IPL 2022 : 'ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനം മാത്രം'; വികാരാധീനനായി രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍

By Sajish A  |  First Published May 30, 2022, 9:55 AM IST

ജോസ് ബട്‌ലറുടെ ബാറ്റിംഗ് കരുത്തിനെ അമിതമായി ആശ്രയിച്ചതാണ് തിരിച്ചടിയായത്. 863 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാമനായെങ്കിലും ബട്‌ലര്‍ വീണപ്പോഴൊക്കെ രാജസ്ഥാന്‍ കിതച്ചു.


അഹമ്മദാബാദ്: കപ്പിനരികെ വീണെങ്കിലും തലയുയര്‍ത്തിയാണ് റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ (Sanju Samson) മടങ്ങുന്നത്. ജോസ് ബട്‌ലറെ (Jos Buttler) അമിതമായി ആശ്രയിച്ചതാണ് രാജസ്ഥാന് തിരിച്ചടിയായത്. താരലേലത്തില്‍ ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു സാംസണ്‍ റോയലായി നയിച്ചു. വിജയങ്ങളില്‍ അമിതാവേശം കാണിക്കാതെയും തോല്‍വിയില്‍ നിരാശയിലേക്ക് വീഴാതെയും പക്വതയുള്ള നായകനായി. ഫൈനലില്‍ മങ്ങിയെങ്കിലും ബാറ്റിംഗും മോശമായിരുന്നില്ല, 17 കളിയില്‍ 458 റണ്‍സ്.

രാജസ്ഥാന്റേത് (Rajasthan Royals) സ്‌പെഷ്യല്‍ സീസണായിരുന്നുവെന്നാണ് സഞ്ജുവിന്റെ പക്ഷം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മത്സരശേഷം പറഞ്ഞതിങ്ങനെ... ''ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്‌പെഷ്യല്‍ സീസണായിരുന്നു ഇത്. കഴിഞ്ഞ രണ്ട്- മൂന്ന് സീസണുകളില്‍ ആരാധകര്‍ക്ക് നിരാശ മാത്രമാണ് ഞങ്ങള്‍ സമ്മാനിച്ചത്. ഇത്തവണ അവര്‍ക്ക് സന്തോഷിക്കാനുള്ള വക നല്‍കാനായി. എന്റെ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്. യുവാക്കളും സീനിയര്‍ താരങ്ങളും ഒരുപോലെ കളിക്കുന്ന സംഘമാണ് ഞങ്ങളുടേത്. എന്നാല്‍ ഫൈനല്‍ ദിവസം തിളങ്ങാനായില്ല.'' സഞ്ജു വ്യക്തമാക്കി.

Latest Videos

ജോസ് ബട്‌ലറുടെ ബാറ്റിംഗ് കരുത്തിനെ അമിതമായി ആശ്രയിച്ചതാണ് തിരിച്ചടിയായത്. 863 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാമനായെങ്കിലും ബട്‌ലര്‍ വീണപ്പോഴൊക്കെ രാജസ്ഥാന്‍ കിതച്ചു. യഷസ്വി ജയ്‌സ്വാളിലും ദേവ്ദത്ത് പടിക്കലിനും സ്ഥിരതയോടെ കളിക്കാനായില്ല. ടൂര്‍ണമെന്റിനിടെ നാട്ടിലേക്ക് പോയി തിരിച്ചെത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്ക് തുടക്കത്തിലെ താളംനഷ്ടമായി. 

അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ വിശ്വസ്ത സ്പിന്നര്‍മാരായ ആര്‍ അശ്വിനും യൂസ്‌വേന്ദ്ര ചഹലും പതിവ മികവിലേക്ക് ഉയരാതിരുന്നതും പ്രതിസന്ധിയായി. എങ്കിലും മുന്‍സീസണുകളെ അപേക്ഷിച്ച് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒട്ടേറെ നിമിഷങ്ങള്‍ നല്‍കാന്‍ സഞ്ജുവിനും സംഘത്തിനുമായി.

രാജസ്ഥാന്റെ തോല്‍വി മലയാളികളുടെ കൂടി ദുഖമാണ്. സഞ്ജു സാംസണ്‍ കിരീടമുയര്‍ത്തുന്നത് നേരില്‍ കാണാന്‍ നിരവധി മലയാളികളാണ് മൊട്ടേര സ്റ്റേഡിയത്തില്‍ കളികാണാനെത്തിയത്. മത്സരം ഒരുഘട്ടത്തിന് ശേഷം ഏകപക്ഷീയമായതോടെ അവസനാ പന്തുവരെ കാത്തിരുന്നില്ല ചിലര്‍. ഒരു മലയാളി നയിക്കുന്ന ഐപിഎല്‍ ടീം. അതും കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നു. രാജസ്ഥാനെ സ്വന്തം ടീമായി കണ്ടാണ് മലയാളി ആരാധകര്‍ മൊട്ടേരയിലേക്ക് എത്തിയത്.അവരുടെ ആ വലിയ സ്വപ്നം പക്ഷെ പൂവണിഞ്ഞില്ല.

click me!