീസിലെത്തിയ വില്‍ ജാക്സും 30 കടന്നില്ല. സൂര്യകുമാര്‍ യാദവിന് മുകളിലേക്ക് ഏറെ സമ്മര്‍ദം ഉരുണ്ടുകൂടി. ഇതിന് ശേഷമാണ് കഴിഞ്ഞ മത്സരത്തിലെ എല്ലാ പഴികള്‍ക്കും ഉരുളയ്ക്ക് ഉപ്പേരി മറുപടി നല്‍കി തിലക് വര്‍മ്മ- ഹാര്‍ദിക് പാണ്ഡ്യ വെടിക്കെട്ട് വരുന്നത്. സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയെ നാലുപാടും പറത്തി ഹാര്‍ദിക് തുടക്കത്തിലെ ട്രാക്കിലായി. തിലകും കഴിഞ്ഞ മത്സരത്തില്‍ റിട്ടയ്ഡ് ഔട്ടാക്കിയതിന് മധുരം പ്രതികാരം ചെയ്തു. തിലക് വര്‍മ്മയ്ക്ക് 29 പന്തില്‍ 56, ഹാര്‍ദിക് പാണ്ഡ്യക്ക് 15 പന്തില്‍ 42. 

ക്രുനാല്‍ പാണ്ഡ്യ തീര്‍ത്തു

തിലകിനെ 18-ാം ഓവറില്‍ ഭുവിയും ഹാര്‍ദിക്കിനെ 19-ാം ഓവറില്‍ ഹേസല്‍വുഡും മടങ്ങിയതോടെ ആര്‍സിബി കളി തിരിച്ചുപിടിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്സിലെ അവസാന ഓവറില്‍ 3 വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യക്ക് മുന്നില്‍ ആതിഥേയര്‍ പൂര്‍ണമായും അടിയറവ് പറഞ്ഞു. മുംബൈ സ്കോര്‍ 20 ഓവറില്‍ 209-9. ആര്‍സിബിക്ക് 12 റണ്‍സ് വിജയം. ആര്‍സിബിയുടെ ആദ്യ ഇന്നിംഗ്സിന് ശേഷം വിരാട് കോലി പറഞ്ഞത് ശരിതന്നെ പാടിദാറും ജിതേഷും ചേര്‍ന്ന് ഞങ്ങള്‍ക്ക് 20 റണ്‍സ് അധികം നല്‍കിക്കഴിഞ്ഞു. അതേ, അതാണ് മത്സരത്തില്‍ വഴിത്തിരിവായത്. ബൗളിംഗ് ചേഞ്ചുകളില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മത്സരത്തില്‍ മുംബൈക്ക് അല്‍പംകൂടി പ്രതീക്ഷവെയ്ക്കാമായിരുന്നു. 

Read more: ധോണിയെ വെല്ലും ഡിആര്‍എസ്; 'പന്ത് കുത്തിയത് ഇവിടെയാണ്', ക്യാപ്റ്റനെ തൊട്ടുകാണിച്ച് റിവ്യൂ എടുപ്പിച്ച് ജിതേഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!