കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണ് രാജസ്ഥാൻ റോയൽസ്. സഞ്ജുവിനൊപ്പം ജോസ് ബട്‍ലർ, യശ്വസി ജയ്‍സ്വാൾ, ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവർ കൂടി ചേരുമ്പോൾ രാജസ്ഥാന്റെ ബാറ്റിംഗ് നിര ശക്തമാണ്.
ഹൈദരാബാദ്: മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഐപിഎൽ 2023 സീസണിലെ ആദ്യ മത്സരത്തിന് ഇന്നിറങ്ങും. വൈകിട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ സൺറൈസേഴ്സ് ഹൈദരാബാദ് ആണ് എതിരാളികൾ. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണ് രാജസ്ഥാൻ റോയൽസ്. സഞ്ജുവിനൊപ്പം ജോസ് ബട്‍ലർ, യശ്വസി ജയ്‍സ്വാൾ, ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവർ കൂടി ചേരുമ്പോൾ രാജസ്ഥാന്റെ ബാറ്റിംഗ് നിര ശക്തമാണ്.
ട്രെന്റ് ബോൾട്ട്, ജേസൺ ഹോൾഡർ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവരാണ് ബൗളിംഗ് നിരയിലുള്ളത്. എയ്ഡൻ മാർക്രാം ടീമിനൊപ്പം ചേരാത്തതിനാൽ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനെ നയിക്കുക. മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്സ്, അബ്ദുൽ സമദ് തുടങ്ങിയവരിലാണ് ഹൈദരാബാദിന്റെ ബാറ്റിംഗ് പ്രതീക്ഷ. ഉമ്രാൻ മാലിക്, ടി. നടരാജൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ബൗളിംഗ് നിരയിലുമെത്തും.
ഐപിഎല്ലിന്റെ കന്നി സീസണ് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ വർഷം സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ കാഴ്ചവെച്ചത്. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പുമെല്ലാം നേടി രാജസ്ഥാൻ താരങ്ങളെ 2022ൽ കസറിയിരുന്നു. സഞ്ജു, ബട്‍ലർ എന്നിലരാണ് ടീമിന്റെ തുറുപ്പ് ചീട്ടുകൾ. നേരിടുന്ന ആദ്യ പന്ത് മുതൽ കൂറ്റനടികൾക്ക് പ്രാപ്തരായ ഇരുവരും ഫോം കണ്ടെത്തിയാൽ പിന്നെ രാജസ്ഥാന് തിരിഞ്ഞുനോക്കേണ്ടി വരില്ല. പക്ഷേ, ഇന്ന്, ചഹാൽ, അശ്വിൻ എന്നിവരുടെ ബൗളിംഗിനെ നേരിടുക എന്നതാണ് ഹൈദരാബാദിന് മുന്നിലുള്ള വൻ കടമ്പ.
നായകന്റെ അഭാവത്തിൽ പ്രതിഭയുടെ ധാരാളിത്തമുള്ള ഈ സ്പിൻ മാന്ത്രികരെ നേരിടാൻ ഓറഞ്ച് ആർമി പാടുപെടും. മായങ്ക് അഗർവാളിൽ ടീം ഒരു പ്രതീക്ഷ വയ്ക്കുന്നുണ്ട്. എന്നാൽ, ബൗളിംഗിലേക്ക് വരുമ്പോൾ എസ് ആർ എച്ച് ടീം ശക്തരാണ്. ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്, നടരാജൻ, മാർക്കേ ജാൻസൻ എന്നിങ്ങനെ മികച്ച ഒരു പേസ് അറ്റാക്ക് തന്നെ ടീമിനുണ്ട്. 2013 മുതൽ ഹൈദരാബാദിന് ഒപ്പം ഭുവിയുണ്ട്. അതുകൊണ്ട് തന്നെ ഹോം ഗ്രൗണ്ടിനെ കുറിച്ച് കൃത്യമായ ധാരണവും താരത്തിനുണ്ട്. എന്തായാലും രണ്ട് ടീമുകളും വിജയിച്ച് തുടങ്ങാനുള്ള ആഗ്രഹത്തോടെയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്.