IPL 2022 : കോലിക്ക് ശേഷം ചരിത്രം കുറിക്കാന്‍ ഹിറ്റ്‌മാന്‍; ഇന്ന് കണ്ണുകള്‍ രോഹിത് ശര്‍മ്മയില്‍

By Web Team  |  First Published Apr 13, 2022, 11:10 AM IST

രാത്രി ഏഴരയ്ക്ക് പുനെയിലാണ് മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിംഗ്‌സ് മത്സരം


പുനെ: ഐപിഎല്ലിൽ (IPL 2022) ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഇന്നിറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം രോഹിത് ശര്‍മ്മ. ഫോമില്ലായ്‌മയില്‍ ബുദ്ധിമുട്ടുകയാണെങ്കിലും പഞ്ചാബ് കിംഗ്‌സിനെതിരെ ഇറങ്ങുമ്പോൾ മുംബൈ നായകൻ രോഹിത്തിനെ കാത്ത് ഒരു റെക്കോർഡുണ്ട്. 25 റൺസ് കൂടി നേടിയാൽ ട്വന്‍റി 20യിൽ 10,000 റൺസ് ക്ലബിലെത്താം ഹിറ്റ്‌മാന്. വിരാട് കോലിക്ക് ശേഷം നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാകും ഇതോടെ രോഹിത് ശർമ.

കഴിഞ്ഞ 12 ഇന്നിംഗ്‌സിലും രോഹിത്തിന് അർധ സെഞ്ചുറിയിലെത്താനായിട്ടില്ല. 2011ൽ മുംബൈയിലെത്തിയ ശേഷം രോഹിത്തിന്‍റെ രണ്ടാമത്തെ മോശം പ്രകടനമാണ് ഇത്. പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈയെ രോഹിത് ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കും എന്നാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ. 

Latest Videos

undefined

രാത്രി ഏഴരയ്ക്ക് പുനെയിലാണ് മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിംഗ്‌സ് മത്സരം. അഞ്ച് വട്ടം ചാമ്പ്യന്മാരെങ്കിലും പോയിന്‍റ് ടേബിളിൽ ഇത്തവണ അക്കൗണ്ട് തുറക്കാനായിട്ടില്ല മുംബൈക്ക്. വിജയവഴിയിൽ തിരിച്ചെത്താൻ പൊരുതുന്ന പഞ്ചാബിനും മത്സരം പ്രധാനമാണിന്ന്. 

തുടക്കം മോശമായ നിലയിൽ നിന്ന് കിരീടത്തിലേക്കെത്തിയ മുന്‍ ചരിത്രത്തിലാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഒരു തോൽവി കൂടി രോഹിത്തിനും സംഘത്തിനും താങ്ങാനാവില്ല. ബാറ്റിംഗിലും ബൗളിംഗിലും മുംബൈ നിരയിൽ സ്ഥിരതയില്ലായ്‌മ പ്രകടം. നായകൻ രോഹിത്തിന്‍റെ മോശം ഫോമാണ് ടീമിന്‍റെ പ്രധാന തലവേദന. ഇഷാൻ കിഷനും സൂര്യകുമാർ യാദവും ക്രീസിലുറച്ചാൽ വമ്പൻ സ്കോറിലെത്താം. മികവിലേക്കുയരുന്ന തിലക് വർമയിലും ഡെവാൾഡ് ബ്രൂയിസിലും പ്രതീക്ഷയേറെ. പഞ്ചാബിനെതിരെ മികച്ച റെക്കോർഡുള്ള കീറോണ്‍ പൊള്ളാർഡിനും കൂടുതൽ ഉത്തരവാദിത്തമുണ്ട്. ബൗളിങ്ങിൽ ജസ്പ്രീത് ബുമ്ര പഴയ ഫോമിന്‍റെ നിഴലിൽ മാത്രമെന്നത് തിരിച്ചടിയാവുന്നു. 

മറുവശത്ത് നാല് കളിയിൽ രണ്ട് ജയവുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ്. പവർ ഹിറ്റർമാരുടെ ഒരു നിരയുണ്ട് പഞ്ചാബിന്. ശിഖർ ധവാനും മായങ്ക് അഗർവാളും മികച്ച തുടക്കം നൽകിയാൽ പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാകും. ബെയ്ർസ്റ്റോ വന്നതോടെ ബാറ്റിംഗിന് കരുത്ത് കൂടി. ലിയാം ലിവിങ്സ്റ്റൻ, ഷാരൂഖ് ഖാൻ, ജിതേഷ് ശർമ, ഒഡീൻ സ്‌മിത്ത് എന്നിങ്ങനെ വാലറ്റം വരെ പ്രതീക്ഷയേറെ. ബൗളിംഗ് നിരയിൽ കാര്യമായ വെല്ലുവിളിയില്ല. ടോസ് മത്സരത്തിൽ നിർണായകമാകും. 

IPL 2022 : അമ്പട റായുഡു! കോരിത്തരിപ്പിച്ച് അമ്പാട്ടി റായുഡുവിന്‍റെ ഒറ്റകൈയന്‍ വണ്ടര്‍ ക്യാച്ച്- വീഡിയോ
 


 

click me!