IPL 2022 : 'വോണ്‍ പുഞ്ചിരിക്കുന്നു, കാരണം രാജസ്ഥാന്‍ നന്നായി കളിച്ചു'; ഹൃദയം കീഴടക്കി ആര്‍സിബിയുടെ ട്വീറ്റ്

By Jomit Jose  |  First Published May 28, 2022, 3:20 PM IST

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ രാജസ്ഥാന്‍റെ മത്സരങ്ങള്‍ക്കെല്ലാം ഷെയ്‌ന്‍ വോണിന്‍റെ ചിത്രങ്ങളുമായാണ് ആരാധകര്‍ സ്റ്റേഡിയങ്ങളിലെത്തിയത്


അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിന്‍റെ(Rajasthan Royals) ഫൈനല്‍ പ്രവേശനം മുന്‍ നായകനും ഇതിഹാസ സ്‌പിന്നറുമായ ഷെയ്‌ന്‍ വോണിനുള്ള( Shane Warne) സമര്‍പ്പണം ആയാണ് ടീമും ആരാധകരും കാണുന്നത്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനോട് തോറ്റ് പുറത്തായെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും(Royal Challengers Bangalore) ഇതിഹാസ താരത്തെ ഓര്‍ക്കാന്‍ മറന്നില്ല. മത്സര ശേഷം ആര്‍സിബിയുടെ(RCB) ഒരു ട്വീറ്റ് ആരാധക ഹൃദയം കീഴടക്കി വൈറലായി.  

രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലെത്തിയപ്പോള്‍ വോണിനെ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ #ForWarnie എന്ന ഹാഷ്‌ടാഗില്‍ ട്രെന്‍ഡിംഗായിരുന്നു. ഇതിനൊപ്പം ആര്‍സിബിയുടെ ഒരു ട്വീറ്റും വലിയ ശ്രദ്ധയാകര്‍ഷിച്ചു. 'രാജസ്ഥാന്‍ റോയല്‍സ് നന്നായി കളിച്ചു. മഹാനായ ഷെയ്‌ന്‍ വോണ്‍ നിങ്ങളെ ഓര്‍ത്ത് പുഞ്ചിരിക്കുന്നു, ഫൈനലിന് എല്ലാ ആശംസകളും' എന്നായിരുന്നു തോല്‍വിക്കിടയിലും ആര്‍സിബിയുടെ ട്വീറ്റ്. ഈ ട്വീറ്റ് രാജസ്ഥാന്‍ ടീം റീ-ട്വീറ്റ് ചെയ്‌തു. 

The Great late Shane Warne is smiling on you. Well played tonight, and good luck for the final. 👍🏻

— Royal Challengers Bangalore (@RCBTweets)

Latest Videos

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ രാജസ്ഥാന്‍റെ മത്സരങ്ങള്‍ക്കെല്ലാം ഷെയ്‌ന്‍ വോണിന്‍റെ ചിത്രങ്ങളുമായാണ് ആരാധകര്‍ സ്റ്റേഡിയങ്ങളിലെത്തിയത്. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ തന്നെ ടീമിന് കിരീടം സമ്മാനിച്ച വോണിനുള്ള ശരിയായ ആദരമായി രാജസ്ഥാന്‍റെ ഫൈനല്‍ പ്രവേശം ഇതോടെ മാറുകയായിരുന്നു. 

വോണിനെ അനുസ്‌മരിച്ച് ബട്‌ലര്‍ 

'രാജസ്ഥാന്‍ റോയല്‍സിനെ ഏറെ സ്വാധീനിച്ചയാളാണ് ഷെയ്‌ന്‍ വോണ്‍. ആദ്യ സീസണില്‍ അദേഹം ടീമിനെ കിരീടത്തിലേക്ക് നയിച്ചു. വോണിനെ ഏറെ മിസ്സ് ചെയ്യുന്നുണ്ട്. ഏറെ അഭിമാനത്തോടെ വോണ്‍ ഉയരങ്ങളിലിരുന്ന് ഞങ്ങളെ ഇന്ന് നോക്കിക്കാണും' എന്നും രാജസ്ഥാനെ ഇക്കുറി ഫൈനലിലെത്തിച്ച ബാറ്റിംഗ് ഹീറോ ജോസ് ബട്‌ലര്‍ ആര്‍സിബിക്കെതിരായ ക്വാളിഫയറിന് ശേഷം വ്യക്തമാക്കിയിരുന്നു. ആര്‍സിബിയെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് രാജസ്ഥാന്‍ ഫൈനലിലെത്തിയപ്പോള്‍ ബട്‌ലര്‍ 60 പന്തില്‍ 10 ഫോറും 6 സിക്‌സുമടക്കം 106* റണ്ണോടെ പുറത്താകാതെ നിന്നു. ബൗളിംഗില്‍ പ്രസിദ്ധ് കൃഷ്‌ണയും ഒബെഡ് മക്കോയിയും മൂന്ന് വിക്കറ്റ് വീതവുമായും തിളങ്ങി. 

💗 pic.twitter.com/6HYqDX66Pm

— Rajasthan Royals (@rajasthanroyals)

അഹമ്മദാബാദിൽ നാളെയാണ് രാജസ്ഥാൻ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് കിരീടപ്പോരാട്ടം. വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനല്‍ കളിക്കുന്നത്. 

വോണ്‍ എന്ന ഇതിഹാസം

ഈ വര്‍ഷാദ്യം മാര്‍ച്ച് നാലിനാണ് ഷെയ്‌ന്‍ വോണ്‍ അന്തരിച്ചത്. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്‌ന്‍ വോണ്‍. പിന്നീട് ടീമിന്‍റെ ഉപദേശക സ്ഥാനവും വഹിച്ചു എക്കാലത്തെയും മികച്ച ലെഗ് സ്‌പിന്നര്‍. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടവും പേരിലാക്കി. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും പേരിലുണ്ട്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും വോണ്‍ നേടി.   

IPL 2022 : സുരക്ഷാ വീഴ്‌ച, ഹെഡ്‌ഫോൺ വിലക്ക്; സംഭവബഹുലം ഈ ക്വാളിഫയർ

click me!