ഒഡീന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സും അവസാന രണ്ട് പന്തില്‍ 12 റണ്‍സുമായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്
മുംബൈ: ഐപിഎല്ലിൽ (IPL 2022) വീണ്ടും തെവാട്ടിയ മാജിക് കാണുകയായിരുന്നു ഇന്നലെ. പഞ്ചാബ് കിംഗ്‌സിനെതിരെ (Punjab Kings) അവസാന രണ്ട് പന്തിൽ ഗുജറാത്ത് ടൈറ്റൻസിന് (Gujarat Titans) ജയിക്കാൻ 12 റൺസ് വേണ്ടപ്പോള്‍ സിക്‌സറുകള്‍ പറത്തി ടീമിന് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു രാഹുൽ തെവാട്ടിയ (Rahul Tewatia). ആറ് വിക്കറ്റിനായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ജയം. ഐപിഎല്ലില്‍ എം എസ് ധോണി (MS Dhoni) ആറ് വര്‍ഷം മുമ്പ് കാട്ടിയ അത്ഭുതം ആവര്‍ത്തിക്കുകയായിരുന്നു രാഹുൽ തെവാട്ടിയ.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് വളരെ നാടകീയ ജയമാണ് സ്വന്തമാക്കിയത്. ഒഡീന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സും അവസാന രണ്ട് പന്തില്‍ 12 റണ്‍സുമായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡായി. രണ്ടാം പന്ത് നേരിട്ട ഡേവിഡ് മില്ലര്‍ക്ക് പന്ത് ബാറ്റില്‍ കൊള്ളിക്കാനായില്ല. ബൈ റണ്ണിനോടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ ജോണി ബെയര്‍സ്റ്റോ റണ്ണൗട്ടാക്കി. രണ്ടാം പന്തില്‍ രാഹുല്‍ തെവാട്ടിയ സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഡേവിഡ് മില്ലര്‍ ബൗണ്ടറിയടിച്ചു. നാലാം പന്തില്‍ വീണ്ടും സിംഗിള്‍. അഞ്ചാം പന്തില്‍ തെവാട്ടിയയുടെ സിക്സര്‍. ലക്ഷ്യം ഒരു പന്തില്‍ ആറ് റണ്‍സ്. അവസാന പന്തും സിക്സിന് പറത്തിയാണ് തെവാട്ടിയ ഗുജറാത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.
undefined
പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യമാണ് അവസാന രണ്ട് പന്തുകളിലെ സിക്‌സറുകളില്‍ രാഹുല്‍ തെവാട്ടിയയിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് മറികടന്നത്. സമാനമായി എം എസ് ധോണി ഐപിഎല്ലില്‍ മുമ്പ് അവസാന രണ്ട് പന്തുകള്‍ സിക്‌സര്‍ പറത്തി ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. 2016 സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്‌സിനായി കളിക്കുമ്പോള്‍ അന്നത്തെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ (പഞ്ചാബ് കിംഗ്‌സ്) അക്‌സര്‍ പട്ടേലിന്‍റെ അവസാന രണ്ട് പന്തുകള്‍ സിക്‌സറിന് പറത്തിയിരുന്നു.
മത്സരത്തോടെ മറ്റൊരു നേട്ടം രാഹുൽ തെവാട്ടിയ സ്വന്തമാക്കി. അവസാന പന്തില്‍ അഞ്ചോ ആറോ റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ഡ്വെയ്‌ന്‍ ബ്രാവോ, എം എസ് ധോണി, കെ എസ് ഭരത് എന്നിവര്‍ക്ക് ശേഷം സിക്‌സര്‍ പറത്തി മത്സരം ഫിനിഷ് ചെയ്യുന്ന നാലാമത്തെ താരമായി രാഹുൽ തെവാട്ടിയ. 190 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 59 പന്തില്‍ 96 റണ്‍സെടുത്ത് ഗുജറാത്തിന് ശക്തമായ അടിത്തറ പാകിയ ശുഭ്‌മാന്‍ ഗില്ലാണ് കളിയിലെ താരം.
IPL 2022: ഗില്ലാട്ടം, തെവാട്ടിയയുടെ അവസാന പന്തിലെ സിക്സര്‍; പഞ്ചാബിനെതിരെ ഗുജറാത്തിന് ത്രില്ലര്‍ ജയം