സിഎസ്‍കെയില്‍ വന്‍ ട്വിസ്റ്റ്; ജഡേജ തുടരും, ഇതിഹാസ താരം ബ്രാവോ പുറത്തേക്ക്

By Jomit Jose  |  First Published Nov 15, 2022, 4:33 PM IST

ബ്രാവോയെ കൈവിടുമ്പോള്‍ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തും


ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ മിനി താരലേലത്തിന് മുമ്പ് നിലനിർത്തിയ താരങ്ങളുടെ പട്ടിക ടീമുകള്‍ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് ഇന്ത്യന്‍സമയം വൈകിട്ട് അഞ്ച് മണിക്ക് അന്തിമ പട്ടിക ടീമുകള്‍ കൈമാറണം. ഇതിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പില്‍ നിന്ന് വലിയൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. സിഎസ്കെയുടെയും എം എസ് ധോണിയുടേയും വിശ്വസ്തനായിരുന്ന വിന്‍ഡീസ് ഓൾറൗണ്ട‍ർ ഡ്വെയ്ന്‍ ബ്രാവോയെ ടീം കൈവിട്ടതായാണ് ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ട്. 

ബ്രാവോയെ കൈവിടുമ്പോള്‍ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുന്നു എന്ന വാർത്തയുമുണ്ട്. എം എസ് ധോണി, രവീന്ദ്ര ജഡേജ, മൊയീന്‍ അലി, ശിവം ദുബെ, റുതുരാജ് ഗെയ്‍ക്വാദ്, ദേവോണ്‍ കോണ്‍വേ, മുകേഷ് ചൗധരി, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, ദീപക് ചാഹർ എന്നിവരാണ് ചെന്നൈ നിലനിർത്തിയ താരങ്ങള്‍ എന്ന് റിപ്പോർട്ടില്‍ പറയുന്നു. ബ്രാവോയ്ക്ക് പുറമെ ക്രിസ് ജോർദാന്‍, ആദം മില്‍നെ, നാരായന്‍ ജഗദീശന്‍, മിച്ചല്‍ സാന്‍റ്‍നർ എന്നിവരെ ചെന്നൈ ഒഴിവാക്കിയേക്കും. 

Latest Videos

ഒരേയൊരു ഡിജെ

2011 ഐപിഎല്‍ താലലേലത്തിലാണ് ഡ്വെയ്ന്‍ ബ്രാവോ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെത്തിയത്. ഇതിന് മുമ്പുള്ള മൂന്ന് സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായിരുന്നു. ചെന്നൈയുടെ വിലക്ക് കാലത്ത് ഗുജറാത്ത് ലയണ്‍സിനായി കളിച്ചു. പിന്നീട് ചെന്നൈ നിലനിർത്തിപ്പോന്ന താരത്തെ 2022ലെ മെഗാ താരലേലത്തില്‍ സിഎസ്കെ 4.40 കോടി രൂപ കൊടുത്ത് വാങ്ങി. ഐപിഎല്ലില്‍ രണ്ട് പർപ്പിള്‍ ക്യാച്ച് നേടിയ താരമാണ് ബ്രാവോ. ഐപിഎല്‍ കരിയറിലാകെ 161 മത്സരങ്ങളില്‍ 1560 റണ്‍സും 183 വിക്കറ്റുകളും സ്വന്തമാക്കി. ഇതിലേറെയും ചെന്നൈയുടെ കുപ്പായത്തിലായിരുന്നു.

ജഡേജയ്ക്ക് ലോട്ടറി!

കഴിഞ്ഞ സീസണ്‍ മുതല്‍ രവീന്ദ്ര ജഡേജയും ചെന്നൈ മാനേജ്മെന്‍റും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല. എന്നാല്‍ ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ ഇടപെടലിനെ തുടർന്ന് ജഡേജയെ സിഎസ്കെ നിലനിർത്തുമെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. രവീന്ദ്ര ജഡേജയെ എന്ത് വിലകൊടുത്തും ടീമില്‍ നിലനിര്‍ത്തണം, ജഡേജയോളം ഇംപാക്ടുള്ള മറ്റൊരു താരമില്ല എന്നും ധോണി ടീം മാനേജ്മെന്‍റിനെ ബോധിപ്പിച്ചതായായിരുന്നു റിപ്പോര്‍ട്ട്.

2012ലാണ് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയത്. ചെന്നൈക്കൊപ്പം രണ്ട് കിരീടം നേടി. എന്നാല്‍ 2022 സീസണോടെ താരവും ടീമും തമ്മിലുള്ള ബന്ധം വഷളായി. ഐപിഎല്‍ പതിന‌ഞ്ചാം സീസണിന്‍റെ പാതിവഴിയില്‍ ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി മുന്‍ നായകന്‍ എം എസ് ധോണിയെ ചുമതല ഏല്‍പിച്ചിരുന്നു. ജഡേജയ്‌ക്ക് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഈ മാറ്റം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഈ എഡിഷനില്‍ നാല് ജയം മാത്രമായി സിഎസ്‌കെ 9-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. 

നാല് ബാറ്റര്‍മാരെ കൈവിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്, ഹെയ്ല്‍സ് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കൊല്‍ക്കത്ത

click me!