കഴിഞ്ഞ സീസണില്‍ വേഗംകൊണ്ട് വരവറിയിച്ച ഉമ്രാന്‍ മാലിക്കിനെ ഈ സീസണിലേക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തുകയായിരുന്നു
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) വേഗം കൊണ്ട് അമ്പരപ്പിക്കുന്ന താരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഉമ്രാന്‍ മാലിക് (Umran Malik). വേഗത്തിനൊപ്പം റണ്‍സ് വഴങ്ങുന്നത് ഉമ്രാനെ അവസാന മത്സരങ്ങളില്‍ വിമര്‍ശനത്തിന് ഇരയാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഇതുവരെ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ക്രിക്കറ്റിന്‍റെ പരമോന്നത തലത്തില്‍ തിളങ്ങാന്‍ ഉമ്രാന്‍ ചെയ്യേണ്ടത് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസവും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്‌ടറുമായ വിവിഎസ് ലക്ഷ്‌മണ്‍ (VVS Laxman).
'മൈതാനത്തിന് പുറത്തുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ താരങ്ങള്‍ പെട്ടെന്ന് മനസിലാക്കും. നിരവധി ഉപദേശകരുണ്ടാകും, ഏറെ പ്രതീക്ഷകളുണ്ടാകും. എന്നാല്‍ ഇവയെല്ലാം മാറ്റിനിര്‍ത്തി പ്രകടനത്തില്‍ ശ്രദ്ധിക്കുകയാണ് താരങ്ങള്‍ ചെയ്യേണ്ടത്. രാജ്യത്തിനായി ഉടന്‍ കളിക്കുന്ന താരങ്ങള്‍, ഉമ്രാനായാലും മറ്റാരായാലും ഇക്കാര്യം പെട്ടെന്ന് മനസിലാക്കും. വേഗത്തില്‍ മനസിലാക്കാന്‍ ശ്രമിച്ചാല്‍ അവര്‍ വിജയിക്കും' എന്നും വിവിഎസ് ഒരു പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ വേഗംകൊണ്ട് വരവറിയിച്ച ഉമ്രാന്‍ മാലിക്കിനെ ഈ സീസണിലേക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തുകയായിരുന്നു. തുടര്‍ച്ചയായി 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നതാണ് ഉമ്രാന്‍റെ മികവ്. ഈ സീസണിലെ ഏറ്റവും വേഗതയാര്‍ന്ന പന്തിനുള്ള(157kph) റെക്കോര്‍ഡ് ഉമ്രാന്‍റെ പേരിലാണ്. എങ്കിലും താരം റണ്‍സ് വഴങ്ങുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അവസാന രണ്ട് മത്സരങ്ങളില്‍ വിക്കറ്റ് നേടാതെ 52, 48 റണ്‍സ് വീതം ഉമ്രാന്‍ വഴങ്ങി. എന്നാല്‍ അതിന് മുമ്പ് അഞ്ച് വിക്കറ്റ്, നാല് വിക്കറ്റ് നേട്ടങ്ങള്‍ മാലിക് പേരിലാക്കിയിരുന്നു.
ഉമ്രാന്‍ മാലിക്കിനെ പിന്തുണച്ച് ഹര്‍ഭജന്‍
'ഉമ്രാന്‍ മാലിക് എന്‍റെ ഫേവറൈറ്റ് താരമാണ്. അദേഹത്തെ ഇന്ത്യന്‍ ടീമില്‍ കാണാനാഗ്രഹിക്കുന്നു. എന്തൊരു ബൗളറാണ് ഉമ്രാന്‍. 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുകയും എന്നാല്‍ ഇന്ത്യന്‍ ടീമിലിടമില്ലാത്തതുമായ ബൗളറാണ് അദേഹം. ഉമ്രാനെ പോലൊരു ബൗളര്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. ഐപിഎല്ലിലെ ഉമ്രാന്‍റെ പ്രകടനം ഏറെ യുവതാരങ്ങള്‍ക്ക് പ്രചോദനമാകും. ഉമ്രാനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ, ഞാന്‍ സെലക്‌ഷന്‍ കമ്മിറ്റിയിലുണ്ടെങ്കില്‍ എന്തായാലും ഉമ്രാന്‍റെ പേര് നിര്‍ദേശിക്കും' എന്നുമായിരുന്നു ഹര്‍ഭജന്‍റെ വാക്കുകള്‍.
ടി20 ലോകകപ്പില്‍ ബുമ്രക്കൊപ്പം പന്തെറിയേണ്ട പേസറുടെ പേരുമായി ഹര്‍ഭജന്‍ സിംഗ്; ആളൊരു പുലിതന്നെ