ഇംപാക്‌ട് പ്ലെയര്‍ നിയമം: തീരുമാനങ്ങളെടുക്കുക ശ്രമകരമായി; വിമര്‍ശനവുമായി ഹാര്‍ദിക് പാണ്ഡ്യ

By Web Team  |  First Published Apr 1, 2023, 7:41 AM IST

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ ഉദ്‌ഘാടന മത്സരത്തിന് ശേഷമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം


അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ പുതുതായി അവതരിപ്പിച്ച ഇംപാക്‌ട് പ്ലെയര്‍ നിയമം കാരണം തീരുമാനങ്ങളെടുക്കുക ശ്രമകരമായെന്ന് ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ ഉദ്‌ഘാടന മത്സരത്തിന് ശേഷമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം. 

'ഇംപാക്‌ട് പ്ലെയര്‍ നിയമം കാരണം തീരുമാനങ്ങളെടുക്കുക ശ്രമകരമായി. ഒട്ടേറെ ഓപ്ഷനുകളുണ്ടെങ്കിലും ഒരു താരം കുറച്ച് ഓവറുകളെ എറിയേണ്ടതുള്ളൂ. ഞങ്ങള്‍ തന്നെ ടീമിനെ വലിയ പ്രതിസന്ധിയിലാക്കി. എന്നാല്‍ രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും ജയിപ്പിച്ചു. 200 അടിക്കുമെന്ന് ഒരവസരത്തില്‍ തോന്നിയ ചെന്നൈയെ പിടിച്ചുകെട്ടിയതില്‍ സന്തോഷമുണ്ട്. റാഷിദ് ഖാന്‍ ടീമിനൊരു വലിയ മുതല്‍ക്കൂട്ടാണ്. വിക്കറ്റുകള്‍ നേടുന്നതിനൊപ്പം വാലറ്റത്ത് റണ്‍സും കണ്ടെത്തുന്നു. എന്നാല്‍ എന്‍റെയും ശുഭ്‌മാന്‍ ഗില്ലിന്‍റേയും ഷോട്ട് പാഴായി വിക്കറ്റായി. അടുത്ത മത്സരത്തില്‍ ഞങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുകയും വാലറ്റത്തിന് സമ്മര്‍ദം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം' എന്നും ഹാര്‍ദിക് പാണ്ഡ്യ മത്സര ശേഷം പറഞ്ഞു. 

Latest Videos

ഐപിഎൽ പതിനാറാം സീസണിലെ ആദ്യ ജയം ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 5 വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് തോൽപ്പിച്ചത്. ചെന്നൈയുടെ 178 റൺസ് 4 പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഗുജറാത്ത് മറികടന്നു. വൃദ്ധിമാന്‍ സാഹ(16 പന്തില്‍ 25) മിന്നല്‍ തുടക്കം നല്‍കിയപ്പോള്‍ 36 പന്തില്‍ 63 നേടിയ ശുഭ്‌മാന്‍ ഗില്‍ തന്‍റെ ക്ലാസ് ഒരിക്കല്‍ കൂടി തെളിയിച്ചു. വിജയ് ശങ്കറും(21 പന്തില്‍ 27), രാഹുല്‍ തെവാട്ടിയയും(14 പന്തില്‍ 15*), റാഷിദ് ഖാനും(3 പന്തില്‍ 10*) ചേര്‍ന്ന് ഗുജറാത്തിനെ ജയത്തിലെത്തിച്ചു. മൂന്ന് പന്തില്‍ 10 റണ്‍സും 26ന് രണ്ട് വിക്കറ്റും നേടിയ റാഷിദ് ഖാനാണ് കളിയിലെ താരം. സ്കോർ: ചെന്നൈ- 178/7 (20), ഗുജറാത്ത്- 182/5 (19.2). 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 178 റണ്‍സെടുത്തു. 50 പന്തില്‍ നാല് ഫോറും 9 സിക്‌സറും സഹിതം 92 റണ്ണെടുത്ത ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ വെടിക്കെട്ടാണ് ചെന്നൈക്ക് സുരക്ഷിത സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ ദേവോണ്‍ കോണ്‍വേയും(1), മൊയീന്‍ അലിയും(23), ബെന്‍ സ്റ്റോക്‌സും(7), അമ്പാട്ടി റായുഡുവും(12), രവീന്ദ്ര ജഡേജയും(1) നിറം മങ്ങിയപ്പോള്‍ രണ്ട് വീതം വിക്കറ്റുമായി ഷമിയും റാഷിദും അല്‍സാരിയും ഒരു വിക്കറ്റുമായി ലിറ്റിലും സിഎസ്‌കെയെ 200 തൊടാന്‍ അനുവദിച്ചില്ല. സിക്‌സര്‍ അടക്കം 7 പന്തില്‍ 14 റൺസടിച്ച എം എസ് ധോണി ആരാധകരെ ആവേശം കൊള്ളിച്ചു. 

ചരിത്രമെഴുതി തുഷാര്‍ ദേശ്‌പാണ്ഡേ, ആദ്യ 'ഇംപാക്ട് പ്ലെയര്‍ '; ഒപ്പം വലിയൊരു നാണക്കേടും
 


 

click me!