IPL 2022 : ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ വിരാട് കോലി; നിര്‍ണായക സൂചന

By Jomit Jose  |  First Published May 20, 2022, 10:15 AM IST

ഐപിഎല്ലിന് ശേഷം വിരാട് കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാനും ഇംഗ്ലണ്ടിലെ ടെസ്റ്റില്‍ കളിക്കാനും സാധ്യതയുണ്ട്


മുംബൈ: വിരാട് കോലി(Virat Kohli) ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു. ഐപിഎല്ലിന്(IPL 2022) ശേഷം തീരുമാനമെടുക്കമെന്ന് കോലി സൂചിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ സെഞ്ചുറിവരൾച്ചയ്ക്ക് പിന്നാലെ ഐപിഎല്ലിൽ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ വിരാട് കോലി ഇടവേളയെടുക്കണമെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri) അഭിപ്രായപ്പെട്ടിരുന്നു. മുന്‍ കോച്ചിന്‍റെ നിര്‍ദേശം അനുസരിച്ച് നീങ്ങാനാണ് കോലി പദ്ധതിയിടുന്നത്. 

ശാസ്ത്രിയുടെ പ്രസ്‌താവന കേട്ടെന്നും ഇടവേളയെടുക്കുകയെന്ന നിര്‍ദേശം ആരോഗ്യകരമാണെന്നും വിരാട് കോലി പറഞ്ഞു. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീം മാനേജ്മെന്‍റുമായും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും ഇക്കാര്യം സംസാരിക്കുമെന്നും കോലി വ്യക്തമാക്കി. എന്നാൽ ഈ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പും ഏഷ്യ കപ്പും വിജയിക്കുകയാണ് ലക്ഷ്യമെന്ന കോലിയുടെ പ്രസ്താവന ദീര്‍ഘകാലത്തെ ഇടവേള ഉണ്ടാകില്ലെന്ന സൂചനയും നൽകുന്നുണ്ട്. 

Latest Videos

ഐപിഎല്ലിന് ശേഷം വിരാട് കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാനും ഇംഗ്ലണ്ടിലെ ടെസ്റ്റില്‍ കളിക്കാനും സാധ്യതയുണ്ട്. അതേസമയം ജീവിതത്തിലെഏറ്റവും സന്തോഷകരമായ മാനസിക നിലയിലാണെന്ന് പറഞ്ഞ കോലി സാങ്കേതികപിഴവുകൊണ്ടല്ല ബാറ്റിംഗിൽ തുടര്‍പരാജയങ്ങള്‍ സംഭവിച്ചതെന്നും പറഞ്ഞു. 2014ൽ ഇംഗ്ലണ്ടിൽ സമാനമായ നിലയിലാണ് പുറത്തായിരുന്നത്. എന്നാൽ ഇത്തവണ വ്യത്യസ്തമായ വിധത്തിലാണ് പുറത്താകുന്നതെന്നും കോലി അഭിപ്രായപ്പെട്ടു.

ഐപിഎല്ലില്‍ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മാച്ച് വിന്നിംഗ്‌ പ്രകടത്തോടെ വിരാട് കോലി ബാറ്റിംഗ് ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 73 റണ്‍സെടുത്ത കോലിയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ ഇന്നിംഗ്‌സോടെ ട്വന്‍റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കോലി 7000 റണ്‍സ് ക്ലബിലെത്തി. കുട്ടിക്രിക്കറ്റില്‍ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 7000 റൺസ് നേടുന്ന ആദ്യ താരമാണ് വിരാട് കോലി. 

വിരാട് കോലിയുടെ മികവില്‍ എട്ട് വിക്കറ്റിന്‍റെ ജയമാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആര്‍സിബി സ്വന്തമാക്കിയത്. 169 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂര്‍ കോലിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 54 പന്തില്‍ 73 റണ്‍സെടുത്ത കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി 38 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ഗ്ലെന്‍ മാക്സ്‌വെല്‍ 18 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ 47 പന്തില്‍ 62 റണ്‍സെടുത്ത നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. 

IPL 2022 : കിംഗ് ഈസ് ബാക്ക്; അതും തകര്‍പ്പന്‍ റെക്കോര്‍ഡോടെ, വിരാട് കോലി ആ നേട്ടത്തിലെത്തുന്ന ആദ്യ താരം

 

click me!