നേര്‍ക്കുനേര്‍ കണക്കില്‍ സഞ്ജുവിനെതിരെ വന്‍ മേധാവിത്വമാണ് ഹസരങ്കയ്‌ക്കുള്ളത്
അഹമ്മദാബാദ്: ഐപിഎല്ലില്‍(IPL 2022) ഒരിക്കല്‍ക്കൂടി രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും(Rajasthan Royals vs Royal Challengers Bangalore) നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരുടെ നെഞ്ചിടിക്കുകയാണ്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ(Sanju Samson) ആര്‍സിബിയുടെ(RCB) മിന്നും സ്‌പിന്നര്‍ വനിന്ദു ഹസരങ്ക(Wanindu Hasaranga) വീഴ്‌ത്തുമോ എന്നതാണ് ആകാംക്ഷയും ആശങ്കയും സൃഷ്ടിക്കുന്നത്.
നേര്‍ക്കുനേര്‍ കണക്കില്‍ സഞ്ജുവിനെതിരെ വന്‍ മേധാവിത്വമാണ് ഹസരങ്കയ്‌ക്കുള്ളത്. കരിയറില്‍ ഇതുവരെ ആറ് തവണ മുഖാമുഖം വന്നപ്പോള്‍ അഞ്ച് വട്ടവും സഞ്ജുവിനെ പുറത്താക്കാന്‍ ഈ ലങ്കന്‍ സ്‌പിന്നര്‍ക്കായി. 23 പന്തുകളില്‍ 18 റണ്‍സ് മാത്രമേ ഹസരങ്കയ്‌ക്കെതിരെ സഞ്ജുവിന് നേടാനായിട്ടുള്ളൂ. ശരാശരി മൂന്ന് മാത്രം. ഈ ഐപിഎല്‍ സീസണില്‍ ലീഗ് ഘട്ടത്തില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ഹസരങ്കയ്‌ക്ക് മുന്നില്‍ സഞ്ജു അടിയറവുപറഞ്ഞിരുന്നു. രണ്ട് ഇന്നിംഗ്‌സിലുമായി 16 റണ്‍സ് മാത്രമാണ് ഹസരങ്കയ്‌ക്കെതിരെ സഞ്ജു നേടിയത്. 16 പന്തുകള്‍ നേരിട്ടപ്പോള്‍ ഒരു ഫോറും രണ്ട് സിക്‌സുകളുമാണ് മലയാളി താരത്തിന്‍റെ പേരിനൊപ്പമുള്ളത്. സഞ്ജുവിനെതിരെ 9 ഡോട് ബോളുകള്‍ ഹസരങ്ക എറിഞ്ഞു എന്നത് ഏറെ ശ്രദ്ധേയം.
undefined
ഈ സീസണ്‍ ഐപിഎല്ലില്‍ മിന്നും ഫോമിലാണ് വനിന്ദു ഹസരങ്ക. ഗൂഗ്ലികളാണ് ഹസരങ്കയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. മധ്യ ഓവറുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറാണ്. സീസണിലാകെ 15 മത്സരങ്ങളില്‍ 25 വിക്കറ്റ് നേടിയപ്പോള്‍ ഇതില്‍ 17ഉം മിഡില്‍ ഓവറുകളിലായിരുന്നു. 18 റണ്ണിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത് മികച്ച പ്രകടനം. അതേസമയം ഈ സീസണില്‍ 15 കളികളില്‍ രണ്ട് അര്‍ധ സെഞ്ചുറിയോടെ 421 റണ്‍സാണ് സഞ്ജു സാംസണിന്‍റെ സമ്പാദ്യം. ബാറ്റിംഗ് ശരാശരി 30.07 എങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 150.36.
ഇന്ന് റോയല്‍ പോര്
ഐപിഎല്‍ പതിനഞ്ചാം സീസണിലെ രണ്ടാം ക്വാളിഫയറിലാണ് രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് മുഖാമുഖം വരുന്നത്. വൈകീട്ട് ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി നായകന്‍റെ ടീം ഐപിഎല്‍ ഫൈനലിലേക്ക് പ്രവേശിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. ജയിക്കുന്ന ടീം ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് നേരിടേണ്ടത്.