ഓ മുംബൈ ഓ മേരി പ്യാരി മുംബൈ! തിരിച്ചടികൾ മറന്നു, ഇത്തവണ കപ്പിന്‍റെ എണ്ണം കൂട്ടാൻ തന്നെ ഹിറ്റ്മാനും സംഘവും

By Bibin Babu  |  First Published Mar 29, 2023, 7:05 PM IST

ജസ്പ്രീത് ബുംറ കൂടെയുണ്ടായിരുന്നെങ്കില്‍ പേസ് ബൗളിംഗിന്‍റെ ഏറ്റവും വന്യമായ അനുഭവം ആരാധകര്‍ക്ക് സമ്മാനിക്കാൻ മുംബൈക്ക് സാധിക്കുമായിരുന്നു. ഏപ്രില്‍ രണ്ടിന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂറിന് എതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.


മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ഏതെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേയുള്ളൂ, മുംബൈ ഇന്ത്യൻസ്. ഏറ്റവും കൂടുതല്‍ കപ്പ് നേടിയ ടീം, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ടീം... അങ്ങനെ എണ്ണിയാല്‍ തീരാത്ത അത്രയും നേട്ടങ്ങള്‍ ഇതിനകം മുംബൈ ഇന്ത്യൻസ് പേരിലാക്കി കഴിഞ്ഞു. ഏത് ഉയര്‍ച്ചയ്ക്കും ഒരു താഴ്ചയുണ്ടെന്ന പോലെ മറക്കാൻ ആഗ്രഹിക്കുന്ന കഴിഞ്ഞ സീസണില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചാണ് ഇത്തവണ രോഹിത് ശര്‍മ്മയും സംഘവും എത്തുന്നത്.

14 മത്സരങ്ങളില്‍ നിന്ന് വെറും നാലേ നാല് വിജയങ്ങളുമായി 10 -ാം സ്ഥാനത്താണ് 2022ല്‍ മുംബൈ സീസണ്‍ അവസാനിപ്പിച്ചത്. പാളിപ്പോയത് എവിടെയാണെന്ന് കണ്ടെത്തി ലേലത്തില്‍ പൊന്നും വില കൊടുത്ത് താരങ്ങളെ ടീമിലെത്തിക്കാൻ മുംബൈയ്ക്ക് സാധിച്ചിട്ടുണ്ട്. അതില്‍ തന്നെ 17.50 കോടി നല്‍കി ഓസ്ട്രേലിയൻ കരുത്തൻ കാമറൂണ്‍ ഗ്രീനെ എത്തിച്ചത് ഒന്നും കാണാതെയല്ല!

Latest Videos

undefined

പരിക്ക് മൂലം കഴിഞ്ഞ സീസണില്‍ ഇല്ലാതെയിരുന്ന ജോഫ്ര ആര്‍ച്ചര്‍ എത്തുമെന്നുള്ളത് ബൗളിംഗ് യൂണിറ്റിന്‍റെ പകുതി പ്രശ്നങ്ങള്‍ പരിഹരിക്കും. ജസ്പ്രീത് ബുംറ കൂടെയുണ്ടായിരുന്നെങ്കില്‍ പേസ് ബൗളിംഗിന്‍റെ ഏറ്റവും വന്യമായ അനുഭവം ആരാധകര്‍ക്ക് സമ്മാനിക്കാൻ മുംബൈക്ക് സാധിക്കുമായിരുന്നു. ഏപ്രില്‍ രണ്ടിന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂറിന് എതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

സൂര്യകുമാര്‍ യാദവ്: അന്താരാഷ്ട്ര ടി 20യിലെ പുരുഷ ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയുടെ സുര്യകുമാര്‍ യാദവില്‍ നിന്ന് മുംബൈ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ എല്ലാ മത്സരങ്ങളിലും കളിക്കാൻ 360 ഡിഗ്രി സ്കൈയ്ക്ക് സാധിച്ചിരുന്നില്ല. എന്നിട്ടും എട്ട് മത്സരങ്ങളില്‍ നിന്ന് 303 റണ്‍സ് നേടാൻ താരത്തിന് സാധിച്ചു. 2022ലെ മുംബൈയുടെ പതനത്തില്‍ നിര്‍ണായകമായത് സൂര്യയുടെ അഭാവം തന്നെയായിരുന്നു. ഓസ്ട്രേലിയൻ ഏകദിന പരമ്പരയിലേറ്റ തിരിച്ചടികള്‍ക്ക് മുംബൈ കുപ്പായത്തില്‍ സൂര്യക്ക് മറുപടി പറയേണ്ടത് ആവശ്യകതയുമാണ്.

ജോഫ്ര ആര്‍ച്ചര്‍: ജസ്പ്രീത് ബുംറ ഇല്ലാത്ത സാഹചര്യത്തില്‍ ബൗളിംഗ് വിഭാഗത്തിന്‍റെ എല്ലാ ഉത്തരവാദിത്വങ്ങളും ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിലേക്കാണ് എത്തുക. ഐപിഎല്ലില്‍ രാജസ്ഥാനായി കളിച്ചിട്ടുള്ള ആര്‍ച്ചര്‍ 35 മത്സരങ്ങളില്‍ നിന്ന് 46 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ ആര്‍ച്ചറില്‍ നിന്ന് ഉണ്ടാകുമെന്നാണ് മുംബൈയുടെ പ്രതീക്ഷ.

കാമറൂണ്‍ ഗ്രീൻ: കഴിഞ്ഞ സീസണില്‍ റിലീസ് ചെയ്ത ഹാര്‍ദിക് പാണ്ഡ്യക്ക് പരകരക്കാരനായാണ് കാമറൂണ്‍ ഗ്രീൻ 17.50 കോടി എന്ന വൻ വിലയ്ക്ക് മുംബൈയില്‍ എത്തിയത്. ഇന്ത്യൻ സാഹചര്യങ്ങളില്‍ ലേലത്തിന് മുമ്പ് കളിച്ച് മൂന്ന് ഇന്നിംഗ്സുകള്‍ കണ്ട് ത്രില്ലടിച്ചാണ് ടീം ഓസീസ് താരത്തെ സ്വന്തമാക്കിയത്. ബൗളിംഗും ബാറ്റിംഗും ഒരുപോലെ ചെയ്യുമെന്നതിനാല്‍ താരത്തിന് ആദ്യ ഇലവനില്‍ ഏകദേശം സ്ഥാനം ഉറപ്പാണ്.

ശക്തി ബാറ്റിംഗില്‍, സ്പിൻ ചതിക്കുമോ?

രോഹിത് ശര്‍മ്മ, ഇഷാൻ കിഷൻ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റാൻ സ്റ്റബ്സ് തുടങ്ങിയ പ്രതിഭകള്‍ അണിനിരക്കുന്ന ബാറ്റിംഗ് നിര തന്നെയാണ് മുംബൈയുടെ കരുത്ത്. കാമറൂണ്‍ ഗ്രീൻ അടക്കം ചേരുമ്പോള്‍ ബാറ്റിംഗ് വെടിക്കെട്ട് ഉറപ്പാണ്. എന്നാല്‍, സ്പിൻ വിഭാഗത്തില്‍ ടീമിന് കരുത്ത് കുറവാണ്. പിയൂഷ് ചൗള സീനിയര്‍ താരമായി ഉണ്ടെങ്കിലും കുമാര്‍ കാര്‍ത്തികേയ്ക്ക് നറുക്ക് വീഴാനാണ് സാധ്യത.

'മുംബൈ ഇത്തവണ കപ്പടിക്കും, എല്ലാവരും കൂടെ വേണം'; പിന്തുണ തേടി മലയാളത്തില്‍ വിഷ്‌ണു വിനോദിന്‍റെ വീഡിയോ

click me!