IPL 2022: പ്ലേ ഓഫ് പ്രതീക്ഷ നിലനിനിര്‍ത്താന്‍ ജീവന്‍മരണപ്പോരിന് ബാംഗ്ലൂരും ഹൈദരാബാദും

By Gopalakrishnan C  |  First Published May 8, 2022, 11:00 AM IST

ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനെ 100 പന്തുകള്‍ പോലും തികച്ച് കളിപ്പിക്കാതെ 68 റണ്‍സിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ബാംഗ്ലൂരിന് ഇത് അഭിമാനപ്പോരാട്ടമാണ്.


മുംബൈ: ഐപിഎല്ലില്‍(IPL 2022) പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും(Sunrisers Hyderabad vs Royal Challengers) ഇന്ന് നേര്‍ക്കുനേര്‍. ഉച്ച കഴിഞ്ഞ് 3.30ന് മുംബൈയിലാണ് മത്സരം.11 കളിയിൽ 12 പോയിന്‍റുള്ള ബാംഗ്ലൂരിനും 10 കളിയിൽ 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.

ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനെ 100 പന്തുകള്‍ പോലും തികച്ച് കളിപ്പിക്കാതെ 68 റണ്‍സിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ബാംഗ്ലൂരിന് ഇത് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്.

Latest Videos

മറുവശത്ത് രണ്ട് തോല്‍വികളോടെ സീസണ്‍ തുടങ്ങിയ ഹൈദരാബാദ് പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച് അത്ഭുതം കാട്ടി. എന്നാല്‍ അവസാനം കളിച്ച മൂന്ന് കളികളിലും ഹൈദരാബാദിന് തോല്‍വിയായിരുന്നു ഫലം. ഇന്ന് ജയിച്ചില്ലെങ്കില്‍ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങും. ഓപ്പണറായി എത്തുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ ഫോമാണ് ഹൈദരാബാദിന്‍റെ തലവേദനകളിലൊന്ന്. ഇതേ അവസ്ഥയിലാണ് ബാംഗ്ലൂരും.

ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി മികച്ച തുടക്കം നല്‍കുന്നുണ്ടെങ്കിലും മുന്‍ നായകന്‍ വിരാട് കോലിയുടെ മെല്ലെപ്പോക്ക് ടീമിനെ ബാധിക്കുന്നുണ്ട്. പേസര്‍മാര്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റണ്‍സേറെ വഴങ്ങിയതും ഹൈദരാബാദിന്‍റെ തലവേദനയാണ്. ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഉമ്രാന്‍ മാലിക്ക് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്തിയില്ലെന്ന് മാത്രമല്ല റണ്‍സേറെ വഴങ്ങുകയും ചെയ്തു.

മധ്യനിരയില്‍ ഏയ്ഡന്‍ മാര്‍ക്രം ഹൈദരാബാദിന് പ്രതീക്ഷ നല്‍കുമ്പോള്‍ ഗ്ലെന്‍ മാക്സ്‌വെല്‍ ഫോമിലാവുമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂര്‍. മുഹമ്മദ് സിറാജ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ജോഷ് ഹേസല്‍വുഡിന്‍റെയും വാനിനന്ദു ഹസരങ്കയുടെയും ബൗളിംഗും ബാംഗ്ലൂരിന്‍റെ പ്രതീക്ഷ കൂട്ടുന്നു.

click me!