റിവേഴ്‌സ് സ്വീപ്പ് സിക്‌സറിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ദേവ്‌ദത്ത് പടിക്കല്‍
മുംബൈ: റിവേഴ്‌സ് സ്വീപ്പും(Reverse Sweep) സ്വിച്ച് ഹിറ്റും(Switch hit) വഴി സിക്‌സര്‍ പായിക്കുന്നത് ക്രിക്കറ്റ് ലോകം പലകുറി കണ്ടിരിക്കുന്നു. ഇംഗ്ലീഷ് മുന്‍താരം കെവിന്‍ പീറ്റേഴ്‌സണും ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്‌സ്‌വെല്ലുമെല്ലാം ഇതിന്‍റെ ആശാന്‍മാരാണ്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അത്ര മെയ്‌വഴക്കമുള്ളതല്ല ഇടതുമാറി വലതുമാറിയുള്ള ഈ കലക്കനടികള്‍.
പക്ഷേ ഐപിഎല്ലില്‍(IPL 2022) റിവേഴ്‌സ് സ്വീപ്പ് സിക്‌സറിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ദേവ്‌ദത്ത് പടിക്കല്‍. ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിന് എതിരെയായിരുന്നു ഈ കലക്കന്‍ സിക്‌സ്. തേഡ്‌മാന് മുകളിലൂടെ പന്ത് അനായാസം ബൗണ്ടറിക്ക് അപ്പുറത്തേക്ക് കടന്നു. തൊട്ടടുത്ത പന്തില്‍ ലോംഗ് ഓണിന് മുകളിലൂടെ 89 മീറ്ററുള്ള മറ്റൊരു തകര്‍പ്പന്‍ സിക്‌സറും ദേവ്‌ദത്ത് പടിക്കല്‍ നേടി. അക്‌സറിന്‍റെ ഈ ഓവറില്‍ 14 റണ്‍സ് ദേവ്‌ദത്ത് പടിക്കലും ആര്‍ അശ്വിനും ചേര്‍ന്ന് നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു. 38 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 50 റണ്‍സെടുത്ത ആര്‍ അശ്വിന്‍റെ പ്രകടനമാണ് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം രാജസ്ഥാനെ കരകയറ്റിയത്. 38 പന്തില്‍ 48 റണ്‍സെടുത്ത ദേവ്‌ദത്ത് പടിക്കലിന്‍റെ പോരാട്ടവും തുണയായി. ബട്‌ലറും(7) സഞ്ജുവും(6) നിറംമങ്ങിയ മത്സരത്തില്‍ അശ്വിനെ മൂന്നാമനായി ക്രീസിലേക്ക് അയച്ച സഞ്ജുവിന്‍റെ തന്ത്രം വിജയിക്കുകയായിരുന്നു.
എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഓസീസ് കരുത്തില്‍ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ് ജയത്തിലെത്തി. രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് തകർത്ത് ഡൽഹി ആറാം ജയം സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാന്‍റെ 160 റൺസ് ഡൽഹി 11 പന്ത് ശേഷിക്കേ മറികടന്നു. മിച്ചല്‍ മാര്‍ഷ് 62 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സറും സഹിതം 89 ഉം ഡേവിഡ് വാര്‍ണര്‍ 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 52 ഉം റണ്‍സെടുത്തു. 4 പന്തില്‍ 13 റണ്‍സുമായി റിഷഭ് പന്തും പുറത്താകാതെ നിന്നു.
IPL 2022 : എന്തൊരു നില്‍പാണ് ചങ്ങാതി...അങ്ങനെ അശ്വിന്‍റെ സ്റ്റാന്‍സ് വൈറല്‍; അമ്പരന്ന് ആരാധകര്‍