സഞ്ജുപ്പടയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല; രഹസ്യായുധത്തെ ഇറക്കി സണ്‍റൈസേഴ്‌സ്!

By Web Team  |  First Published Apr 2, 2023, 3:08 PM IST

സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലടക്കം ട്വന്‍റി 20 ശൈലിയില്‍ ബാറ്റേന്തുന്ന ഹാരി ബ്രൂക്ക് സണ്‍റൈസേഴ്‌സ് കുപ്പായത്തില്‍ ഇന്ന് അരങ്ങേറും


ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ആദ്യ മത്സരത്തിന് ഇന്നിറങ്ങുകയാണ്. എതിരാളികള്‍ ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. പൊതുവേ ഇന്ത്യന്‍ യുവതാരങ്ങളുടെ കരുത്താണ് സണ്‍റൈസേഴ്‌സ് സ്ക്വാഡ് എങ്കിലും ഇന്ന് രാജസ്ഥാന്‍ റോയല്‍സിന് കാര്യങ്ങള്‍ എളുപ്പമാവില്ല. 

സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലടക്കം ട്വന്‍റി 20 ശൈലിയില്‍ ബാറ്റേന്തുന്ന ഹാരി ബ്രൂക്ക് സണ്‍റൈസേഴ്‌സ് കുപ്പായത്തില്‍ ഇന്ന് അരങ്ങേറും. ഇതോടെ ഹാരിയെ തളയ്‌ക്കാതെ സണ്‍റൈസേഴ്‌സിനെ വിറപ്പിക്കാനാവില്ല എന്ന അവസ്ഥയായി രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക്. ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ ശൈലിയിലെ യുവരക്തമായ ഹാരി ബ്രൂക്ക് മൂന്ന് ഫോര്‍മാറ്റിലും ഒരേ ശൈലിയില്‍ ബാറ്റ് വീശാനും മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കാഴ്‌ചവെക്കാനും പ്രാപ്‌തനായ താരമാണ്. ബ്രൂക്കിന്‍റെ ഹിറ്റിംഗ് ശൈലിയെ ട്രെന്‍ഡ് ബോള്‍ട്ട് ഉള്‍പ്പെടുന്ന രാജസ്ഥാന്‍ ബൗളിംഗ് നിരയ്‌ക്ക് തുടക്കത്തിലെ കടിഞ്ഞാണിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സ് റണ്ണൊഴുക്കും. ഹാരി ബ്രൂക്കിന്‍റെ ഐപിഎല്‍ അരങ്ങേറ്റ മത്സരമാണിന്ന്. 24 വയസ് മാത്രമുള്ള ബ്രൂക്ക് ഇതുവരെ കളിച്ച ആറ് ടെസ്റ്റുകളില്‍ 98.78 സ്ട്രൈക്ക് റേറ്റിലും 80.9 ശരാശരിയിലും 809 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളില്‍ 86 റണ്‍സും 20 രാജ്യാന്തര ടി20കളില്‍ 372 റണ്‍സും നേടി. 137.78 ആണ് ടി20യിലെ സ്‌ട്രൈക്ക് റേറ്റ്. 

Latest Videos

ടി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായ ഹാരി ബ്രൂക്ക് മികച്ച പ്രകടനം തുടരും എന്നാണ് പ്രതീക്ഷ എന്ന് സണ്‍റൈസേഴ്‌സ് നായകന്‍ ഭുവി വ്യക്തമാക്കിക്കഴിഞ്ഞു. ഐപിഎല്‍ താരലേലത്തില്‍ 13.25 കോടി രൂപയ്‌ക്കാണ് സണ്‍റൈസേഴ്‌സ് ഇംഗ്ലീഷ് താരത്തെ മിനി താരലേലത്തില്‍ സ്വന്തമാക്കിയത്. അതിനാല്‍ ഹൈദരാബാദ് ഫാന്‍സ് മാത്രമല്ല, ഐപിഎല്‍ പ്രേമികളെല്ലാം ബ്രൂക്കിലേക്ക് ഉറ്റുനോക്കുകയാണ്. 

click me!