വെറും നാല് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളൂ
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇതിഹാസ നായകന്‍ എം എസ് ധോണി നേടിയ സിക്‌സര്‍ വെറുമൊരു സിക്‌സ് അല്ല. ധോണിയുടെ കൂറ്റന്‍ ഷോട്ട് ഐപിഎല്ലിന്‍റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും ചരിത്ര പട്ടികയിലേക്കാണ് ഇടംപിടിച്ചത്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 200 സിക്‌സുകള്‍ തികയ്‌ക്കുന്ന ആദ്യ താരമായി എം എസ് ധോണി മാറി. വെറും നാല് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഏതെങ്കിലുമൊരു ടീമിനായി 200ഓ അതിലധികമോ സിക്‌സറുകള്‍ നേടിയിട്ടുള്ളൂ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ക്രിസ് ഗെയ്‌ലും(239), എ ബി ഡിവില്ലിയേഴ്‌സും(238), മുംബൈ ഇന്ത്യന്‍സിനായി കെയ്‌റോണ്‍ പൊള്ളാര്‍ഡ്(223), ആര്‍സിബിയുടെ തന്നെ വിരാട് കോലി(218) എന്നിവരാണ് മുമ്പ് ഒരു ടീമിനായി 200ഓ അതിലധികമോ ഐപിഎല്‍ സിക്‌സുകള്‍ മുമ്പ് നേടിയിട്ടുള്ളത്. ഈ എലൈറ്റ് പട്ടികയിലേക്ക് സിഎസ്‌കെ ക്യാപ്റ്റന്‍ കൂടിയായ ധോണി ഇടംപിടിച്ചത്.
ധോണി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച മത്സരം പക്ഷേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നിരാശയായി. പതിനാറാം സീസണിലെ ആദ്യ ജയം ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 5 വിക്കറ്റിനാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും തോൽപ്പിച്ചത്. ചെന്നൈയുടെ 178 റൺസ് 4 പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഗുജറാത്ത് മറികടക്കുകയായിരുന്നു. വൃദ്ധിമാന്‍ സാഹ(16 പന്തില്‍ 25) മിന്നല്‍ തുടക്കം നല്‍കിയപ്പോള്‍ 36 പന്തില്‍ 63 നേടിയ ശുഭ്‌മാന്‍ ഗില്‍ ഗില്ലാട്ടം കാഴ്‌ചവെച്ചു. ഇംപാക്റ്റ് പ്ലെയറായ സായ് സുന്ദരേശന്‍ 17 പന്തില്‍ 22 നേടിയപ്പോള്‍ വിജയ് ശങ്കറും(21 പന്തില്‍ 27), രാഹുല്‍ തെവാട്ടിയയും(14 പന്തില്‍ 15*), റാഷിദ് ഖാനും(3 പന്തില്‍ 10*) ചേര്‍ന്ന് ഗുജറാത്തിനെ ജയത്തിലെത്തിച്ചു. മൂന്ന് പന്തില്‍ 10 റണ്‍സും 26ന് രണ്ട് വിക്കറ്റും നേടിയ റാഷിദ് ഖാനാണ് കളിയിലെ താരം.
കാണാത്തവര്‍ കണ്ടോളൂ, 41-ാം വയസില്‍ ധോണിയുടെ 'തല'യെടുപ്പുള്ള സിക്‌സര്‍- വീഡിയോ