IPL 2022: അവനിപ്പോഴും കുട്ടിക്കളിയാണ്, കളിക്കാരെ തിരിച്ചുവിളിച്ച പന്തിന്‍റെ പെരുമാറ്റത്തെക്കുറിച്ച് അക്തര്‍

By Gopalakrishnan C  |  First Published May 12, 2022, 6:34 PM IST

അത് നോ ബോളായിരുന്നു എന്ന കാര്യത്തില്‍ ഞാനും യോജിക്കുന്നു. പക്ഷെ അമ്പയര്‍ ഒരു തീരുമാനം എടുത്താല്‍ പ്രതിഷേധം അവസാനിപ്പിച്ച് അത് ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അല്ലാതെ ഇതുപോലെ കളിക്കാരെ തിരിച്ചുവിളിക്കുകയല്ല.


മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ ഹൈ ഫുള്‍ടോസ് ഫീല്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിക്കാത്തതിനെച്ചൊല്ലി ബാറ്റര്‍മാരെ തിരിച്ചുവിളിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന്‍റെ(Rishabh Pant) നടപടിയെ വിമര്‍ശിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. കളിക്കുന്ന കാലത്ത് അമ്പയര്‍മാരുടെ തീരുമാനങ്ങളില്‍ വിയോജിപ്പുകള്‍ പലതും ഉണ്ടായിട്ടുണ്ടെങ്കിലും ബഹുമാനത്തോടെ അത് സ്വീകരിക്കുകയല്ലാതെ താനൊന്നും പ്രതിഷേധിക്കാന്‍ നിന്നിട്ടില്ലെന്ന് അക്തര്‍ സ്പോര്‍ട്സ് കീഡയോട് പറഞ്ഞു.

കളിക്കുന്ന കാലത്ത് എനിക്കും അമ്പയറുടെ തീരുമാനങ്ങളില്‍ വിയോജിപ്പുണ്ടായിട്ടുണ്ട്. പക്ഷെ അന്നൊന്നും ഒരിക്കലും അവരോടോ ഒഫീഷ്യല്‍സിനോടോ ഞാന്‍ മോശമായി പെരുമാറിയിട്ടില്ല. ഞാനിത് പറയാന്‍ കാരണം, ചില സാഹചര്യങ്ങളില്‍ നമ്മുടെ മനസ് കുറച്ചുകൂടി വലുതാവണം. പക്ഷെ റിഷഭ് പന്തിന്‍റെ കാര്യത്തില്‍ അവന്‍ ഇപ്പോഴും കുട്ടിയാണ്. യുവാവാണ്. അവനോട് എനിക്ക് പറയാനുള്ളത്, ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ മാന്യത കാട്ടണമെന്നാണ്.

Latest Videos

ബൗളര്‍മാരെ നോക്കേണ്ടതില്ല, അയാളെ പോലെ ബാറ്റ് ചെയ്യൂ; റിഷഭ് പന്തിനോട് രവി ശാസ്‌ത്രി

കാരണം, രാജസ്ഥാനെതിരായ മത്സരത്തിനിടെ നോ ബോള്‍ വിളിക്കാത്തിന് കളിക്കാരെ തിരിച്ചുവിളിച്ച റിഷഭ് പന്തിന്‍റെ നടപടി കുട്ടികള്‍ക്കുപോലും പറ്റാത്ത തെറ്റാണ്. അവനൊരു കുട്ടിയാണ് ഇപ്പോഴും, അവനിപ്പോള്‍ ക്യാപ്റ്റനായതല്ലേയുള്ളു. അവന്‍ പ്രതിഭാധനനാണെന്നും അവന്‍റെ മുന്നില്‍ വലിയൊരു കരിയറുണ്ടെന്നതിലും സംശയമില്ല. അന്നത്തെ സംഭവത്തില്‍ ഷെയ്ന്‍ വാട്സണാണ് അവനെ ശരിക്കും വിവാദത്തില്‍ നിന്ന് രക്ഷിച്ചത്.

അത് നോ ബോളായിരുന്നു എന്ന കാര്യത്തില്‍ ഞാനും യോജിക്കുന്നു. പക്ഷെ അമ്പയര്‍ ഒരു തീരുമാനം എടുത്താല്‍ പ്രതിഷേധം അവസാനിപ്പിച്ച് അത് ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അല്ലാതെ ഇതുപോലെ കളിക്കാരെ തിരിച്ചുവിളിക്കുകയല്ല.

സഞ്ജുവും സംഘവും ഒന്നു കരുതിയിരുന്നോ! വലിയ മുന്നറിയിപ്പ് നല്‍കി റിഷഭ് പന്ത്

2005ല്‍ ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ടീം കളിക്കളത്തിലിറങ്ങാതെ പ്രതിഷേധിച്ച സംഭവം ഉണ്ടായിരുന്നു. പാക് ടീം പന്തിന്‍ കൃത്രിമം കാണിച്ചുവെന്ന് പറഞ്ഞ് അമ്പയര്‍ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ് അനുവദിച്ചതിലും അത് അറിയിക്കാത്തതിലും പ്രതിഷേധിച്ചാണ് പാക് നായകനായിരുന്ന ഇന്‍സമാം ഉള്‍ ഹഖ് ടീമുമായി ഗ്രൗണ്ട് വിട്ടത്. അന്ന് ഇന്‍സമാമിന്‍റെ ആ തീരുമാനത്തില്‍ ഞാന്‍ അസംതൃപ്തനായിരുന്നു. കാരണം, അതായിരുന്നില്ല പ്രതിഷേദിക്കാനുള്ള മാര്‍ഗം. കാരണം, അത് കളിയുടെ മാന്യതക്ക് നിരക്കാത്തതാണ്. കളി പൂര്‍ത്തിയാക്കുകയായിരുന്നു വേണ്ടിയിരുന്നത്, അടിയറവ് വെക്കുകയല്ല-അക്തര്‍ പറഞ്ഞു.

click me!