IPL 2022 : പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഹൈദരാബാദ്; മുംബൈയെ മൂന്ന് റണ്‍സിന് മറികടന്നു

By Sajish A  |  First Published May 17, 2022, 11:30 PM IST

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് മകിച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ (48), ഇഷാന്‍ കിഷന്‍ (43) സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രോഹിത്തിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി.


മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ ജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യകള്‍ നിലനിര്‍ത്തി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഉമ്രാന്‍ മാലിക്കാണ് മുംബൈയെ തകര്‍ത്തത്. ജയത്തോടെ ഹൈദരാബാദിന് 13 മത്സരങ്ങളില്‍ 12 പോയിന്റായി. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമുള്ള മുംബൈ അവസാന സ്ഥാനത്ത് തുടരുന്നു. അവസാന മത്സരത്തില്‍ മുംബൈ, ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചാല്‍ മാത്രമെ ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യതുളളൂ.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് മകിച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ (48), ഇഷാന്‍ കിഷന്‍ (43) സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രോഹിത്തിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. അടുത്ത ഓവറില്‍ ഇഷാനെ ഉമ്രാന്‍ മാലിക്കും തിരിച്ചയച്ചു. പിന്നീടെത്തിയ ഡാനിയേല്‍ സാംസ് (15), തിലക് വര്‍മ (8), ട്രിസ്റ്റണ്‍ സ്റ്റുബ്‌സ് (2), രമണ്‍ദീപ് സിംഗ് (0), സഞ്ജയ് യാദവ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ടിം ഡേവിഡ് (18 പന്തില്‍ 46) പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. രമണ്‍ദീപ് സിംഗ് (14), ജസ്പ്രിത് ബുമ്ര (0)  പുറത്താവാതെ നിന്നു.

Latest Videos

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് രാഹുല്‍ ത്രിപാഠിയുടെ (44 പന്തില്‍ 76) ഇന്നിംഗ്‌സാണ് തുണയായത്. പ്രിയം ഗാര്‍ഗ് (26 പന്തില്‍ 42), നിക്കൊളാസ് പുരാന്‍ (22 പന്തില്‍ 38) മികച്ച പ്രകടനം പുറത്തെടുത്തു. രമണ്‍ദീപ് സിംഗ് മുംബൈക്കായി മൂന്ന് വിക്കറ്റ് നേടി. ഓപ്പണിംഗ് മാറ്റവുമായിട്ടാണ് ഹൈദരാബാദ് ഇന്നിറങ്ങിയത്. കെയ്ന്‍ വില്യംസണ് പകരം ഗാര്‍ഗ് ഓപ്പണറായി. അതിനുള്ള മാറ്റവും കണ്ടു. അഭിഷേക് ശര്‍മ (9) നേരത്തെ പുറത്തായെങ്കിലും ത്രിപാഠിക്ക് മികച്ച പിന്തുണ നല്‍കാന്‍ ഗാര്‍ഗിന് സാധിച്ചു. ഇരുവരും 78 റണ്‍സാണ് കൂട്ടിചേര്‍ത്തത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗാര്‍ഗിന്റെ ഇന്നിംഗ്‌സ്. 

പിന്നാലെയെത്തിയ പുരാനും ത്രിപാഠിക്ക് പിന്തുണ നല്‍കി. അതിവേഗം റണ്‍സ് കണ്ടെത്തിയ പുരാന്‍ ത്രിപാഠിക്കൊപ്പം 76 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പുരാനെ പുറത്താക്കി റിലെ മെരെഡിത്ത് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. തൊടട്ടടുത്ത ഓവരില്‍ ത്രിപാഠിയും മടങ്ങി. മൂന്ന് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു പുരാന്റെ ഇന്നിംഗ്‌സ്. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും (2) പുറത്തായി. വാഷിംഗ്ടണ്‍ സുന്ദറിനെ (9) ബുമ്ര ബൗള്‍ഡാക്കി. കെയ്ന്‍ വില്യംസണ്‍ (8) പുറത്താവാതെ നിന്നു.

നേരത്തെ, ഹൈദരാബാദ് രണ്ട് മാറ്റം വരുത്തി. പ്രിയം ഗാര്‍ഗ്, ഫസല്‍ ഫാറൂഖി എന്നിവര്‍ ടീമിലെത്തി. ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സന്‍ പുറത്തായി. മുംബൈയും രണ്ട് മാറ്റം വരുത്തി. മായങ്ക് മര്‍കണ്ഡെ, സഞ്ജയ് യാദവ് എന്നിവര്‍ ടീമിലെത്തി. ഹൃതിക് ഷൊകീന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവരാണ് വഴിമാറിയത്. 

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ടിം ഡേവിഡ്, തിലക് വര്‍മ, രമണ്‍ദീപ് സിംഗ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ടിം ഡേവിഡ്, സഞ്ജയ് യാദവ്, ഡാനിയേല്‍ സാംസ്, മായങ്ക് മര്‍കണ്ഡെ, ജസ്പ്രിത് ബുമ്ര, റിലി മെരെഡിത്ത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, പ്രിയം ഗാര്‍ഗ്, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഫസല്‍ഹഖ് ഫാരൂഖി, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍.

click me!