ഐപിഎല്‍ 4Kയില്‍ എത്തിക്കാന്‍ ജിയോ സിനിമ; ചെക്ക് വച്ച് സ്റ്റാര്‍ സ്പോര്‍ട്‌സ്, 4K ചാനല്‍ തയ്യാര്‍

By Web Team  |  First Published Mar 30, 2023, 6:46 PM IST

ഐപിഎല്‍ മത്സരങ്ങള്‍ 4Kയില്‍ ലൈവ് സ്ട്രീം ചെയ്യുമെന്ന് വയാകോം-18 നേരത്തെ പ്രഖ്യാപിച്ചിരുന്നു


അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ടെലിവിഷനിലും ഡിജിറ്റലിലും വെവ്വേറെ കമ്പനികളാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഐപിഎല്ലിന്‍റെ മീഡിയ റൈറ്റ്‌സ് ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്‌സും ഡിജിറ്റലില്‍ വയാകോം-18നുമാണ് സ്വന്തമാക്കിയത്. ഐപിഎല്‍ 2023 തുടങ്ങും മുമ്പേ ഇരു കൂട്ടരും പരസ്യങ്ങളിലൂടെ തുടങ്ങിയ മത്സരം ഇപ്പോള്‍ 4K സംപ്രേഷണത്തില്‍ എത്തിനില്‍ക്കുകയാണ്. 

ഐപിഎല്‍ മത്സരങ്ങള്‍ 4Kയില്‍ ലൈവ് സ്ട്രീം ചെയ്യുമെന്ന് വയാകോം-18 നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൂട്ട്, ജിയോ സിനിമ എന്നിവയുടെ മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും വഴിയാണ് മത്സരത്തിന്‍റെ ലൈവ് സ്‌ട്രീമിങ്. ഇതിനിപ്പോള്‍ ചെക്ക് വച്ചിരിക്കുകയാണ് സ്റ്റാര്‍ സ്പോര്‍ട്‌സ്. ഐപിഎല്ലിലൂടെ ഇന്ത്യയിലെ ആദ്യ 4K ചാനല്‍ ആരംഭിക്കുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. പതിനാറാം സീസണിലെ ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം ഇതോടെ അള്‍ട്രാ ഹൈ ഡെഫിനിഷനില്‍ ആരാധകര്‍ക്ക് ടെലിവിഷനിലും ഓണ്‍ലൈനിലും കാണാം. 

Latest Videos

എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി, ടാറ്റ പ്ലേ, വീഡിയോകോണ്‍ ഡി2എച്ച് എന്നിവയില്‍ സ്റ്റാര്‍ സ്പോര്‍ട്‌സ് 4K ചാനല്‍ എത്തിയിട്ടുണ്ട്. ജിയോ ടിവിയില്‍ ഇത് ലഭ്യമാകുമോ എന്ന് വ്യക്തമല്ല. ഐസിസി 2015 ലോകകപ്പിലെ മത്സരങ്ങളുടെ റിപ്ലേകള്‍ കാണിച്ച് പരീക്ഷണം ആരംഭിച്ചിട്ടുണ്ട് സ്റ്റാര്‍ സ്പോര്‍ട്‌സ് 4K ചാനല്‍. 4K സാങ്കേതികവിദ്യ ഇപ്പോള്‍ ടെലിവിഷന്‍ സെറ്റുകളിലും മൊബൈല്‍ ഫോണുകളിലും സര്‍വസാധാരണമായതിനാല്‍ അള്‍ട്രാ ഹൈ ഡെഫിനിഷനിലുള്ള മത്സരങ്ങള്‍ ആരാധകരെ കൂടുതല്‍ ത്രില്ലടിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കമന്‍റേറ്റര്‍മാരുടെ കാര്യത്തിലും സ്റ്റാര്‍ സ്പോര്‍ട്‌സും ജിയോ ടിവിയും തമ്മില്‍ വലിയ പോരാട്ടം നടന്നു. ഐപിഎല്‍ മത്സരങ്ങള്‍ക്കായി സ്റ്റാര്‍ സ്പോര്‍ട്‌സും ജിയോ സിനിമയും കമന്‍റേറ്റര്‍മാരുടെ വമ്പന്‍ നിരയെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാര്‍ സ്പോര്‍ട്‌സ് 9ഉം ജിയോ സിനിമ 12ഉം ഭാഷകളില്‍ മത്സരങ്ങള്‍ ആരാധകരിലെത്തിക്കും. മികച്ച അംബാസഡര്‍മാരെ കണ്ടെത്താനും സ്റ്റാര്‍ സ്പോര്‍ട്‌സും ജിയോ സിനിമയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. ജിയോ സിനിമ എം എസ് ധോണിയേയും സൂര്യകുമാര്‍ യാദവിനേയും അംബാസഡര്‍മാരാക്കിയപ്പോള്‍ സ്റ്റാര്‍ സ്പോര്‍ട്‌സ് വിരാട് കോലിയെയും രോഹിത് ശര്‍മ്മയേയും റാഞ്ചി. 

ഐപിഎല്‍ ഉദ്‌ഘാടനം വര്‍ണാഭമാക്കാന്‍ രശ്‌മിക മന്ദാന, തമന്ന ഭാട്ടിയ; താരപ്പട്ടിക ശ്രദ്ധേയം

click me!