ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 15-ാം മത്സരം കളിക്കാനാണ് സഞ്ജു സാംസണ്‍ തയ്യാറെടുക്കുന്നത്
മുംബൈ: ഐപിഎല്ലില്‍ (IPL 2022) പ്ലേ ഓഫ് ഉറപ്പിക്കാന്‍ സഞ്ജു സാംസണിന്‍റെ (Sanju Samson) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ഇന്നിറങ്ങുകയാണ്. സഞ്ജുവിന്‍റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സാണ് (Delhi Capitals) എതിരാളികള്‍. പോയിന്‍റ് പട്ടികയില്‍ മുന്‍തൂക്കമുള്ള രാജസ്ഥാന് വിജയപ്രതീക്ഷയുണ്ട്. ഡല്‍ഹിക്കെതിരെ സഞ്ജുവിന്‍റെ മുന്‍ റെക്കോര്‍ഡ് എങ്ങനെയെന്ന് പരിശോധിക്കാം.
15-ാം അങ്കത്തിന് സഞ്ജു
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 15-ാം മത്സരം കളിക്കാനാണ് സഞ്ജു സാംസണ്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ 14 മത്സരങ്ങളില്‍ 28 ശരാശരിയിലും 138.61 സ്‌ട്രൈക്ക് റേറ്റിലും 280 റണ്‍സാണ് സഞ്ജു നേടിയത്. കഴിഞ്ഞ സീസണില്‍ എട്ട് ഫോറും ഒരു സിക്‌സറും സഹിതം 53 പന്തില്‍ പുറത്താകാതെ നേടിയ 70 ആണ് ഉയര്‍ന്ന സ്‌കോര്‍. ആറ് ക്യാച്ചുകള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സഞ്ജുവിന്‍റെ പേരിലുണ്ട്.
രാത്രി ഏഴരയ്‌ക്ക് മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണെങ്കില്‍ 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാമതാണ്. സന്തുലിത ടീമാണെങ്കിലും ജോസ് ബട്‌ലറെ ആശ്രയിച്ചാണ് രാജസ്ഥാന്റെ മുന്നേറ്റം. നായകന്‍ സഞ്ജുവും ദേവ്ദത്ത് പടിക്കലും യഷസ്വി ജയ്‌സാളും റണ്‍സടിച്ചാല്‍ നാട്ടിലേക്ക് മടങ്ങിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ അഭാവം മറികടക്കാം. ബൗളിംഗില്‍ ആശങ്കയില്ല രാജസ്ഥാന്. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴത്തുന്ന ട്രെന്റ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും നിര്‍ണായകം. പിന്നാലെ അശ്വിന്റെയും ചഹലിന്റെയും സ്പിന്‍കരുത്തും എതിരാളികളെ കുരുക്കും. കുല്‍ദീപ് സെന്നിന്റെ അതിവേഗം കൂടിയാവുമ്പോള്‍ സഞ്ജുവിന്റെ ആവനാഴിയില്‍ വൈവിധ്യമേറെ.
ആദ്യ അങ്കത്തില്‍ ആളി സഞ്ജു
സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 15 റണ്‍സിന് ഡല്‍ഹിയെ തോല്‍പിച്ചിരുന്നു. ജോസ് ബട്‌ലര്‍ 65 പന്തില്‍ 116 റണ്‍സുമായി മത്സരത്തിലെ താരമായപ്പോള്‍ സഞ്ജു സാംസണ്‍ 19 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ പുറത്താകാതെ 46 റണ്‍സ് നേടി. ഐപിഎല്ലില്‍ ഇതുവരെ ഡല്‍ഹിയും രാജസ്ഥാനും 25 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രാജസ്ഥാന്‍ 13 കളിയിലും ഡല്‍ഹി 12 കളിയിലും ജയിച്ചു. രണ്ട് വിക്കറ്റിന് 222 റണ്‍സെടുത്തതാണ് രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍.