ബുക്ക്‌മൈഷോയും പേടിഎം ഇന്‍സൈഡര്‍ ആപ്ലിക്കേഷനും വഴി ഐപിഎല്‍ ഉദ്ഘാടന മത്സരത്തിന്‍റെ ടിക്കറ്റ് എടുക്കാം
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിന് നാളെ കൊടിയുയരുമ്പോള്‍ ഉദ്ഘാടനം വര്‍ണാഭമാക്കാന്‍ ചലച്ചിത്ര താരങ്ങളുടെ നിര. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടിമാരായ രശ്‌മിക മന്ദാന, തമന്ന ഭാട്ടിയ, ഗായകന്‍ അരിജിത് സിംഗ് തുടങ്ങിയവര്‍ ഐപിഎല്‍ 2023ന്‍റെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമാകും. കൂടുതല്‍ അതിഥികളേയും പ്രതീക്ഷിക്കുന്നു. നാളെ മാര്‍ച്ച് 31ന് ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിക്ക് ഉദ്‌ഘാടന പരിപാടികള്‍ ആരംഭിക്കും. ഇതിന് ശേഷം ഏഴരയ്‌ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ മത്സരം തുടങ്ങുക. ഗുജറാത്തിനെ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈയെ എം എസ് ധോണിയുമാണ് നയിക്കുന്നത്.
ബുക്ക്‌മൈഷോയും പേടിഎം ഇന്‍സൈഡര്‍ ആപ്ലിക്കേഷനും വഴി ഐപിഎല്‍ ഉദ്ഘാടന മത്സരത്തിന്‍റെ ടിക്കറ്റ് എടുക്കാം. സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യയില്‍ മത്സരം ടെലിവിഷനിലൂടെ ആരാധകരില്‍ എത്തിക്കുന്നത്. അതേസമയം ഓണ്‍ലൈനായി ഉദ്ഘാടന ചടങ്ങും ഗുജറാത്ത്-ചെന്നൈ മത്സരവും കാണാന്‍ വൂട്ട്, ജിയോ സിനിമ എന്നിവയുടെ ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും വഴി സാധിക്കും.
ഐപിഎൽ പൂരത്തിന് വെള്ളിയാഴ്‌ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാവും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ ഹോം-ആൻഡ് എവേ രീതിയിലേക്ക് തിരിച്ചുവരുന്നതാണ് ഏറ്റവും വലിയ സവിശേഷത. പത്ത് ടീമുകൾ 12 വേദികളിലായി 74 മത്സരങ്ങളിൽ ഏറ്റുമുട്ടും. കിരീടപ്പോരാട്ടം മേയ് ഇരുപത്തിയെട്ടിന് നടക്കും. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്‌ട് പ്ലെയറും വൈഡും നോബോളും ഡിആർഎസ് പരിധിയിൽ വരുന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. കളിയുടെ ഗതിക്കനുസരിച്ച് ഒരു കളിക്കാരനെ മാറ്റി ഇറക്കുന്നതാണ് ഇംപാക്‌ട് പ്ലെയർ നിയമം.
പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പിലുള്ളവരുമായി ഓരോ തവണയും എതിർ ഗ്രൂപ്പിലുള്ളവരുമായി രണ്ട് തവണയും ഏറ്റുമുട്ടും. ഇതിനാല്‍ ഒരു ടീമിന് 14 മത്സരമുണ്ടാകും. പോയിന്‍റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകൾ പ്ലേ ഓഫിലേക്ക് മുന്നേറും. ആദ്യ രണ്ട് സ്ഥാനക്കാർ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടി ഫൈനലിലെത്തും. ഇതിൽ തോൽക്കുന്നവർക്ക് ഒരു അവസരം കൂടിയുണ്ട്. മൂന്നും നാലും സ്ഥാനക്കാർ എലിമിനേറ്ററിൽ ഏറ്റുമുട്ടും. എലിമിനേറ്ററിലെ വിജയിയും ഒന്നാം ക്വാളിഫയറിൽ തോൽക്കുന്നവരും രണ്ടാം ക്വാളിഫയർ കളിച്ച് ഫൈനലിലെത്തും എന്നതാണ് ഇത്തവണത്തെ മത്സരങ്ങളുടെ രീതി.
ഗുജറാത്തിനെതിരെ ധോണി കളിക്കുമോ? ബെന്‍ സ്റ്റോക്‌സിന്‍റെ കാര്യത്തില്‍ തിരിച്ചടിയേറ്റ് സിഎസ്‌കെ