സഞ്ജുവിനെ ടോപ് 5ൽ നിന്ന് പുറത്താക്കി കെ എല്‍ രാഹുല്‍, ഓറഞ്ച് ക്യാപ്പിനായി പോരാട്ടം കനക്കുന്നു

By Web Team  |  First Published Apr 20, 2024, 8:29 AM IST

ഏഴ് കളികളില്‍ 263 റണ്‍സടിച്ചിട്ടുള്ള ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലാണ് ഏഴാമത്. ഹെന്‍റിച്ച് ക്ലാസന്‍(253), ജോസ് ബട്‌ലര്‍(250), നിക്കോളാസ് പുരാന്‍(246) എന്നിവരാണ് ആദ്യ പത്തിലുള്ളത്.


ലഖ്നൗ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചതോടെ പോയന്‍റ് പട്ടികയിലെ സ്ഥാനങ്ങളില്‍ മാറ്റം വന്നില്ലെങ്കിലും റണ്‍വേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പട്ടികയില്‍ മാറ്റം. രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ടോപ് ഫൈവില്‍ നിന്ന് പുറത്തായതാണ് പ്രധാന മാറ്റം.

53 പന്തില്‍ 82 റണ്‍സുമായി ലഖ്നൗവിന്‍റെ ടോപ് സ്കോററായ കെ എല്‍ രാഹുല്‍ 286 റണ്‍സുമായി ടോപ് ഫൈവിലെത്തി. ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിക്കും(361), രണ്ടാം സ്ഥാനത്തുള്ള റിയാന്‍ പരാഗിനും(318), മൂന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മക്കും(297) പിന്നിലായി നാലാം സ്ഥാനത്താണ് രാഹുല്‍ ഇപ്പോള്‍. ഈ നാലു പേരും ഏഴ് മത്സരങ്ങളില്‍ നിന്നാണ് ഇത്രയും റണ്‍സടിച്ചതെങ്കില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 276 റണ്‍സടിച്ച കൊല്‍ക്കത്തയുടെ സുനില്‍ നരെയ്നാണ് റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്ത്.

Latest Videos

ടി20 ലോകകപ്പ് ടീമില്‍ വേണ്ടത് സഞ്ജുവിനെപ്പോലെയുള്ള താരങ്ങള്‍, തുറന്നു പറഞ്ഞ് മഞ്ജരേക്കര്‍

രാഹുല്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ ഏഴ് കളികളില്‍ 276 റണ്‍സടിച്ചിട്ടുള്ള സഞ്ജു സാംസണ്‍ ആറാം സ്ഥാനത്തായി. ഏഴ് കളികളില്‍ 263 റണ്‍സടിച്ചിട്ടുള്ള ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലാണ് ഏഴാമത്. ഹെന്‍റിച്ച് ക്ലാസന്‍(253), ജോസ് ബട്‌ലര്‍(250), നിക്കോളാസ് പുരാന്‍(246) എന്നിവരാണ് ആദ്യ പത്തിലുള്ളത്.  നേരത്തെ ടോപ് 10ല്‍ ഉണ്ടായിരുന്ന റിഷഭ് പന്ത് 210 റണ്‍സുമായി പത്തൊമ്പതാം സ്ഥാനത്തേക്ക് വീണപ്പോള്‍ 226 റണ്‍സുള്ള ദിനേശ് കാര്‍ത്തിക് 17-ാം സ്ഥാനത്തുണ്ട്.

ടോപ് ഫൈവിലുള്ള സുനില്‍ നരെയ്നും വിരാട് കോലിയും നാളെ മത്സരത്തിനിറങ്ങുന്നുണ്ട്. അതുപോലെ നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിംഗ്സിനെ നേരിടും. പഞ്ചാബിനെതിരെ ഫോമിലായാല്‍ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിന് സഞ്ജുവിനെ മറികടന്ന് മുന്നേറാന്‍ അവസരം ലഭിക്കും. തിങ്കളാഴ്ച സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആണ് സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് അടുത്ത മത്സരം.

ഐപിഎല്ലിലെ മൂല്യമേറിയ ടീം, ചെന്നൈയെ പിന്നിലാക്കി മുംബൈ ഇന്ത്യൻസ്; സഞ്ജുവിന്‍റെ രാജസ്ഥാന്‍ അവസാന സ്ഥാനത്ത്

വിക്കറ്റ് വേട്ടക്കാരുടെ പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ ഏഴ് മത്സരങ്ങളില്‍ 13 വിക്കറ്റുമായി ജസ്പ്രീത് ബുമ്ര തന്നെയാണ് ഒന്നാമത്. യുസ്‌വേന്ദ്ര ചാഹല്‍(12), ജെറാള്‍ഡ് കോയെറ്റ്സീ(12), മുസ്തഫിസുര്‍ റഹ്മാന്‍(11), ഖലീല്‍ അഹമ്മദ്(10) എന്നിവരാണ് ടോപ് ഫൈവിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!