ആദ്യ അങ്കത്തിന് തൊട്ടുമുമ്പ് സിഎസ്‌കെയ്‌ക്ക് പ്രഹരം; പേസര്‍ പരിക്കേറ്റ് പുറത്ത്

By Web Team  |  First Published Mar 30, 2023, 7:08 PM IST

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്‌ക്കാണ് മുകേഷിനെ സിഎസ്‌കെ 2022ലെ മെഗാ താരലേലത്തില്‍ സ്വന്തമാക്കിയത്


അഹമ്മദാബാദ്: ഐപിഎല്‍ ഉദ്ഘാടന മത്സരത്തിന് മുമ്പ് തിരിച്ചടിയേറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സിഎസ്‌കെയുടെ പേസറായ മുകേഷ് ചൗധരിക്ക് പരിക്കിനെ തുടര്‍ന്ന് സീസണിലെ എല്ലാ മത്സരങ്ങളും നഷ്‌ടമാകും. പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും. ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വെള്ളിയാഴ്‌ച ചെന്നൈ ഉദ്‌ഘാടന മത്സരം കളിക്കാനിരിക്കേയാണ് ടീമിന് പരിക്കിന്‍റെ പ്രഹരം. 

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്‌ക്കാണ് മുകേഷിനെ സിഎസ്‌കെ 2022ലെ മെഗാ താരലേലത്തില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്‍റ് പട്ടികയില്‍ നിരാശപ്പെടുത്തിയെങ്കിലും ടീമിന്‍റെ പ്രധാന ബൗളര്‍മാരില്‍ ഒരാളായിരുന്നു മുകേഷ് ചൗധരി. 13 മത്സരങ്ങളില്‍ ഇരുപത്തിയാറുകാരനായ താരം 16 വിക്കറ്റ് വീഴ്‌ത്തി. ഇക്കോണമി 9.32 ആയിരുന്നെങ്കില്‍ 46 റണ്ണിന് നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. 2022 ഡിസംബര്‍ രണ്ടിന് നടന്ന വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം മുകേഷ് മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇക്കുറി സ്വന്തമാക്കിയ ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ആദ്യ മത്സരങ്ങളില്‍ പന്തെറിയാത്തതും സിഎസ്‌കെയ്‌ക്ക് തിരിച്ചടിയാണ്. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണ്‍ പരിക്കിനെ തുടര്‍ന്ന് കളിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. 

Latest Videos

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നായകന്‍ എം എസ് ധോണി കളിക്കുമെന്ന് ഉറപ്പായത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസ വാര്‍ത്തയാണ്. നേരത്തെ പരിശീലനത്തിനിടെ ധോണിയുടെ കാല്‍മുട്ടിന് പരിക്കേറ്റത് ആശങ്ക സൃഷ്‌ടിച്ചിരുന്നു. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്

എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ. 

ഗുജറാത്തിനെതിരെ ധോണി കളിക്കുമോ? ബെന്‍ സ്റ്റോക്‌സിന്‍റെ കാര്യത്തില്‍ തിരിച്ചടിയേറ്റ് സിഎസ്‌കെ

click me!