ആമയം മുയലും ഓട്ടപ്പന്തയത്തില്‍ ഏര്‍പ്പെടുന്ന ചിത്രം പങ്കുവെച്ചാണ് ഗില്ല് കളിയാക്കിയവര്‍ക്ക് മറുപടി നല്‍കിയത്. ജയത്തോടെ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാവുകയും ചെയ്തു.
മുംബൈ: ഐപിഎല്ലില്‍(IPL 2022)ഗുജറാത്ത് ടൈറ്റന്‍സ്-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്(Lucknow Super Giants vs Gujarat Titans) പോരാട്ടത്തില്‍ ഗുജറാത്തിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ശുഭ്‌മാന്‍ ഗില്‍ ടോപ് സ്കോററായിരുന്നു. 49 പന്ത് നേരിട്ട ഗില്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നു. ഗില്ലിന്‍റെ ഇന്നിംഗ്സാണ് ഗുജറാത്തിനെ 20 ഓവറില്‍ 144 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലേക്ക് നയിച്ചത്.
എന്നാല്‍ ഗുജറാത്ത് ഇന്നിംഗ്സ് പൂര്‍ത്തിയാതിന് പിന്നാലെ 20 ഓവര്‍ ബാറ്റ് ചെയ്തിട്ടും 49 പന്തില്‍ 63 റണ്‍സ് മാത്രമെടുത്ത ഗില്ലിന്‍റെ മെല്ലെപ്പോക്കിനെക്കുറിച്ച് നിരവധി ട്രോളുകളാണ് ഇറങ്ങിയത്. എന്നാല്‍ ഗുജറാത്ത് ഉയര്‍ത്തിയ 145 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്നൗ വെറും 82 റണ്‍സിന് ഓള്‍ ഔട്ടായതോടെ ട്രോളിയവര്‍ക്കെല്ലാം രണ്ട് ഇമോജിയിലൂടെ ഗില്‍ മറുപടി നല്‍കി.
🐢/ 🐇… https://t.co/VOk1ROLV2S
— Shubman Gill (@ShubmanGill)
ആമയും മുയലും ഓട്ടപ്പന്തയത്തില്‍ ഏര്‍പ്പെടുന്ന ചിത്രം പങ്കുവെച്ചാണ് ഗില്‍ മറുപടി നല്‍കിയത്. പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന ഗുണപാഠമാണ് ഗില്‍ ഇമോജിയിലൂടെ കളിയാക്കിയവര്‍ക്ക് നല്‍കിയത്. സീസണില്‍ ഇതുവരെ 12 കളികളില്‍ 384 റണ്‍സ് നേടിയ ഗില്‍ റണ്‍വേട്ടയില്‍ നാലാം സ്ഥാനത്താണുളള്ളത്.
ലഖ്നൗവിനെിരായ ജയത്തോടെ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാവുകയും ചെയ്തു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 144 റണ്‍സെടുത്തത്. ഗില്ലിന് പുറമെ ഡേവിഡ് മില്ലറും(26), രാഹുല്‍ തെവാത്തിയയും(22) ആയിരുന്നു ഗുജറാത്തിന്‍റെ പ്രധാന സ്കോറര്‍മാര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിന് തുടക്കം മുതല്‍ അടിതെറ്റി. ദീപക് ഹൂഡയും(27), ക്വിന്‍റണ്‍ ഡീ കോക്കും(11) മാത്രമാണ് ലഖ്നൗ നിരയില്‍ രണ്ടക്കം കടന്നത്. ഗുജറാത്തിനായി റാഷിദ് ഖാന്‍ നാലും യാഷ് ദയാല്‍, സായ് കിഷോര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.